അംഗഡിമുഗര്‍ പ്രദേശത്തിന്റെ സ്പന്ദനം തൊട്ടറിഞ്ഞ അസീസ് ഉസ്താദ്

പഴയ പൊന്നാനി എന്നും, രണ്ടാം പൊന്നാനി എന്നും അറിയപ്പെട്ട അംഗഡിമുഗറിലെ ദീര്‍ഘകാലത്തെ മുദരിസ്സും മതപ്രഭാഷണ വേദിയിലെ നിറസാന്നിധ്യവും ആയിരുന്നു നമ്മില്‍ നിന്ന് വിടപറഞ്ഞ അസീസ് ഉസ്താദ്. പണ്ട് മുതല്‍ക്ക് തന്നെ ഇടതുപക്ഷ പ്രസ്ഥാനത്തിന് വേരോട്ടമുള്ള അംഗഡിമുഗറില്‍ ഇരു സുന്നിവിഭാഗവും, ഇസ്ലാമിലെ മറ്റ് ഇതര വിഭാഗങ്ങളും ശക്തമായി നിലകൊണ്ട സമയത്തായിരുന്നു അസീസ് ഉസ്താദ് അംഗഡിമുഗര്‍ ജുമാ മസ്ജിദില്‍ സേവനം ചെയ്തുവന്നത്. എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യനായ വ്യക്തി ആയിരുന്നു അദ്ദേഹം. കൂടാതെ മതസാഹോദര്യം നിലനിര്‍ത്തുന്നതിലും ശക്തമായി നിലകൊണ്ടു. മതവിദ്യാഭ്യാസത്തിന് എന്നപോലെ ഭൗതിക വിദ്യാഭ്യാസത്തിനും അദ്ദേഹം പ്രോത്സാഹനം നല്‍കി. ജീവിത്തിലുടനീളം എളിമയും വിനയവും അദ്ദേഹത്തില്‍ നിന്നും പ്രകടമായിരുന്നു.
വടിവൊത്ത കയ്യക്ഷരം പ്രത്യേകം എടുത്തു പറയേണ്ടത് തന്നെയാണ് അത്രയ്ക്കും മനോഹരമായിരുന്നു. എഴുത്ത് എന്ന പോലെ വായനയിലും അദ്ദേഹത്തിന് പ്രിയമായിരുന്നു. സമകാലിക വിഷയങ്ങളില്‍ അവഗാഹം നേടി പ്രസംഗവേദിയില്‍ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. അംഗഡിമുഗര്‍ പള്ളിയില്‍ ഉള്ള സമയത്ത് ഉത്തരദേശം പത്രം നിര്‍ബന്ധമായിരുന്നു. പലപ്പോഴും പത്രവായനയില്‍ മുഴങ്ങിയത് കാണാമായിരുന്നു. പത്രവായന സമയത്ത് അവിടെ എത്തിയാല്‍ അതിലെ വാര്‍ത്ത പങ്കുവെക്കാന്‍ പ്രത്യേക താല്‍പര്യം കാണിച്ചു.
ബറാഅത്ത് രാവിലും മറ്റു പ്രത്യേക ദിവസങ്ങളിലും അംഗഡിമുഗര്‍ ജുമാ മസ്ജിദില്‍ നടക്കുന്ന പരിപാടിയില്‍ അസീസ് ഉസ്താദ് നടത്തുന്ന കൂട്ട് പ്രാര്‍ത്ഥനക്ക് സമീപ പ്രദേശങ്ങളില്‍ നിന്ന് പോലും നൂറുകണക്കിന് വിശ്വാസികള്‍ എത്തിയിരുന്നു. പല മഹല്ലുകളില്‍ നടക്കുന്ന മതപ്രഭാഷണത്തിലെ സമാപന പ്രഭാഷണത്തിന് അസീസ് ഉസ്താദിന്റെ സാന്നിധ്യം നിര്‍ബന്ധമായിരുന്നു. സദസ്സില്‍ വെച്ച് വിശ്വാസികള്‍ ദുആ ചെയ്യാന്‍ കൊടുക്കുന്ന എത്ര ചെറിയ സംഖ്യ ആയാലും വലിയ പ്രാര്‍ത്ഥന നടത്താന്‍ അദ്ദേഹത്തിന് ആവേശമായിരുന്നു. പ്രായ വ്യത്യാസമ്മില്ലാതെ എല്ലാവരെയും തുല്യരായി കണ്ട്‌കൊണ്ടുള്ള ഉസ്താദിന്റെ സമീപനം പ്രത്യേകം എടുത്തു പറയേണ്ടതാണ്.
പാവങ്ങളെ സഹായിക്കുന്നതിലും അദ്ദേഹം തല്‍പരനായിരുന്നു. വര്‍ധിച്ച് വന്ന ലഹരിക്കെതിരെ ശക്തമായ നിലപാടെക്കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്തു. അസീസ് ഉസ്താദ് ഇല്ലാത്ത അംഗഡിമുഗര്‍ ശൂന്യമാണ്. അല്ലാഹു അദ്ദേഹത്തിന്റെ ദറജ ഉയര്‍ത്തട്ടെ...