സ്വകാര്യ ബസ്സുകള്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിക്കുന്നു; യാത്രക്കാര്‍ക്ക് ദുരിതം

കാസര്‍കോട്: വിവിധ ഭാഗങ്ങളില്‍നിന്ന് കാസര്‍കോട് ടൗണിലേക്ക് വരുന്ന സ്വകാര്യ ബസുകളില്‍ ചില ബസുകള്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റില്‍ യാത്ര അവസാനിപ്പിക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നതായി ആക്ഷേപം. ബസുകള്‍ പുതിയ ബസ്സ്റ്റാന്റില്‍ പ്രവേശിച്ചാല്‍ അതിലുള്ള യാത്രക്കാരോട് പഴയ ബസ്സ്റ്റാന്റിലേക്ക് പോകണമെങ്കില്‍ ബസ് മാറിക്കയറാന്‍ പറയുന്നത് സ്ത്രീകളും കൈകുഞ്ഞുങ്ങളുമായി വരുന്ന സ്ത്രീ യാത്രക്കാര്‍ക്കും പ്രായമായ യാത്രക്കാര്‍ക്കും പ്രയാസമുണ്ടാക്കുന്നതായാണ് പരാതി. ചില ബസുകള്‍ പുതിയ ബസ്സ്റ്റാന്റില്‍ എത്തിയാല്‍ പഴയ ബസ്സ്റ്റാന്റിലേക്ക് പോകുന്ന മറ്റു സ്വകാര്യ ബസുകളില്‍ പോകാനാണ് പറയുന്നത്. ഇതിന് ടിക്കറ്റൊന്നും ഈടാക്കുന്നില്ലെങ്കിലും ബസ് മാറിക്കയറേണ്ടിവരുന്നതാണ് യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കുന്നത്. പഴയ ബസ്സ്റ്റാന്റില്‍ ജനറല്‍ ആസ്പത്രിയിലേക്ക് പോകുന്ന രോഗികളായവരടക്കമുള്ള യാത്രക്കാര്‍ക്കാണ് ഇത് ദുരിതമാവുന്നത്. പ്രസ്തുത ബസുകള്‍ പഴയ ബസ്സ്റ്റാന്റില്‍ എത്തിയാല്‍ യാത്രക്കാരെ പഴയ ബസ്സ്റ്റാന്റില്‍ ഇറക്കുകയും മല്ലികാര്‍ജുന ക്ഷേത്രപരിസരം, കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റ് വഴി തിരിച്ച് പുതിയ ബസ്സ്റ്റാന്റിലേക്ക് പ്രവേശിക്കുകയുമാണ് പതിവ്. ഇത് ഒഴിവാക്കാനാണ് യാത്രക്കാരെ പുതിയ ബസ്സ്റ്റാന്റില്‍ ഇറക്കി പഴയ ബസ്സ്റ്റാന്റില്‍ പോകുന്ന ബസുകളില്‍ കയറാന്‍ ജീവനക്കാര്‍ ആവശ്യപ്പെടുന്നത്. അതേസമയം ചില ബസുകള്‍ കറന്തക്കാട് വഴി കെ.എസ്.ആ.ര്‍ടി.സി വഴി പഴയ ബസ്സ്റ്റാന്റ് പോസ്റ്റ് ഓഫീസ് പരിസരത്ത് ആളെ ഇറക്കി പഴയ പ്രസ്‌ക്ലബ്ബ് വഴി പുതിയ ബസ്സ്റ്റാന്റില്‍ പ്രവേശിക്കുന്നുമുണ്ട്. ഇത് യാത്രക്കാര്‍ക്ക് ആശ്വാസവുമാവുന്നുണ്ട്. എന്നാല്‍ പുതിയ ബസ്സ്റ്റാന്റില്‍ യാത്ര അവസാനിപ്പിച്ച് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഇത് ആര്‍.ടി.ഒയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് യാത്രക്കാര്‍ പറയുന്നു.