ഭയാനകം തന്നെ ഈ അരക്ഷിതാവസ്ഥ

കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പുലിയുടെ സാന്നിധ്യം ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ യഥാര്‍ത്ഥ ഭീഷണി തെരുവ് നായ്ക്കള്‍ തന്നെയാണ്. നായ്ക്കളുടെ ശല്യവും ആക്രമണങ്ങളും തുടരുമ്പോള്‍ ജനജീവിതം അരക്ഷിതാവസ്ഥയിലാകുന്നു. കഴിഞ്ഞ ദിവസം രാവിലെ പാണത്തൂരില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ട് പിഞ്ചുകുട്ടികളടക്കം അഞ്ചുപേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഒരേ നായ തന്നെയാണ് ഇത്രയും പേരെ കടിച്ചുപരിക്കേല്‍പ്പിച്ചത്. മൂന്നര വയസുള്ള രണ്ട് കുഞ്ഞുങ്ങള്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് നായയുടെ ആക്രമണത്തിനിരയായത്. ഒരു കുട്ടിയുടെ കവിളിലും ചുണ്ടിലും നെഞ്ചിലും നായ കടിച്ച് മുറിവേല്‍പ്പിക്കുകയായിരുന്നു. മറ്റേ കുട്ടിയുടെ ഇടതുകൈയുടെ ചുമല്‍ ഭാഗത്താണ് കടിച്ചത്. രണ്ട് കുട്ടികളും കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

പാണത്തൂരിലെ 65കാരിക്കാണ് തെരുവ് നായയുടെ ആക്രമണത്തില്‍ കൂടുതല്‍ പരിക്കേറ്റത്. വയോധികയുടെ രണ്ട് കൈവിരലുകള്‍ നായ കടിച്ചെടുക്കുകയായിരുന്നു. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റു രണ്ടുപേര്‍ക്കും നായയുടെ കടിയേറ്റിരുന്നു. ഇവരുടെ പരിക്ക് സാരമുള്ളതല്ല. ആസ്പത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയക്കുകയായിരുന്നു. അഞ്ചുപേരെ കടിച്ചശേഷം എവിടെയോ മറഞ്ഞ നായയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. അപകടകാരിയായ ഈ നായയെ പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇനിയും പലരും അക്രമിക്കപ്പെട്ടേക്കാമെന്നാണ് ആശങ്ക. ജില്ലയുടെ പല ഭാഗങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. നായ്ക്കള്‍ വീടുകളില്‍ പോലും കയറി അക്രമിക്കുന്നു. കുട്ടികളെയാണ് നായ്ക്കള്‍ കൂടുതലും ഉപദ്രവിക്കുന്നത്. സ്‌കൂളുകളിലേക്കും മദ്രസകളിലേക്കും പോകാന്‍ കുട്ടികള്‍ ഭയക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

നായ്ക്കളെ നിയന്ത്രിക്കാനാവശ്യമായ നടപടികളൊന്നും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നില്ല. നായ്ക്കളെ പിടികൂടുന്നതിന് കേന്ദ്രനിയമം തടസമാണെന്ന് അധികൃതര്‍ പറയുന്നുണ്ട്. ഉപദ്രവകാരികളായ നായ്ക്കളെ പിടികൂടാന്‍ നിയമം അനുവദിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഒരു വ്യക്തതയില്ല. നായ്ക്കള്‍ ഉപദ്രവകാരികളാണെന്ന് എങ്ങനെ കണ്ടെത്തുമെന്നതാണ് പ്രശ്നം. ആക്രമണകാരികളായ നായ്ക്കള്‍ എവിടെ നിന്നോ വന്ന് ആളുകളെ കടിച്ചതിന് ശേഷം എവിടേക്കോ പോകുകയാണ് ചെയ്യുന്നത്. പിന്നീട് നായ എവിടെയുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല. നായ്ക്കളുടെ പ്രജനനശേഷി നശിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. തെരുവ് നായ്ക്കള്‍ പെറ്റുപെരുകിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം മനുഷ്യരെയും വളര്‍ത്തുമൃഗങ്ങളെയും കടിക്കുകയും ചെയ്യുന്നു. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട അധികൃതര്‍ നിസംഗത തുടരുകയുമാണ്. നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും മനുഷ്യരെ ആര് രക്ഷിക്കുമെന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it