'ഡീയസ് ഈറേ'; പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന രാഹുല്‍ സദാശിവന്റെ ഹൊറര്‍ ചിത്രത്തിന് പേരിട്ടു

ഭൂതകാലം, ഭ്രമയുഗം എന്നീ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക പ്രീതി നേടിയ സംവിധായകനാണ് രാഹുല്‍ സദാശിവന്‍.

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രത്തിന് പേരിട്ടു. 'ഡീയസ് ഈറേ' (Dies Irae) എന്ന വിചിത്രമായ പേരാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. മരിച്ചവര്‍ക്കുവേണ്ടി പാടുന്ന ഒരു ലാറ്റിന്‍ ഗീതമാണ് ഇത്. ഭൂതകാലം, ഭ്രമയുഗം എന്നീ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക പ്രീതി നേടിയ സംവിധായകനാണ് രാഹുല്‍ സദാശിവന്‍.

ഏപ്രില്‍ അവസാനം ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന് ഇപ്പോഴാണ് പേര് പ്രഖ്യാപിച്ചത്. ഹൊറര്‍ ത്രില്ലര്‍ എന്ന വിഭാഗത്തിന്റെ സാദ്ധ്യതകള്‍ കൂടുതല്‍ ഉപയോഗിക്കുന്നതും പ്രണവ് മോഹന്‍ലാല്‍ എന്ന നടന്റെ കഴിവിനെ ഇതുവരെ കാണാത്ത രീതിയില്‍ അവതരിപ്പിക്കുന്നതുമായിരിക്കും പുതിയ ചിത്രമെന്ന് നിര്‍മാതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഭ്രമയുഗം നിര്‍മ്മാതാക്കളായ നൈറ്റ് ഷിഫ് റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ മാത്രം നിര്‍മ്മിക്കുന്നതിനായി രൂപം കൊണ്ട ബാനറാണ് നൈറ്റ് ഷിഫ് റ്റ് സ്റ്റുഡിയോസ്. അവരുടെ രണ്ടാം ചിത്രം കൂടിയാണിത്.

ഭ്രമയുഗം സംവിധായകന്റെ ഹൊറര്‍ ഫ്രെയ് മില്‍ പ്രണവ് മോഹന്‍ലാല്‍ വരുന്നു എന്നതാണ് ചിത്രത്തിന്റെ യു.എസ്.പി. പ്രണവ് അഭിനയിക്കുന്ന ആദ്യ ഹൊറര്‍ ചിത്രമാണിത്. 35 ദിവസം എടുത്താണ് രാഹുല്‍ സദാശിവന്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മാര്‍ച്ച് 24 നാണ് പ്രണവിനെ നായകനാക്കി സിനിമ ഒരുക്കുന്ന വിവരം സംവിധായകന്‍ പ്രഖ്യാപിച്ചത്.

'വര്‍ഷങ്ങള്‍ക്കുശേഷം' ആണ് പ്രണവ് മോഹന്‍ലാലിന്റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററില്‍ എത്തിയ ചിത്രം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. എമ്പുരാനില്‍ കാമിയോ റോളിലും പ്രണവ് അഭിനയിച്ചിരുന്നു.

2025 ന്റെ അവസാന പാദത്തില്‍ ചിത്രം തിയറ്ററുകളിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. ഷെഹ്നാദ് ജലാല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ഷഫീക് മുഹമ്മദ് അലി ആണ്. ജ്യോതിഷ് ശങ്കര്‍ ആണ് സിനിമയുടെ ആര്‍ട്ട് വര്‍ക്കുകള്‍ ഒരുക്കുന്നത്. ക്രിസ്റ്റോ സേവിയര്‍ ആണ് സിനിമയുടെ സംഗീതം സംവിധാനം. പിആര്‍ഒ ശബരി.

Related Articles
Next Story
Share it