ഇംഗ്ലണ്ട് പര്യടനത്തിന് മുന്‍പ് ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള താല്‍പര്യം അറിയിച്ച് കോലി; തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ബി.സി.സി.ഐ

2024-25 ടെസ്റ്റ് സീസണില്‍ വിരാട് കോലിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല

ന്യൂഡല്‍ഹി: ഇംഗ്ലണ്ട് പര്യടനത്തിന് മുന്‍പ് ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള അപ്രതീക്ഷിത നീക്കവുമായി വിരാട് കോലി. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് വിരമിക്കാനുള്ള തീരുമാനവുമായി കോലി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ സമീപിക്കുന്നത്. എന്നാല്‍ കോലിയോട് തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ബിസിസിഐ നിര്‍ദേശിച്ചതെന്ന വിവരവും പുറത്തുവരുന്നുണ്ട്.

ജൂണ്‍ 20ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍, അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ അവിടെ കളിക്കുന്നത്. മെയ് അവസാന വാരത്തിന് മുമ്പ് ടെസ്റ്റ് പര്യടനത്തിനുള്ള ടീമിനെ തിരഞ്ഞെടുക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ നേരത്തെ അറിയിച്ചിരുന്നു. ഇംഗ്ലണ്ട് പര്യടനം ആസന്നമായിരിക്കെ, നായകന്‍ രോഹിത് ശര്‍മ അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ്, അതിലും അപ്രതീക്ഷിത നീക്കത്തിലൂടെ ടെസ്റ്റ് കരിയറിന് വിരാമം ഇടാനുള്ള തീരുമാനം വിരാട് കോലി ബി.സി.സി.ഐയെ അറിയിച്ചിരിക്കുന്നത്.

ഇന്ത്യയെ സംബന്ധിച്ച് പുതിയ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പരമ്പരയ്ക്ക് ഇംഗ്ലണ്ട് പര്യടനത്തോടെ തുടക്കമാകാനിരിക്കെയാണ്, രോഹിത്തിന് പിന്നാലെ കോലിയും വിരമിക്കല്‍ തീരുമാനം അറിയിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം ബാര്‍ബഡോസില്‍ ട്വന്റി20 ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ ഇരുവരും ഒരുമിച്ചാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് കോലി വിരമിക്കാന്‍ തീരുമാനിച്ചാല്‍, ഇന്ത്യന്‍ ടെസ്റ്റ് ടീമിന് ബാറ്റിംഗ് യൂണിറ്റില്‍ കാര്യമായ പരിചയസമ്പത്ത് ഇല്ലാതാകും. യശസ്വി ജയ് സ്വാള്‍, കെഎല്‍ രാഹുല്‍, ശുഭ് മാന്‍ ഗില്‍ എന്നിവരെ ആശ്രയിച്ചായിരിക്കും ടീമിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുക.

2024-25 ടെസ്റ്റ് സീസണില്‍ വിരാട് കോലിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. അഞ്ച് മത്സരങ്ങളുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയയില്‍ സ്ഥിരത കൈവരിക്കാന്‍ സ്റ്റാര്‍ ബാറ്റ് സ് മാന്‍ പാടുപെടുന്ന കാഴ്ചയായിരുന്നു കാണാന്‍ കഴിഞ്ഞത്. അഞ്ച് ടെസ്റ്റുകളില്‍ നിന്ന് 190 റണ്‍സ് മാത്രമാണ് കോലി നേടിയത്.

പെര്‍ത്തില്‍ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയെങ്കിലും, ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ നിന്ന് 85 റണ്‍സ് മാത്രമേ അദ്ദേഹത്തിന് നേടാനായുള്ളൂ. മുമ്പ് ബാറ്റിംഗ് ചാര്‍ട്ടില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന കോലിക്ക് ഇത് ഒരു വെല്ലുവിളി നിറഞ്ഞ ഓസ്ട്രേലിയന്‍ പര്യടനമായിരുന്നു.

ഇന്ത്യയ്ക്കായി ഇതുവരെ 123 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള കോലി, 30 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 9230 റണ്‍സാണ് നേടിയിട്ടുള്ളത്. ഏറ്റവും ഒടുവില്‍ നടന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ വിരാട് കോലിയുടെ സാങ്കേതിക മികവിനെ ചോദ്യചിഹ്നമാക്കുന്ന തരത്തിലുള്ള വിക്കറ്റുകള്‍ വന്‍ ചര്‍ച്ചയായിരുന്നു. പരമ്പരയില്‍ ഒരു സെഞ്ചറി നേടിയെങ്കിലും, കോലിയുടെ ഫോമിനെക്കുറിച്ചും ചോദ്യങ്ങളുയര്‍ന്നിരുന്നു.

2025 ലെ പര്യടനം തന്റെ അവസാന ഓസ്ട്രേലിയന്‍ യാത്രയായിരിക്കുമെന്ന് കോലി നേരത്തെ സൂചന നല്‍കിയിരുന്നു. വിരമിക്കലിനു ശേഷമുള്ള തന്റെ പദ്ധതികളെക്കുറിച്ച് സംസാരിച്ച കോലി, കൂടുതല്‍ സമയവും യാത്രകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതായും പറഞ്ഞിരുന്നു, പക്ഷേ ക്രിക്കറ്റ് വിട്ടതിനുശേഷം എന്തുചെയ്യുമെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related Articles
Next Story
Share it