ARTICLE | 'ഹൈമെനോകലിസ്'- മരുഭൂമിയില്‍ വിടര്‍ന്ന മനോഹാരിതയുടെ പൂക്കുട

ഒരു കഥയുടെ രസതന്ത്രം തന്നെയാണ് ഈ യാത്രാവിവരണ പുസ്തകത്തിലും മുംതാസ് ടീച്ചര്‍ ഉപയോഗിക്കുന്നത്. 'ഹൈമെനോകലിസ്' എന്ന അപൂര്‍വ്വ പുഷ്പത്തിന്റെ മനോഹരമായൊരു പൂക്കുട ഉണ്ടാക്കി വായനക്കാരിലേക്ക് നീട്ടിത്തരികയാണ് ടീച്ചര്‍.

മനുഷ്യവര്‍ഗം സങ്കീര്‍ണതകളുടെ ഒരു സമസ്യയാണ്. തലച്ചോറ് പൂര്‍ണ വളര്‍ച്ചയെത്തിയ ഹോമോസാപിയന്‍സ് തൊട്ടുള്ള മനുഷ്യന്റെ പൂര്‍ണതയിലെത്താനുള്ള വ്യഗ്രത അത്ഭുതപ്പെടുത്തുന്നതാണ്. ഒരിക്കലും മനുഷ്യന്‍ ഒരിടത്തും തളച്ചിടപ്പെട്ടിട്ടില്ല. ആദ്യനാളുകളില്‍ ഭക്ഷണം തേടിയുള്ള അലച്ചിലായിരുന്നെങ്കില്‍ കൃഷി എന്ന സംസ്‌ക്കാരത്തിലൂന്നി ജീവനോപാദി കണ്ടെത്തിയപ്പോള്‍ തനതു സംസ്‌കൃതിയുടെ അതിരുകള്‍ കടന്ന് പുതിയതരം മനുഷ്യവര്‍ഗത്തെയും അവര്‍ ജീവിക്കുന്ന ഭൂപ്രദേശത്തെയും കണ്ടെത്താനുള്ള സാഹസികതയായിരുന്നു. എന്നാല്‍ കാലം അവിടെന്നും പിന്നിട്ട് മനുഷ്യന്‍ മനുഷ്യനെ നിയന്ത്രിക്കാനും ഭരിക്കാനുമുള്ള ഘട്ടമെത്തിയപ്പോള്‍ തങ്ങളുടെ അതിരുകള്‍ക്കപ്പുറം വെട്ടിപ്പിടിക്കാനുള്ള ത്വരയായിരുന്നു. രാജ്യാര്‍ത്തികള്‍ കടന്നുള്ള പടയോട്ടങ്ങളും പലായനങ്ങളും അതിന്റെ ഫലമായിരുന്നു.

എം.എ മുംതാസിന്റെ 'ഹൈമെനോകലിസ്' എന്ന പുസ്തകവും യാത്രാനുഭവത്തിന്റെ ഒരു സര്‍ഗാത്മക ബഹിര്‍ സ്ഫുരണമാണ്. 'ഹൈമെനോകലിസ്' എന്ന പേര് തന്നെ വായനക്കാരില്‍ കൗതുകത്തിന്റെയും ജിജ്ഞാസയുടെയും വിത്തുപാകുന്നുണ്ട്. ഒരു കഥയുടെ രസതന്ത്രം തന്നെയാണ് ഈ യാത്രാവിവരണ പുസ്തകത്തിലും മുംതാസ് ടീച്ചര്‍ ഉപയോഗിക്കുന്നത്.

'ഹൈമെനോകലിസ്' എന്ന അപൂര്‍വ്വ പുഷ്പത്തിന്റെ മനോഹരമായൊരു പൂക്കുടയുണ്ടാക്കി വായനക്കാരിലേക്ക് നീട്ടിത്തരികയാണ് ടീച്ചര്‍. അതിന്റെ അകം ചികഞ്ഞെടുത്ത് നോക്കിയാല്‍ ഒറ്റ വാക്യത്തില്‍ വിലയിരുത്താവുന്നതിങ്ങനെയാണ്- നിഷ്‌കളങ്കമായ ഒരു മനസിന്റെ അത്ഭുതലോകത്തിലേക്കുള്ള ഒരു തീര്‍ത്ഥയാത്ര... ഈ അത്ഭുത ലോകത്തില്‍ താന്‍ കണ്ട സംഭവങ്ങളും പ്രദേശങ്ങളും സ്ഥാപനങ്ങളും അവയെ കുറിച്ചൊന്നും മുന്നനുഭവമില്ലാത്ത വിദ്യാര്‍ത്ഥി വളരെ വിശ്വസ്തരും അനുഭവ സമ്പന്നരുമായ വഴിക്കാട്ടികളുടെ സഹായത്തോടെ തീക്ഷണമായ ഉള്‍ക്കാഴ്ചയോടെ ആസ്വദിക്കുന്നു. അത് തികഞ്ഞ സര്‍ഗാത്മക ഭാവത്തോടെ വായനക്കാരിലേക്ക് സന്നിവേശിപ്പിക്കുന്നു.

ആദ്യത്തെ രണ്ട് അധ്യായങ്ങള്‍ എഴുത്തുകാരിയുടെ സഞ്ചാരം എന്ന സമസ്യയെ കുറിച്ചുള്ള മുന്നറിവാണെങ്കില്‍ മൂന്നാം അധ്യായം മുതല്‍ മനസ് നിറയെ പ്രതീക്ഷകളുടെയും ഭാവനയുടെയും പൂക്കള്‍ വിരിയിച്ച ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക്‌വെയര്‍ എന്ന ലോകാത്ഭുത പുസ്തകമേളയുടെ വിശദീകരണങ്ങളും അവിടെയുണ്ടായ തന്റെ അനുഭവങ്ങളെയും കുറിച്ചാണ്. പുസ്തകമേളയില്‍ മലയാളം ഭാഷയ്ക്ക് പ്രത്യേകമായി മലയാളികളുടേതായ റൈറ്റേര്‍സ് ഫോറം ചെയ്യുന്ന സേവനങ്ങള്‍ അത്ഭുതത്തോടെയും ചാരിതാര്‍ത്ഥ്യത്തോടെയും എഴുത്തുകാരി അനുഭവിക്കുകയായിരുന്നു. തന്റെ പുസ്തകത്തിന്റെ പ്രകാശനം ഈ വേദിയില്‍ വെച്ച് നടന്നത് തന്റെ ജന്മസാഫല്യമായി കാണുകയാണ്. ഈ പുസ്തകോത്സവത്തിന്റെ സമാപനത്തിലേക്ക് കടക്കുമ്പോള്‍ തന്റെ മനസിലുദിച്ച വിരഹ നൊമ്പരത്തെ, ദീര്‍ഘകാലത്തെ പഠനത്തിന് ശേഷം കലാലയത്തോട് യാത്ര പറയുമ്പോള്‍ ഒരു വിദ്യാര്‍ത്ഥിക്കുണ്ടാകുന്ന ഹൃദയവേദന എന്നാണ് മുംതാസ് കോറിയിടുന്നത്.

എട്ടാം അധ്യായം മുതല്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ (യു.എ.ഇ) കഴിയുന്നതത്രയും അത്ഭുതകാഴ്ചകള്‍ ആസ്വദിക്കുന്നതിന്റെ ചിത്രീകരണമാണ്. ഷാര്‍ജയുടെ ചരിത്രപ്രധാനമായ പ്രാധാന്യം ആദ്യം തന്നെ അവര്‍ മനസിലാക്കി വെച്ചിട്ടുണ്ട്. ഷാര്‍ജ മ്യൂസിയം, ഷാര്‍ജ മറൈന്‍ അക്വേറിയം, ബുര്‍ജ് അല്‍-അറബ് എന്ന അത്യാഢംബര ഹോട്ടല്‍ സമുച്ചയം, എല്‍. മോസ്‌ക്, ഷാര്‍ജ ഫോര്‍ട്ട്, ഷാര്‍ജ ഡിസേര്‍ട്ട് പാര്‍ക്ക്, നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം, അറേബ്യന്‍ ചൈല്‍ഡ് ലൈഫ് സെന്റര്‍, ചില്‍ഡ്രന്‍സ് ഫാം, അല്‍മംമ്‌സാര്‍ ബീച്ച് പാര്‍ക്ക് എന്നിവയൊക്കെ വിവരിക്കുന്നതിലുപരി അനുഭവിക്കുന്ന വൈകാരികവസ്ഥയാണ് എം.എ മുംതാസിന്റെ എഴുത്തിലൂടെ കാണുന്നത്.

ദുബായിലെ സ്വപ്നസൗധമായ ബുര്‍ജ് ഖലീഫ, ദുബായ് മാള്‍, ദുബായ് അക്വേറിയം എന്നിവയൊക്കെ ആസ്വദിച്ച് ഗ്ലോബല്‍ വില്ലേജ് എന്ന മാസ്മരികത ലോകം മുഴുവന്‍ ഒറ്റക്കുടക്കീഴില്‍ നേരിട്ട് കാണുന്നത് പോലെ വരച്ചുവെക്കുന്നു. ദുബായിയുടെ സൗന്ദര്യം മൊത്തമായി നുകരാന്‍ പാകത്തില്‍ അവിടത്തെ ജലവാഹനത്തിലൂടെയുള്ള (ക്രൂയിസുകള്‍) യാത്രയെ കുറിച്ച് പറയുമ്പോള്‍ അതിന്റെ ഭംഗി, അവിടത്തെ ഭക്ഷണ വിഭിന്നത, കലയും സംസാകാരവും എല്ലാമടങ്ങിയ അനുഭവങ്ങളാണ് വായനക്കാരില്‍ ജനിപ്പിക്കുന്നത്.

പിന്നീടുള്ള യാത്ര അബൂദാബിയെ അനുഭവിച്ചു കൊണ്ടുള്ളതായിരുന്നു. ക്വസര്‍ അന്‍വനനിലെ വാസ്തുശില്‍പ്പത്താല്‍ സമൃദ്ധമായ മാസ്മരിക കൊട്ടാരം, ഫെരാരി വേള്‍ഡിലെ ബ്രാന്റ് തീം പാര്‍ക്ക്, 1793 കാലഘട്ടത്തില്‍ നിര്‍മ്മിച്ചതാണെന്ന് പറയപ്പെടുന്ന വൈറ്റ് ഫോര്‍ട്ട്, അബൂദാബിയില്‍ നിന്ന് കുറച്ചകലെയായി സ്ഥിതി ചെയ്യുന്ന എമിറേറ്റ്‌സ് പാര്‍ക്ക് മൃഗശാല, ഷെയ്ഖ് സായിദ് പാലം എഞ്ചിനീയറിംഗിലെ വിസ്മയം എന്നാണ് പറഞ്ഞുവെക്കുന്നത്.

അധ്യായം 18 മുതല്‍ സൗദി അറേബ്യന്‍ മണല്‍പ്പരപ്പിലൂടെയുള്ള ഒരു തീര്‍ത്ഥയാത്രയായിരുന്നു. റിയാദ്, ജിദ്ദ, ദമാം എന്നീ നഗരങ്ങളിലൂടെ ഒരു തികഞ്ഞ വിനോദസഞ്ചാരിയെ പോലെ ഖോബാറിലെ പാരാ ഗ്ലൈഡിംഗ് ഒക്കെ ആസ്വദിച്ച് അവസാനം പുണ്യഭൂമിയിലേക്കുള്ള ഒരു ആത്മീയ സന്ദര്‍ശനമായിരുന്നു. പരിശുദ്ധമായ ഉംറ നിര്‍വഹിച്ച് ഹിറാ ഗുഹയിലൂടെയുള്ള പുണ്യദര്‍ശനവും കഴിഞ്ഞ് മക്ക, മദീനയിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളൊക്കെ ഒരു തീര്‍ത്ഥാടകയെ പോലെ അലഞ്ഞ് ആത്മീയ സംതൃപ്തിയോടെ പുതിയൊരു വ്യക്തിയായാണ് എം.എ മുംതാസ് തന്റെ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയത്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it