ഫെയര്‍ സ്റ്റേജ് മാറ്റം: ബസ് ചാര്‍ജ് കുറച്ചിട്ടും കൂട്ടി വാങ്ങുന്നു; നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

കാഞ്ഞങ്ങാട് ജോയിന്റ് ആര്‍.ടി ഓഫീസിലെ എം.വി.ഐമാരായ എം. വിജയന്‍, കെ.വി ജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബസുകള്‍ പരിശോധിക്കുന്നു
കാഞ്ഞങ്ങാട്: ഫെയര്‍ സ്റ്റേജ് പരിഷ്‌കരിച്ചിട്ടും യാത്രക്കാരില്‍ നിന്ന് അമിത നിരക്ക് തന്നെ ഈടാക്കുന്നത് തുടരുന്നതോടെ ബസുകള്‍ക്കെതിരെ വാഹന വകുപ്പ് അധികൃതര്‍ നടപടി തുടങ്ങി. കാസര്‍കോട് ആര്‍.ടി.ഒ ജി.എസ് സജിപ്രസാദിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജോയിന്റ് ആര്‍.ടി ഓഫീസിലെ എം.വി.ഐമാരായ എം. വിജയന്‍, കെ.വി ജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന തുടങ്ങിയത്. അമ്പലത്തറയില്‍ വെച്ച് എട്ട് ബസുകള്‍ പരിശോധിച്ചപ്പോള്‍ ഏഴ് ബസുകളിലും അമിത നിരക്ക് വാങ്ങിയതായി കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ക്കെതിരെ നടപടിയും സ്വീകരിച്ചു. അമിത നിരക്ക് വാങ്ങുന്നതിനെതിരെ നടപടി തുടരാനാണ് ആര്‍.ടി.ഒയുടെ നിര്‍ദ്ദേശം. നിരക്ക് കുറച്ച വിവരം തങ്ങള്‍ അറിഞ്ഞില്ലെന്നാണ് ജീവനക്കാര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇത്തരം ന്യായം അംഗീകരിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.