സൈഫുദ്ദീനും ഹനീഫിനും പിന്നാലെ അഹമ്മദും യാത്രയായി

നവംബര്‍ 26ന് അന്തരിച്ച പ്രിയ സ്‌നേഹിതന്‍ ഷാഫി കൈന്താറിന്റെ ഓര്‍മ്മകള്‍ ഇതേ കോളത്തില്‍ ഞാന്‍ പങ്കുവെച്ചിരുന്നു. ഒരു മാസം പിന്നിടുമ്പോള്‍ അടുത്തടുത്ത ദിവസങ്ങളിലായി അടുത്തിടപഴകിയ മൂന്ന് പേരാണ് കാലയവനികക്കുള്ളിലേക്ക് മറഞ്ഞുപോയത്. ഡിസംബര്‍ 23ന് രാത്രി ഭാര്യാ സഹോദരന്‍ കൂടിയായ പട്‌ളയിലെ സൈഫുദ്ദീന്‍ മരണമടഞ്ഞ വാര്‍ത്തയാണ് ബംഗളൂരുവില്‍ നിന്നുമെത്തിയത്.കുടുംബബന്ധങ്ങള്‍ക്കും സൗഹൃദങ്ങള്‍ക്കും ഏറെ വില കല്‍പ്പിച്ച സൈഫു കുടുംബത്തില്‍ മാത്രമല്ല പ്രിയങ്കരനായിരുന്നത് എന്ന് തിരിച്ചറിയുന്നത്. ജനാസ കാണാനും നമസ്‌കാരത്തിനുമായി വന്നുചേര്‍ന്ന ജനബാഹുല്യത്തെ കണ്ടപ്പോഴാണ്. രണ്ട് ദിവസത്തിന് ശേഷം ഇരുപത്താറാം തീയ്യതി […]

നവംബര്‍ 26ന് അന്തരിച്ച പ്രിയ സ്‌നേഹിതന്‍ ഷാഫി കൈന്താറിന്റെ ഓര്‍മ്മകള്‍ ഇതേ കോളത്തില്‍ ഞാന്‍ പങ്കുവെച്ചിരുന്നു. ഒരു മാസം പിന്നിടുമ്പോള്‍ അടുത്തടുത്ത ദിവസങ്ങളിലായി അടുത്തിടപഴകിയ മൂന്ന് പേരാണ് കാലയവനികക്കുള്ളിലേക്ക് മറഞ്ഞുപോയത്. ഡിസംബര്‍ 23ന് രാത്രി ഭാര്യാ സഹോദരന്‍ കൂടിയായ പട്‌ളയിലെ സൈഫുദ്ദീന്‍ മരണമടഞ്ഞ വാര്‍ത്തയാണ് ബംഗളൂരുവില്‍ നിന്നുമെത്തിയത്.
കുടുംബബന്ധങ്ങള്‍ക്കും സൗഹൃദങ്ങള്‍ക്കും ഏറെ വില കല്‍പ്പിച്ച സൈഫു കുടുംബത്തില്‍ മാത്രമല്ല പ്രിയങ്കരനായിരുന്നത് എന്ന് തിരിച്ചറിയുന്നത്. ജനാസ കാണാനും നമസ്‌കാരത്തിനുമായി വന്നുചേര്‍ന്ന ജനബാഹുല്യത്തെ കണ്ടപ്പോഴാണ്. രണ്ട് ദിവസത്തിന് ശേഷം ഇരുപത്താറാം തീയ്യതി രാവിലെ കേട്ടത് കിണര്‍ കുഴിക്കുന്ന ഷാഫിച്ചാന്റെ മോന്‍ ഹനീഫയുടെ മരണ വാര്‍ത്തയായിരുന്നു. ഉപ്പയെ പോലെ തന്നെ പ്രവാസ ജീവിതം പ്രതീക്ഷിച്ച പ്രയോജനം കിട്ടാതെ വന്നപ്പോള്‍ കൂലിവേല ചെയ്ത് ജീവിച്ചിരുന്ന ഹനീഫ് അവന്റെ സമപ്രായക്കാര്‍ക്കിടയില്‍ വ്യതിരിക്തനായിരുന്നു. തങ്ങള്‍ ഇത്തരം ജോലിയേ ചെയ്യൂ എന്ന് ശഠിക്കുന്ന യുവാക്കള്‍ക്കിടയില്‍ ഏത് ജോലിയെയും സന്തോഷത്തോടെ സമീപിക്കുന്ന ഹനീഫ് ഒരു മാതൃകയായിരുന്നു. ജോലിയും പ്രാരാബ്ദങ്ങളുമായി ഉഴലുമ്പോഴും പ്രാര്‍ത്ഥനങ്ങള്‍ക്ക് മുടക്കം വരുത്തിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ഇരുപത്തേഴാം തീയ്യതി രാവിലെ വാട്ട്‌സ്ആപ്പ് ഓപ്പണ്‍ ചെയ്തപ്പോള്‍ കണ്ടത് മുക്രിച്ചാന്റെ ആമദ് മരണപ്പെട്ട വാര്‍ത്തയാണ്. ചെമ്മനാട്ടുകാര്‍ക്ക് സുപരിചിതനായ വ്യക്തിത്വമാണ് രാമന്തളി കുഞ്ഞിമൊയ്തീന്‍ മുസ്ലിയാര്‍. പയ്യന്നൂരിനടുത്ത രാമന്തളിയില്‍ നിന്നും വന്ന് ചെമ്മനാട്ടുകാരനായി മാറിയ, ലേസ്യത്തും കൊളമ്പക്കാലും പള്ളിയില്‍ ഇമാമായിരുന്ന രാമന്തളി മുക്രിച്ചയും മക്കളും എല്ലാവര്‍ക്കും സുപരിചിതരാണ്. ഇവരില്‍ ഇളയവനായിരുന്നു അഹമ്മദ് എന്ന മുക്രിച്ചാന്റെ ആമദ്. കുറെ വര്‍ഷമായി കളനാട് കോടങ്കൈ എന്ന സ്ഥലത്തായിരുന്നു. കുടുംബസമേതം താമസിച്ച് വന്നിരുന്നത്. അതേസമയം, സുഹൃത്ത് മുജീബുല്ല കൈന്താര്‍ വാട്ട്‌സ്ആപ്പില്‍ പങ്കുവെച്ചതുപോലെ പരവനടുക്കവുമായുള്ള പൊക്കിള്‍കൊടി ബന്ധം എപ്പോഴും കാത്തുസൂക്ഷിച്ചിരുന്നു. സഞ്ചിയും തൂക്കി നൈറ്റിയും അത്തറും വീടുവീടാനന്തരം കയറി വില്‍പ്പന നടത്തിവന്ന വഴിയില്‍ കാണുന്ന ഓരോത്തരോടും അഭിവാദ്യം ചെയ്തും വിശേഷങ്ങള്‍ തിരക്കിയും കടന്നുപോയിരുന്ന ആമദ്. പരവനടുക്കം അഞ്ചങ്ങാടിയില്‍ വെച്ചാണ് ആമദിനെ അവസാനമായി കണ്ടുമുട്ടിയത്. അധികവും അവിടെ വെച്ചാണ് ഞങ്ങള്‍ കാണാറുള്ളത്. സമീറിന്റെ പീടികയിലോ തൊട്ടടുത്ത ബസ്സ്റ്റാന്റിലോ ഇരിപ്പുണ്ടാവും. നോമ്പ് കാലത്ത് മിക്കവാറും കൈന്താര്‍ പള്ളിയില്‍ നോമ്പ് മുറിക്കാന്‍ നേരത്ത് ഓടിയെത്തുന്ന ആമദിന്റെ ചിത്രം എന്നും മനസ്സിലുണ്ടാവും. കല്യാണ വീടുകളില്‍ ക്ലീനിംഗ് ജോലി അടക്കം ഏത് ജോലി ആയാലും അധ്വാനിച്ച് ജീവിച്ച അഹമ്മദ് ആരോടും പരിഭവം പറയുന്നതോ സങ്കടപ്പെടുന്നതോ കണ്ടിട്ടില്ല. ഒരര്‍ത്ഥത്തില്‍ നടന്നു തീര്‍ത്ത ജീവിതമായിരുന്നു ആമദിന്റേത്. മാപ്പിളപ്പാട്ടു ഗായകന്‍ അസീസ് തായിനേരിയുടെ കാസറ്റുകള്‍ക്ക് പ്രിയമേറിയിരുന്ന കാലത്ത് പയ്യന്നൂര്‍ മുതല്‍ മംഗലാപുരം വരെ എത്തിച്ചിരുന്നത് അഹമ്മദായിരുന്നു. ജ്യേഷ്ഠ സഹോദരന്‍, വേണ്ടത്ര ആദരം ലഭിക്കാത പോയ ഗാനരചയിതാവ് അബ്ദുല്ല ലേസ്യത്തിന്റെ വരികള്‍ ചിലത് ആമദിന് മന:പാഠമായിരുന്നു. ഇടക്കൊക്കെ മൂളിപ്പാടാറുമുണ്ട്. രസകരമായ ഒരുപാട് ഓര്‍മ്മകള്‍ ബാക്കിയാക്കിയാണ് ആമദ് വിട പറഞ്ഞത്. പാരത്രിക ജീവിതം സന്തോഷകരമാവട്ടെ.


-മുസ്തഫ മച്ചിനടുക്കം

Related Articles
Next Story
Share it