അസീസ് ഉസ്താദ്; അന്തസ്സാര്‍ന്ന എളിമ

മകള്‍ ഫാതിമ വീട്ടില്‍ വരുമ്പോള്‍ വാത്സല്യനിധിയായ പിതാവ് മുഹമ്മദ് നബി എഴുന്നേറ്റ് നിന്ന് സ്വീകരിക്കുമായിരുന്നു. സ്വസന്തതികളോട് മാത്രമല്ല സമൂഹത്തിലെ കുട്ടികളോടും പ്രവാചകന് വലിയ സ്‌നേഹവും വാത്സല്യവുമായിരുന്നു. കുട്ടികളുടെ പ്രശ്‌നങ്ങളില്‍ പോലും നബി ഇടപെട്ടു. ഒരു കുട്ടിയുടെ അവകാശം അബൂജഹ്ല്‍ പിടിച്ചു വെച്ചപ്പോള്‍ പ്രവാചകന്‍ നേരിട്ടിടപെടുകയും അയാളില്‍ നിന്ന് വാങ്ങിക്കൊടുക്കുകയും ചെയ്തത് ഒരു മഹാസംഭവം തന്നെയായിരുന്നു. സ്വര്‍ഗലോകത്തിലെ കുഞ്ഞുങ്ങളെ കണ്ടാല്‍ മണിമുത്തുകള്‍ വിതറിയതാണോ എന്ന് തോന്നിപ്പോകും താങ്കള്‍ക്കെന്ന് ദൈവം തമ്പുരാന്‍ തിരുനബിയോടരുളി.

പ്രവാചകന്മാരുടെ അനന്തരാവകാശികളാണല്ലോ പണ്ഡിതന്മാര്‍. രണ്ടാം പൊന്നാനിയില്‍ മുദര്‍രിസും ഇമാമും ഖത്വീബും ഖാളിയുമായൊക്കെ ആയി ജീവിച്ചു. 1963ല്‍ വിടപറഞ്ഞ ഹാജി ഇസ്മാഈല്‍ മുസ്ലിയാര്‍ 1950കളുടെ അവസാനം ആരിക്കാടി സന്ദര്‍ശിക്കുന്നു. പേരമകന്റെ സുന്നത്തു കല്ല്യാണത്തില്‍ സംബന്ധിക്കാനായിരുന്നു ഖാദി ഹൗസ് സന്ദര്‍ശനം. മഹാവ്യക്തികള്‍ പലരുമുണ്ടെങ്കിലും കുട്ടികളോട് കുശലം പറയുന്നതില്‍ ഒരു പിശുക്കും കാണിച്ചില്ല. മധുരപലഹാരത്തിന് പുറമെ ആഘോഷത്തിലെ ആഹാരം നെയ്‌ച്ചോറും മട്ടന്‍ കറിയും. സുപ്രയില്‍ വെച്ച ഒരേ പാത്രത്തില്‍ നിന്ന് രണ്ടുപേര്‍ അഭിമുഖമായിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു അക്കാലത്തെ രീതി. ജ്ഞാനവൃദ്ധനും വയോവൃദ്ധനുമായ ഇസ്മാഈല്‍ മുസ്ലിയാര്‍ക്ക് അഭിമുഖമായിരുത്തിയത് ബാലനും നിസ്സാരനുമായ എന്നെ. എനിക്കല്‍പ്പം നിര്‍വികാരത നഷ്ടപ്പെടാതിരുന്നില്ല. അദ്ദേഹത്തിനാണെങ്കില്‍ എന്നെ വയറു നിറയെ തീറ്റിക്കണം. ഞാന്‍ മതിയാക്കാന്‍ ഭാവിക്കുമ്പോള്‍ ഇസ്മാഈല്‍ മുസ്ലിയാര്‍ ഒരു സൂത്രം പ്രയോഗിച്ചു.

കുറച്ചു കൂടി കറി എന്റെ ഭാഗത്ത് ചോറില്‍ ഒഴിച്ചു കളഞ്ഞു. വല്ലാത്ത വാത്സല്യം. ഇസ്മാഈല്‍ മുസ്ലിയാരുടെ മകനായ അസീസ് ഫൈസിയെ നാട്ടുകാര്‍ സ്‌നേഹാദരങ്ങളോടെ അസീസ് ഉസ്താദ് എന്നു വിളിച്ചു.

എ.പി. അബ്ദുല്‍ അസീസ് ഫൈസിക്ക് പിതാവിന്റെ അതേ സൗമ്യ സ്വാഭാവവും വാത്സല്യവുമായിരുന്നു. പല ഉസ്താദുമാരുടെ കീഴില്‍ കിതാബുകള്‍ ഓതിപ്പഠിച്ചു ഫൈസി ബിരുദം നേടിയ ശേഷം അംഗഡിമുഗറില്‍ തിരിച്ചു വന്ന് തന്റെ പിതാവിന്റെ വഴിയില്‍ നീങ്ങി. അതിമോഹമോ അത്യാഗ്രഹങ്ങളോ ഇല്ലാതെ തൊണ്ണൂറു വര്‍ഷം ജീവിച്ചു.

രണ്ടാം പൊന്നാനിയില്‍ അന്ത്യവിശ്രമം ചെയ്യുന്ന മഹാപണ്ഡിതനും സൂഫീവര്യനുമായ മുഹ്‌യുദ്ദീന്‍ മുസ്ലിയാരുടെ ചരിത്രവും സ്വപിതാവിന്റെ ശിക്ഷണവും ഖാദി മുഹമ്മദ് മുസ്ല്യാരുടെയും പയ്യക്കി വലിയ ഉസ്താദ് ഖാസി അബ്ദുല്‍ റഹിമാന്‍ മുസ്ലിയാരുടെയും മറ്റും ശൈലിയും സാമീപ്യവും അസീസ് മുസ്ലിയാരെ അസീസുസ്താദാക്കി. രണ്ടാം പൊന്നാനിയിലെ ചരിത്ര പുരുഷനായ മുഹ്‌യുദ്ദീന്‍ മുസ്ലിയാര്‍ അടക്കം ചെയ്യപ്പെട്ട ഇടം ചരിത്രമുറങ്ങുന്ന പള്ളിയുടെ തൊട്ടുവടക്ക് ചുമരിനു പുറത്ത് പ്രത്യേകമായി അടയാളപ്പെടുത്തി കാണാം.

ആ പള്ളിയുടെ മുന്നില്‍ കൂടി പോകുമ്പോള്‍ ഞാനാ ഇടം സന്ദര്‍ശിക്കുകയും രണ്ട് മിനിറ്റ് നേരം പ്രപിതാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യാറുണ്ട്. കുറച്ചു ദിവസം മുമ്പ് ചെന്നപ്പോള്‍ ആ ഖബ്‌റിന്റെ കല്ലുകള്‍ ചിലത് ഇളക്കിയതായി കണ്ടു. അസീസുസ്താദിന്റെ പ്രാര്‍ത്ഥനകള്‍ക്ക് ഒരു ആര്‍ദ്രീകരണ ശക്തിയുണ്ടായിരുന്നു. തന്റെ മരുമകള്‍ (ഡോ. സുഹ്‌റ) ഭര്‍തൃസമേതം ഹജ്ജിന് പുറപ്പെടുമ്പോള്‍ അദ്ദേഹം പ്രാര്‍ത്ഥിച്ചു: ഞങ്ങളുടെ നാഥാ, ഞങ്ങള്‍ സാധുക്കളാണ് (ഭിക്ഷാടനം നടത്തുന്ന സാധുക്കളല്ല), ദുര്‍ബലരാണ്. ഞങ്ങളുടെ ആരാധനാ നിര്‍വ്വഹണത്തില്‍ പോരായ്മകളും കുറവുകളും സംഭവിച്ചേക്കാം, ചോദിക്കാന്‍ നീയല്ലാതെ മറ്റാരുണ്ട്. ഞങ്ങള്‍ക്ക് മാപ്പ് തായോ. നീ ഏറ്റമേറ്റം മാപ്പരുളുന്നവനല്ലോ...-എല്ലാവരുടെയും കണ്ണുകള്‍ സജലങ്ങളായി, എന്റെയും.

ഇബ്രാഹീമിബ്‌നു അദ്ഹം കൊട്ടാരവും പട്ടാളവും വീടും നാടും വിട്ടു യാത്രയാവുമ്പോള്‍ പ്രാര്‍ത്ഥിച്ചതും ഏതാണ്ട് ഇങ്ങനെയായിരുന്നുവല്ലോ. അസീസ് എന്നാല്‍ അന്തസ്സുള്ളവന്‍. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയാകട്ടെ എളിമയുടെ അറ്റം.

Related Articles
Next Story
Share it