സര്‍ക്കാര്‍ ആസ്പത്രികളില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ വേണം

കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവും സ്ഥലം മാറ്റങ്ങളും മറ്റ് പ്രശ്നങ്ങളും കാരണം പ്രതിസന്ധിയിലാവുകയാണ്. ജില്ലയില്‍ സാധാരണക്കാരായ ആളുകള്‍ മരുന്നിനും ചികിത്സക്കുമായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കാസര്‍കോട് ജനറല്‍ ആസ്പത്രിയിലും കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിലും കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കാത്തത് മൂലം രോഗികള്‍ കടുത്ത ദുരിതത്തിലാണ്. രോഗികളുടെ അനിയന്ത്രിതമായ തിരക്ക് കാരണം നിലവിലുള്ള ഡോക്ടര്‍മാരുടെ ജോലിഭാരം കൂടുകയും ചെയ്യുന്നു. ജനറല്‍ ആസ്പത്രിയില്‍ ദിവസവും രോഗികളുടെ നീണ്ടനിര തന്നെയാണുള്ളത്. ഡാക്ടര്‍മാരുടെ കുറവ് ജനറല്‍ ആസ്പത്രിയിലെ സേവനത്തെ പ്രതികൂലമായി ബാധിക്കുകയാണ്. സ്ഥലം മാറിപ്പോകുന്ന ഡോക്ടര്‍മാര്‍ക്ക് പകരം നിയമനമുണ്ടാകുന്നില്ല. ഇന്റര്‍വ്യൂ വിളിച്ചിട്ടും ആരും എത്താത്തതിനാലാണ് നിയമനം വൈകുന്നതെന്നാണ് ആസ്പത്രി അധികൃതര്‍ പറയുന്നത്. അത്യാഹിത വിഭാഗത്തില്‍ പോലും ഡോക്ടര്‍ മാരുടെ കുറവുണ്ട്. അത്യാഹിത വിഭാഗത്തില്‍ ഒരേ സമയത്ത് ഒരു ഡോക്ടറുടെ സേവനം മാത്രമേ ലഭിക്കുന്നുള്ളൂ. ഉച്ചക്ക് ശേഷമുള്ള ഫീവര്‍ ഒ.പി. ഇല്ലാതായിട്ട് ഒരുമാസം പിന്നിടുകയാണ്. അത്യാഹിത വിഭാഗത്തില്‍ എല്ലാ വിഭാഗത്തിലും പെട്ട രോഗികള്‍ പരിശോധനയ്ക്കും ചികിത്സക്കുമായി എത്തുന്നുണ്ട്. വിവിധ കേസുകളില്‍ പെട്ടവരെയും പരിശോധനക്കായി ഇവിടേക്ക് കൊണ്ടുവരുന്നുണ്ട്. പോക്‌സോ കേസുകളിലും ലഹരിക്കേസുകളിലും പ്രതികളായവരെ ജയിലില്‍ നിന്നും പരിശോധനക്കായി കൊണ്ടുവരികയും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യുന്നു. രോഗം ഗുരുതരാവസ്ഥയിലുള്ളവരെയും അപകടത്തിലും അക്രമത്തിലും ഗുരുതരമായി പരിക്കേറ്റവരെയും ആദ്യം എത്തിക്കുന്നത് അത്യാഹിതവിഭാഗത്തിലാണ്. അതുകൊണ്ടുതന്നെ ഈ വിഭാഗത്തില്‍ ദിവസവും തിരക്കുകളുണ്ട്. ഇവരെയെല്ലാം ഒരേ ഡോക്ടര്‍ പരിശോധിക്കേണ്ടിവരുന്നതിനാല്‍ മാനസിക സമ്മര്‍ദ്ദവും ജോലി ഭാരവും കൂടുന്നു. മാത്രമല്ല അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍ക്ക് ഉടന്‍ തന്നെ ചികിത്സ ലഭ്യമാകാത്ത അവസ്ഥയുമുണ്ട്. കൂടുതല്‍ ഡോക്ടര്‍മാരുണ്ടെങ്കില്‍ മാത്രമേ അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുകയുള്ളൂ. 212 കിടക്കകളുള്ള ജനറല്‍ ആസ്പത്രിയില്‍ ദിവസവും 130 വരെ ഇന്‍പേഷ്യന്റായി അഡ്മിറ്റ് ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ജില്ലാ ആസ്പത്രി അടക്കം ജില്ലയിലെ മറ്റ് സര്‍ക്കാര്‍ ആസ്പത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതുമൂലമുള്ള ബുദ്ധിമുട്ടുകള്‍ ഏറെയാണ്. സര്‍ക്കാര്‍ ആസ്പത്രികളിലെ ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും ഒഴിവുകള്‍ നികത്താനും ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും അടിയന്തിര നടപടി സ്വീകരിക്കണം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it