നമ്മുടെ റെയില്‍വേ അധികൃതര്‍ കേരളത്തോട് പൊതുവേയും ഉത്തരകേരളത്തോട് പ്രത്യേകിച്ചും പുലര്‍ത്തുന്ന അനാസ്ഥയും അവഗണനയും ഇനിയും നമ്മുടെ രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും സജീവശ്രദ്ധയാകര്ഷിച്ചില്ലെന്നത് ഖേദകരമാണ്. കഴിഞ്ഞ കുറച്ചു കാലമായി നാം അത് നേരില്‍ അനുഭവിച്ചു വരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്ത്യോദയ എക്സ്പ്രസ് ആരംഭിച്ചപ്പോള്‍ കണ്ണൂര്‍ വിട്ടാല്‍ നേരെ മംഗലാപുരത്തേക്ക് ഒരോട്ടമായിരുന്നു. ജില്ലാ ആസ്ഥാനമായ കാസര്‍കോട് അവരുടെ കണ്ണില്‍ പെട്ടതേയില്ല. ഒടുവില്‍ കാസര്‍കോട് എം.എല്‍.എ ഇടപെട്ട് അപായച്ചങ്ങല വലിക്കേണ്ടി വന്നു അധികൃതര്‍ കണ്ണ് തുറക്കാന്‍.
രാജധാനി എക്സ്പ്രസും ആരംഭിച്ചു ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം എന്തോ വലിയൊരു ഔദാര്യമെന്ന പോലെയാണ് 2019 ഫെബ്രുവരി മുതല്‍ കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിച്ചത്. ശേഷം വന്ദേഭാരത് തുടങ്ങാന്‍ തീരുമാനിച്ച ആദ്യ ഘട്ടത്തില്‍ കണ്ണൂരില്‍ ഓട്ടം അവസാനിപ്പിക്കാനായിരുന്നു പദ്ധതി. പിന്നീട് പലരുടേയും ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ആരംഭം മുതല്‍ തന്നെ വന്ദേഭാരതിനെ വന്ദിക്കാന്‍ കാസര്‍കോടുകാര്‍ക്ക് ‘സൗഭാഗ്യം’ ലഭിച്ചത്.
ഇപ്പോള്‍ ഒരു ഗൗരവമുള്ള വിഷയം, കുറച്ചു കാലമായി ഉത്തരദേശത്തുകാര്‍ കോഴിക്കോട്ടേക്ക് വല്ല ആവശ്യത്തിനും യാത്ര പോകാന്‍ തീരുമാനിച്ചാല്‍ വൈകുന്നേരം 5.10ന് മുമ്പായി ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കി വടക്കോട്ട് വണ്ടി കയറണം. അല്ലെങ്കില്‍ അവിടെ തങ്ങാന്‍ വേണ്ട ഒരുക്കങ്ങളുമായി പുറപ്പെടണം. കാരണം കോഴിക്കോട് നിന്ന് 5.10ന് ശേഷം വടക്കോട്ട് വണ്ടിയില്ല. അല്ലെങ്കില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം 6.30നുള്ള ചില സൂപ്പര്‍ ഫാസ്റ്റുകള്ക്കൊപ്പിച്ച് യാത്ര ക്രമീകരിക്കണം.
ഇവിടെ മറ്റൊരു കാര്യം കൂടി ശ്രദ്ധേയമാണ്. തെക്ക് നിന്ന് അഞ്ച് വണ്ടികള്‍ കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്നു. കണ്ണൂര്‍ ഒരു ജംഗ്ഷനോ സംസ്ഥാനത്തിന്റെ അവസാന അറ്റമോ അല്ല. പിന്നെ അവിടെ വെച്ച് യാത്ര അവസാനിപ്പിക്കുന്നതിന്റെ പിന്നിലെ യുക്തിയെന്താണ്? കാസര്കോട്ടുകാരോടുള്ള ചിറ്റമ്മ നയം മാത്രമാണോ? അതോ കാസര്‍കോട്ടുകാര്‍ ഈ സൗകര്യമൊന്നും അര്‍ഹിക്കുന്നില്ലെന്ന പക്ഷപാത ചിന്തയാണോ?
അല്ലെങ്കിലും പല സൗകര്യങ്ങളുടെയും കാര്യങ്ങള്‍ വരുമ്പോള്‍ ‘കാസര്‍കോട്ടുകാര്‍ക്ക് അത്രമതി’ എന്ന വികൃത മനോഭാവം പലരെയും ഭരിക്കുന്നുണ്ടെന്ന വസ്തുത മറച്ചു പിടിച്ചിട്ട് കാര്യമില്ല. അതില്‍ കേന്ദ്രാധികൃതരും കേരളാധികൃതരും തമ്മില്‍ വലിയ അന്തരമില്ലെന്നതാണ് വലിയ തൊന്തരം. ഏതായാലും കോഴിക്കോട് നിന്ന് വൈകുന്നേരം അഞ്ച് മണിക്ക് ശേഷവും കാസര്‍കോട് ഭാഗത്തേക്ക് തീവണ്ടിയാത്ര നടത്താന്‍ പറ്റിയ സാഹചര്യം ഉണ്ടായിക്കിട്ടാന്‍ അധികൃതര്‍ കനിയണം. അത് വഴി അവര്‍ക്ക് നഷ്ടമൊന്നും വരില്ലെന്നുറപ്പാണ്. മറിച്ച് പലര്‍ക്കും തിരിച്ച് വരവിന്റെ കാര്യം ഓര്‍ത്ത് തെക്കോട്ടുള്ള യാത്ര മാറ്റി വയ്ക്കുന്നതിന് ഒരു അറുതിയാവുകയും ചെയ്യും. നമ്മുടെ നേതാക്കളും ജനപ്രതിനിധികളും ഇക്കാര്യത്തില്‍ സദയം ഒന്ന് മനസ്സ് വയ്ക്കണം.
2024ല്‍ വോട്ട് ചെയ്യേണ്ട അനേകം വോട്ടര്‍മാര്‍ക്ക് വേണ്ടിയുള്ള ഒരു വോട്ടറുടെ അഭ്യര്ത്ഥനയായെങ്കിലും ഇതിനെ പരിഗണിക്കണം.
-സ്വിദ്ദീഖ് നദ്വി ചേരൂര്‍