സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ എല്ലാ മാസവും വിദ്യാര്‍ഥികള്‍ക്കായി ക്ലാസ് തല പരീക്ഷകള്‍ നടത്താന്‍ തീരുമാനം

ഓണക്കാലത്തും ക്രിസ്മസ് സമയത്തും നടത്തുന്ന ടേം പരീക്ഷകള്‍ക്ക് പകരം ഒക്ടോബറില്‍ മിഡ് ടേം പരീക്ഷയും മാര്‍ച്ചില്‍ വാര്‍ഷിക പരീക്ഷയും മാത്രം മതിയെന്നും ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ എല്ലാ മാസവും വിദ്യാര്‍ഥികള്‍ക്കായി ക്ലാസ് തല പരീക്ഷകള്‍ നടത്താന്‍ തീരുമാനം.ടേം പരീക്ഷകള്‍ ഒന്നായി കുറയ്ക്കുന്നതിനൊപ്പമാണ് അക്കാദമിക് കലണ്ടര്‍ പരിഷ്‌കരണം സംബന്ധിച്ച് പഠിച്ച സമിതി ഇക്കാര്യവും ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഓരോ മാസവും വിദ്യാര്‍ഥികള്‍ പഠിക്കേണ്ട പാഠഭാഗങ്ങളെ ആസ്പദമാക്കി എസ്.സി.ഇ.ആര്‍.ടി തയാറാക്കുന്ന ചോദ്യബാങ്കില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഉപയോഗിച്ച് ക്ലാസ് പരീക്ഷ നടത്തണമെന്നും നിര്‍ദേശമുണ്ട്. അതിലൂടെ കുട്ടികളുടെ ഓരോ മാസത്തെയും പഠനപുരോഗതി മനസ്സിലാക്കാനും പിന്തുണ നല്‍കാനും കഴിയുമെന്നാണ് സമിതിയുടെ നിര്‍ദേശം. നിശ്ചിത പാഠഭാഗങ്ങള്‍ സമയബന്ധിതമായി പഠിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കഴിയുമെന്നും സമിതി വിലയിരുത്തുന്നുണ്ട്.

നിലവില്‍ ഓണക്കാലത്തും ക്രിസ്മസ് സമയത്തും നടത്തുന്ന ടേം പരീക്ഷകള്‍ക്ക് പകരം ഒക്ടോബറില്‍ മിഡ് ടേം പരീക്ഷയും മാര്‍ച്ചില്‍ വാര്‍ഷിക പരീക്ഷയും മാത്രം മതിയെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. ഒരു ടേം പരീക്ഷ ഒഴിവാക്കുന്നതിലൂടെ 10 അധ്യയന ദിവസങ്ങള്‍ വരെ അധികം ലഭിക്കും. നിലവില്‍ പാഠപുസ്തകങ്ങള്‍ 2 ഭാഗങ്ങളായാണ് ഇറങ്ങുന്നത്. ആദ്യഭാഗം അടിസ്ഥാനമാക്കി മിഡ് ടേം പരീക്ഷ നടത്താനാകുമെന്നും സമിതി വിലിയിരുത്തുന്നു.

Related Articles
Next Story
Share it