ഹിമാലയന്‍ താഴ്‌വരയില്‍ നിന്നും മറ്റൊരു നല്ല കൃതി കൂടി

ഭൂട്ടാനിലെ കുറേയേറെ കഥകളുമായി 'ലാമിഡാറ' എന്ന പുതിയൊരു നോവലുമായി ബാലകൃഷ്ണന്‍ ചെര്‍ക്കളയും നമുക്ക് മുന്നില്‍ വന്നിരിക്കുന്നു. ഒരു ഹിമാലയന്‍ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ചെറിയ ഗൈഡിന്റെ സഹായം ഈ പുസ്തകത്തില്‍ നിന്നും ലഭിക്കുന്നതാണ്.

ഹിമാലയന്‍ പാര്‍ശ്വത്തില്‍ ഇന്ത്യന്‍ അതിര്‍ത്തിയുമായി ചേര്‍ന്നു നില്‍ക്കുന്ന ഭൂട്ടാന്‍ എന്ന ചെറു രാജ്യത്തെ വലിയ കഥകളുമായി അവിടെ ഒരു വിദ്യാലയത്തില്‍ വളരെക്കാലം അധ്യാപകനായിരുന്ന ജി. ബാലചന്ദ്രന്‍ എന്ന എഴുത്തുകാരന്‍ 'ജക', 'ഉറുമ്പുകള്‍' തുടങ്ങിയ നോവലുകളുമായി വര്‍ഷങ്ങള്‍ക്കു മുമ്പേ നമുക്കു മുന്നില്‍ വന്നതാണ്.

ഇപ്പോഴിതാ, അതേ ഭൂട്ടാനിലെ കുറേയേറെ കഥകളുമായി 'ലാമിഡാറ' എന്ന പുതിയൊരു നോവലുമായി ബാലകൃഷ്ണന്‍ ചെര്‍ക്കളയും നമുക്ക് മുന്നില്‍ വന്നിരിക്കുന്നു. ബാലകൃഷ്ണനും ഭൂട്ടാനില്‍ അധ്യാപകനായിരുന്നു.

ഇന്നും രാജകീയ ഭരണം തുടരുന്ന നമ്മുടെ തൊട്ടയല്‍ദേശത്തെ പഴയ ക്രൂരമായ രാഷ്ട്രീയമൊക്കെ ഏറെക്കുറെ നമുക്കറിയാവുന്നതും മുമ്പ് നാം വായിച്ചവയുമാണ്. പഴയ ക്രൗര്യവും ഹിംസയും ഏകാധിപത്യ പ്രവണതയും ഇന്ന് നിലവിലില്ലെങ്കിലും ഒരിക്കല്‍ ആ പ്രദേശം എത്രമാത്രം കിരാതവും ഹിംസാത്മകവുമായിരുന്നു എന്ന അറിവിലേക്ക്, ചരിത്രത്തിലേക്ക് ഒന്നുകൂടി കടന്നുപോകാന്‍ ഇത്തരം രചനകള്‍ അനിവാര്യമാണ്. ചരിത്രങ്ങളെ അവഗണിച്ചും തമസ്‌കരിച്ചും പുതിയ, സങ്കുചിത ചരിത്രങ്ങള്‍ കൃത്രിമമായി മെനയപ്പെട്ടു കൊണ്ടിരിക്കുന്ന വര്‍ത്തമാനലോകത്ത് ഇത്തരം രചനകള്‍ക്ക് പ്രസക്തി ഏറേണ്ടതാണ്.

ഇതൊരു കേവലം ഭൂട്ടാന്റെയോ നേപ്പാളിന്റെ ചില തുണ്ടുകളുടേയോ മാത്രം ചരിത്രമല്ല. മറിച്ച്, ഏക നേതാവ്, ഏക രാജ്യം, ഏക ഭാഷ, ഏക സംസ്‌കാരം, ഏക വസ്ത്രം, ഏക ഭക്ഷണരീതി സര്‍വ്വോപരി ഏക മതം എന്ന നിലയിലേക്ക് അനുദിനം ഭീഷണമായി വളര്‍ന്നു കൊണ്ടിരിക്കുന്ന നമ്മുടെ ഇന്ത്യയുടെ ഏറ്റവും പുതിയ സ്ഥിതിവിശേഷത്തില്‍ കൂടി പ്രസക്തമാണ് ഈ ചെറുനോവല്‍ എന്നു പറയാം. 'ഏകത്വ'ത്തെ മാത്രം അംഗീകരിക്കുക, 'നാനാത്വ'ത്തെ ഉപേക്ഷിക്കുക എന്ന നിശബ്ദ ആഹ്വാനത്തിന് കീഴില്‍ അമര്‍ന്നു കൊണ്ടിരിക്കുന്ന ഒരു ജനത തന്നെയാണല്ലോ നമ്മളും? 'ലാമിഡാറ' എഴുതുമ്പോള്‍ രചയിതാവിന്റെ മനോവ്യാപാരവും തീര്‍ച്ചയായും അതു തന്നെയായിരുന്നിരിക്കണം. മൂന്നരപ്പതിറ്റാണ്ടിന് ശേഷം താന്‍ ജോലി ചെയ്തിരുന്ന ലാമിഡാറയിലേക്ക് ഒരിക്കല്‍ക്കൂടി ബാലചന്ദ്രന്‍ തിരിക്കുകയാണ്.

ഹിംസ മടുത്ത് അഹിംസയുടെ പ്രവാചകത്വം ഏറ്റെടുത്ത ശ്രീബുദ്ധന്റെ നാടും ഹിംസയുടേയും അധികാരരാഷ്ട്രീയത്തിന്റേയും ഏക ഛത്രാധിപത്യത്തിന്റേയും നഖങ്ങള്‍ക്കു കീഴില്‍ അമര്‍ന്നു പോയത് മനുഷ്യന്റെ ദുരയുടെയും അധികാര ലഹരിയുടേയും നേര്‍ക്കുള്ള ചൂണ്ടു പലകയത്രേ! സ്വയം കുടിയേറിപ്പാര്‍ത്തവരായിട്ടും തങ്ങളെപ്പോലെ കുടിയേറിപ്പാര്‍ത്തവര്‍ തങ്ങളേക്കാള്‍ എണ്ണത്തില്‍ കുറവാണെന്ന കാരണത്താല്‍ അവരെ തങ്ങളുടെ അടിമകളോ ആജ്ഞാനുവര്‍ത്തികളോ ആക്കി മാറ്റാന്‍ മനുഷ്യന്‍ ഭൂമിയിലെങ്ങും ഒരുപാട് രക്തം ചിന്തിയിട്ടുണ്ട്. ഭൂട്ടാന്‍ എന്ന ചെറിയ തുണ്ട് അതിന് ഒരു ചെറിയ ഉദാഹരണം മാത്രം.

വീര്‍ബഹദൂര്‍ ഗുറുങ്, ശേര്‍ബഹദൂര്‍ താമങ്, ചന്ദ്രബഹദൂര്‍ ഗുറുങ്, കിശോരാ ദേവി, നിര്‍മ്മല, ഗോപാല്‍സിംഗ് ഛേത്രി തുടങ്ങി ഒട്ടേറെ ജീവസുറ്റ കഥാപാത്രങ്ങള്‍ ഈ നോവലില്‍ മിഴിവാര്‍ന്നു നില്‍ക്കുന്നു.

തേടിപ്പുറപ്പെട്ട കഥാപാത്രങ്ങള്‍ ഓരോന്നും നായകന്റെ മുന്നില്‍ അനായാസേന പ്രത്യക്ഷപ്പെടുന്നതില്‍ അല്‍പ്പം അതിനാടകീയതയും യാദൃച്ഛികതയുടെ അതിപ്രസരവും തോന്നാമെങ്കിലും നോവലിന്റെ ഋജുവായ ഗമനത്തിനും സാരള്യതയ്ക്കും അത് ശരിയായ രീതിയാണെന്ന് എഴുത്തുകാരന് തോന്നിയിരിക്കാം. അതൊരു ന്യൂനതയുമല്ല. കുറേയേറെ നേപ്പാളി, ഹിന്ദി സംഭാഷണങ്ങള്‍ നോവലിലുണ്ട്. അത് ഒഴിച്ചുകൂടാന്‍ പറ്റാത്തവയുമാണ്. ഹിന്ദി സംഭാഷണത്തിലെ ചില വാക്കുകളിലും വാക്യങ്ങളിലും ചില പിഴവുകള്‍ ഉണ്ടെന്നുള്ളത് പരാമര്‍ശിക്കാതിരിക്കുന്നില്ല, ഇവിടെ. വലിയ വിദ്യാഭ്യാസമൊനമില്ലാത്ത, തീര്‍ത്തും പാവങ്ങളുടെ ഗ്രാമ്യ ഭാഷയായതിനാല്‍ ഗ്രാമറിന് വലിയ പ്രസക്തിയൊന്നുമില്ലെങ്കിലും പുസ്തകത്തിന്റ ശോഭാ വര്‍ധനവിനായി പുതിയ പതിപ്പ് ഇറങ്ങുന്ന സമയത്ത് അല്‍പ്പം എഡിറ്റിംഗ് നടത്താവുന്നതാണ്. ഭൂട്ടാന്‍, നേപ്പാള്‍, ബംഗാള്‍ തുടങ്ങിയ മേഖലളിലെ മനുഷ്യരുടെ സംസ്‌കാരത്തിന്റെയും ഭക്ഷണ രീതിയുടേയും ചികിത്സാ രീതികളുടേയും കുറേയേറെ ഭാഗങ്ങള്‍ പുസ്തകത്തിലൂടെ അറിയാം. ഒരു ഹിമാലയന്‍ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ചെറിയ ഗൈഡിന്റെ സഹായം ഈ പുസ്തകത്തില്‍ നിന്നും ലഭിക്കുന്നതാണ്. കാസര്‍കോട്ടെ ചെമ്പരത്തി പ്രസാധകരാണ് പുസ്തകം ഇറക്കിയിരിക്കുന്നത്. പുറംചട്ടയും ഉള്ളടക്കം പോലെ തന്നെ മനോഹരമാണ്. 150 പേജുള്ള പുസ്തകത്തിന് 220 രൂപയാണ് മുഖവില.

Related Articles
Next Story
Share it