പ്രതിസന്ധികളെ മറികടക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു പുസ്തകം

വിശുദ്ധ ഖുര്‍ആനില്‍ നിന്നുള്ള ഒരു സൂക്തം ഇങ്ങനെയാണ്-'സ്വയം മാറാത്തിടത്തോളം ഒരു സമൂഹത്തെയും പ്രപഞ്ച സൃഷ്ടാവ് മാറ്റുകയില്ല'എന്ന്. കാസര്‍കോട്ട് ഈയിടെ പുറത്തിറങ്ങിയ 'തലവര മാറ്റാം' എന്ന പുസ്തകവും ഇത് തന്നെ ആവര്‍ത്തിക്കുകയാണ്. പി.സി ഷാഫി മാസ്റ്ററുടേതാണ് പുസ്തകം. സമ്മര്‍ദ്ദം, പിരിമുറുക്കം, ദേഷ്യം, പേടി, അലസത, മറവി, നിരാശ, ഒറ്റപ്പെടല്‍, അപകര്‍ഷത, കച്ചവടത്തിലും ജീവിതത്തിലും പരാജയം എല്ലാം മാറ്റിയെടുത്ത് ജീവിതം എങ്ങനെ മധുരോദരമാക്കാം എന്നാണ് ഈ പുസ്തകത്തില്‍ വിവരിക്കുന്നത്. നിങ്ങളുടെ അപാരശക്തി നിങ്ങളുടെ ഉള്ളില്‍ തന്നെയുണ്ടെന്നും നിങ്ങള്‍ പറയുന്നതും പഠിപ്പിക്കുന്നതുമായ എല്ലാ കാര്യങ്ങളും നിങ്ങള്‍ക്ക് ആവശ്യമായ സമയങ്ങളില്‍ നിങ്ങളുടെ അനുവാദത്തിന് കാത്തുനില്‍ക്കാതെ തന്നെ ഉള്ളിലത് റെക്കോര്‍ഡ് ചെയ്തുവെക്കപ്പെടുന്നു എന്നും നിങ്ങളുടെ ഉള്ളില്‍ ആ ശക്തിയെ നിങ്ങള്‍ക്കെതിരെ ഉപയോഗിക്കാന്‍ മറ്റുള്ളവര്‍ക്ക് അപാര കഴിവുണ്ടെന്നുമാണ് 19 അധ്യായങ്ങള്‍ അടങ്ങുന്ന, നൂറ് പേജുള്ള പുസ്തകം നമ്മോട് വിളിച്ചുപറയുന്നത്.

പി.സി ഷാഫിയുടെ രണ്ടാമത്തെ പുസ്തകമാണിത്. മന:ശാസ്ത്രത്തെ പ്രതിപാദിക്കുന്നതും നമുക്ക് ഉത്തേജനം നല്‍കുന്നതുമായ പല പുസ്തകങ്ങളും നിലവില്‍ ലഭ്യമാണെന്നിരിക്കെ തലവര മാറ്റാം എന്ന ഈ കൊച്ചു പുസ്തകം ലളിതമായ ഉദാഹരണങ്ങളും കഥകളും ചേര്‍ത്താണ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വായനക്കാരുടെ മനസ്സില്‍ ആശയങ്ങള്‍ ഓര്‍ത്തുവെക്കാനും പോസിറ്റീവ് ആയി ചിന്തിക്കാനും ശക്തമായ പ്രേരണ നല്‍കുന്നു.

അവതാരിക ഡോ. സി.കെ അനില്‍കുമാറിന്റേതാണ്. ആത്മവിശ്വാസം ഇല്ലാത്തതിന്റെ പേരില്‍ അവസരങ്ങളെ തടയുന്നവര്‍ക്കും ആത്മവിശ്വാസം ഉണ്ടായിട്ടും അവസരങ്ങളെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാത്തവര്‍ക്കും തോറ്റുപോകുമെന്ന് ഭയമുള്ള വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും തലവര മാറ്റാന്‍ പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറയുന്നു.

നമ്മള്‍ അന്വേഷിക്കുന്നതെന്തോ അത് നമ്മളെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ചിലപ്പോള്‍ നമ്മള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വഴികളിലൊന്നും നമുക്കതിനെ കണ്ടെത്താന്‍ കഴിയില്ലെങ്കിലും പൊടുന്നനെ ഒരുനാള്‍ നമ്മുടെ പിന്നാലെ വന്ന് അത് നമ്മെ ആലിംഗനം ചെയ്യുമെന്നും ഒരധ്യായം വിവരിക്കുന്നുണ്ട്.

റേഡിയോ ട്യൂണ്‍ ചെയ്യുമ്പോള്‍ ചില സ്ഥാനങ്ങളില്‍ അപശബ്ദങ്ങള്‍ കേള്‍ക്കും. അല്‍പം കൂടി മാറ്റം വരുത്തിയാല്‍ മനോഹരമായ ഗാനങ്ങള്‍ കേള്‍ക്കാം. ജീവിതവും ഇതുപോലെയാണ്. ചെറിയ ചെറിയ മാറ്റങ്ങള്‍ മതിയാവും ജീവിതത്തെ സംഗീതാത്മകമാക്കാന്‍.

അത്തരം ചെറിയ മാറ്റങ്ങള്‍ ജീവിതത്തില്‍ അത്യുജ്ജ്വല നേട്ടങ്ങള്‍ സമ്മാനിക്കാന്‍ കഴിയുന്നതായിരിക്കും. കാലിനടിയിലുള്ളത് കാണാന്‍ അല്‍പം മാറി നില്‍ക്കണമെന്നും പിറകിലുള്ളതറിയാന്‍ അല്‍പം തിരിഞ്ഞുനോക്കണമെന്നും പുസ്തകം വായനക്കാരെ ഉണര്‍ത്തുന്നു. ജീവിതയാത്രയില്‍ പിറകോട്ട് വലിക്കുന്ന എണ്‍പത് ശതമാനം ശക്തികളെ തിരിച്ചറിഞ്ഞാല്‍, ആ ശക്തികളെ ഇല്ലാതാക്കാനും മറികടക്കാനുമുള്ള ഉപായങ്ങള്‍ അറിഞ്ഞുതുടങ്ങിയാല്‍ പിന്നെ മുന്നോട്ടുള്ള ജൈത്രയാത്രയ്ക്ക് ഇരുപത് ശതമാനം ഊര്‍ജം മതിയെന്നും പുസ്തകം നമ്മെ പഠിപ്പിക്കുന്നുണ്ട്.

Related Articles
Next Story
Share it