'തെരുവത്ത് മെമ്മോയിര്‍സ്' ചരിത്രമാണെന്ന് എം എ യൂസഫലി; ആത്മസുഹൃത്തിനെ കാണാന്‍ കാസര്‍കോട്ടെത്തി

കണ്ണൂര്‍ വിമാനത്താവള അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗവും തെരുവത്ത് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ അബ്ദുല്‍ ഖാദര്‍ തെരുവത്തുമായുള്ള 43 വര്‍ഷത്തെ ആത്മബന്ധം ഒന്നുകൂടി ഉറപ്പിക്കാനും അദ്ദേഹത്തിന്റെ തെരുവത്ത് മെമ്മോയിര്‍സ് എന്ന അപൂര്‍വ ശേഖരം കാണാനുമായിരുന്നു അദ്ദേഹം എത്തിയത്

കാസര്‍കോട്: ലുലു ഗ്രൂപ്പ് ചെയര്‍മാനും എം.ഡിയുമായ എം.എ യൂസഫലി ശനിയാഴ്ച കാസര്‍കോട്ട് എത്തിയതിന് പ്രത്യേകത ഏറെയായിരുന്നു. കണ്ണൂര്‍ വിമാനത്താവള അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗവും തെരുവത്ത് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ അബ്ദുല്‍ ഖാദര്‍ തെരുവത്തുമായുള്ള 43 വര്‍ഷത്തെ ആത്മബന്ധം ഒന്നുകൂടി ഉറപ്പിക്കാനും അദ്ദേഹത്തിന്റെ തെരുവത്ത് മെമ്മോയിര്‍സ് എന്ന അപൂര്‍വ ശേഖരം കാണാനുമായിരുന്നു അദ്ദേഹം എത്തിയത് . ഉച്ചയ്ക്ക് 12.15ന് ഹെലികോപ്റ്ററില്‍ ഖാദര്‍ തെരുവത്തിന്റെ വിദ്യാനഗറിലെ വീട്ടിലെത്തിയ എം.എ യൂസഫലി, അപൂര്‍വ ശേഖരങ്ങളെല്ലാം കണ്ടു. തെരുവത്ത് ഹെറിറ്റേജ് എന്ന വീടിനോട് ചേര്‍ന്ന് ഒരുക്കിയ തെരുവത്ത് മെമ്മോയിര്‍സില്‍ ലോകത്തെ പ്രശസ്തരായ ഭരണാധികാരികള്‍, ക്രിക്കറ്റ് ടെന്നീസ് താരങ്ങള്‍, സിനിമാ താരങ്ങള്‍, വ്യവസായികള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവരുമായുള്ള ഖാദര്‍ തെരുവത്തിന്റെ ആത്മബന്ധത്തിന്റെ അവശേഷിപ്പുകളാണ് ഒരുക്കിയിരിക്കുന്നത്. ഇവര്‍ക്കൊപ്പമുള്ള അപൂര്‍വ നിമിഷങ്ങളുടെ ചിത്രങ്ങളും കൈമാറിയ സമ്മാനങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും എം.എ യൂസഫലി നോക്കിക്കണ്ടു.

തെരുവത്ത് മെമ്മോയിര്‍സ് ചരിത്രമാണെന്നും ഏത് ചരിത്രകാരനോ ചരിത്രവിദ്യാര്‍ത്ഥിയോ വന്നാല്‍ കാണാനും പകര്‍ത്താനും ചിന്തിക്കാനും ഇവിടെ ഏറെയുണ്ടെന്നും വിലമതിക്കാനാവാത്തവയാണ് ഓരോന്നുമെന്ന് എം.എ യൂസഫലി പറഞ്ഞു. എല്ലാം കണ്ടുകഴിഞ്ഞ് ഖാദര്‍ തെരുവത്തുമായുള്ള ആത്മബന്ധത്തെ കുറിച്ച് ഓര്‍ത്തെടുക്കാനും അദ്ദേഹം മറന്നില്ല. ജീവിതത്തിലെ എല്ലാ ഘട്ടത്തിലും കൂടെ നിന്ന ഏറ്റവും അടുത്ത സുഹൃത്താണ് ഖാദര്‍ തെരുവത്ത് എന്നും അദ്ദേഹം പറഞ്ഞു.


തെരുവത്ത് മെമ്മോയിര്‍സിലെത്തിയ മുസ്ലീം ലീഗ് നേതാവും മുന്‍മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി, മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, ഇ. ചന്ദ്രശേഖരന്‍, സി.എച്ച്. കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി, അഡീഷണല്‍ എസ്.പി ബാലകൃഷ്ണൻ നായര്‍, ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാര്‍, വിജിലന്‍സ് ഡി.വൈ.എസ്.പി സിബി തോമസ്, വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ് യ തളങ്കര, റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ എ.പി ഷംസുദ്ദീന്‍, കുനിൽ ഗ്രൂപ്പ് ചെയര്‍മാന്‍ ഫക്രുദ്ദീന്‍ കുനിൽ, ഫിസ ഗ്രൂപ്പ് ചെയര്‍മാന്‍ ബി.എം ഫറൂഖ് തുടങ്ങിയവരുമായി സമയം ചിലവഴിച്ച എം.എ യൂസഫലി മൂന്ന് മണിയോടെയാണ് മടങ്ങിയത്.



Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it