ഇന്ത്യ- പാക് സംഘര്‍ഷം; താല്‍ക്കാലികമായി അടച്ച രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ ഈ മാസം 15 വരെ പ്രവര്‍ത്തിക്കില്ല

തുര്‍ക്കി, അസര്‍ബൈജാന്‍ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് നിര്‍ത്തി ഇന്ത്യന്‍ ബുക്കിങ് പ്ലാറ്റ് ഫോമുകള്‍

ന്യൂഡല്‍ഹി: ഇന്ത്യ- പാക് സംഘര്‍ഷത്തെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ ഈ മാസം 15 വരെ പ്രവര്‍ത്തിക്കില്ലെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ശനിയാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു. മെയ് 15 ന് പുലര്‍ച്ചെ 5.29 വരെ വിമാനത്താവളങ്ങള്‍ അടച്ചിടുമെന്നാണ് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

നേരത്തെ, പാകിസ്ഥാന്റെ അതിര്‍ത്തികള്‍ക്ക് സമീപമോ പ്രധാന പ്രതിരോധ താവളങ്ങള്‍ക്ക് സമീപമോ സ്ഥിതി ചെയ്യുന്ന 24 വിമാനത്താവളങ്ങള്‍ മെയ് 10 വരെ സിവിലിയന്‍ വിമാന സര്‍വീസുകള്‍ക്കായി അടച്ചിരുന്നു. പിന്നീട് ഇത് മെയ് 15 വരെ നീട്ടുകയായിരുന്നു.

'പ്രവര്‍ത്തനപരമായ കാരണങ്ങളാല്‍, വടക്കന്‍, പടിഞ്ഞാറന്‍ ഇന്ത്യയിലുടനീളമുള്ള 32 വിമാനത്താവളങ്ങള്‍ എല്ലാ സിവിലിയന്‍ വിമാന സര്‍വീസുകള്‍ക്കുമായി താല്‍ക്കാലികമായി അടച്ചിടുന്നതായി കാട്ടി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും (എഎഐ) ബന്ധപ്പെട്ട വ്യോമയാന അധികൃതരും വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് (NOTAMs) നോട്ടീസ് നല്‍കിയിട്ടുണ്ട്, ഇത് 2025 മെയ് 9 മുതല്‍ 14 വരെ (2025 മെയ് 15 ന് 05:29 IST ന് സമാനമാണ്) പ്രാബല്യത്തില്‍ വരും,' - എന്നാണ് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

ചണ്ഡിഗഡ്, ശ്രീനഗര്‍, അമൃത് സര്‍, ലുധിയാന, കുളു മണാലി, കിഷന്‍ഗഡ്, പട്യാല, ഷിംല, കാംഗ്ര, ഭട്ടിന്‍ഡ, ജയ് സല്‍മേര്‍ എന്നീ വിമാനത്താവളങ്ങളും വിവിധ സംസ്ഥാനങ്ങളില്‍ പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വിമാനത്താവളങ്ങളും ഇതില്‍ ഉള്‍പ്പെടും.

ജമ്മു, ശ്രീനഗര്‍, ലേ, ജോധ് പുര്‍, അമൃത് സര്‍, ചണ്ഡിഗഡ്, ഭുജ്, ജാംനഗര്‍, രാജ് കോട്ട് എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ ഫ് ളൈറ്റുകള്‍ 15 വരെ റദ്ദാക്കി. ഉത്തരേന്ത്യയിലെ പല ചെറുവിമാനത്താവളങ്ങളും അടച്ചതു മൂലം ഡല്‍ഹി വിമാനത്താവളത്തില്‍ തിരക്കേറിയിട്ടുണ്ട്. ഡല്‍ഹി വഴിയുള്ള 138 വിമാനസര്‍വീസുകള്‍ റദ്ദാക്കി. പാകിസ്ഥാനെ പിന്തുണയ്ക്കുന്ന തുര്‍ക്കി, അസര്‍ബൈജാന്‍ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് പല ഇന്ത്യന്‍ ബുക്കിങ് പ്ലാറ്റ് ഫോമുകളും നിര്‍ത്തി. ഈ രാജ്യങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനും ചില പ്ലാറ്റ് ഫോമുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ദേഹപരിശോധനയും ഐഡി പരിശോധനയും കൂടുതല്‍ കര്‍ശനമാക്കി. യാത്രക്കാര്‍ 3 മണിക്കൂര്‍ മുന്‍പെത്തണം. ബോര്‍ഡിങ് ഗേറ്റ് യാത്രയ്ക്ക് 75 മിനിറ്റ് മുന്‍പ് അടയ്ക്കും. സി.ഐ.എസ്.എഫ് പരിശോധനയ്ക്കു ശേഷം ബോര്‍ഡിങ് ഗേറ്റിനടുത്ത് എയര്‍ലൈന്‍ ജീവനക്കാര്‍ വീണ്ടും പരിശോധന നടത്തും. ടെര്‍മിനല്‍ കെട്ടിടങ്ങളില്‍ യാത്രക്കാരല്ലാത്തവരെ വിലക്കി.

മെയ് 7 ന് ഇന്ത്യ പാക് ഭീകര ക്യാമ്പുകളില്‍ നടത്തിയ ആക്രമണങ്ങള്‍ക്കും തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തിനും ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ശനിയാഴ്ച രാവിലെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.

മെയ് 7 ന് പുലര്‍ച്ചെ ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി പാകിസ്ഥാന്‍, പാക് അധിനിവേശ കശ്മീരിലെ (പിഒകെ) ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സായുധ സേന നടത്തിയ ആക്രമണത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലും യുടികളിലും ഉള്ള വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടിയിരുന്നു.

അടച്ച വിമാനത്താവളങ്ങളുടെ പൂര്‍ണ്ണമായ ലിസ്റ്റ് :

അധംപൂര്‍

അംബാല

അമൃത്സര്‍

അവന്തിപൂര്‍

ബതിന്ഡ

ഭുജ്

ബിക്കാനീര്‍

ചണ്ഡീഗഡ്

ഹല്‍വാര

ഹിന്‍ഡന്‍

ജയ്‌സാല്‍മീര്‍

ജമ്മു

ജാംനഗര്‍

ജോധ്പൂര്‍

കാണ്ട്‌ല

കംഗ്ര (ഗഗ്ഗല്‍)

കേശോദ്

കിഷന്‍ഗഡ്

കുളു മണാലി (ഭുണ്ടാര്‍)

ലേ

ലുധിയാന

മുന്ദ്ര

നലിയ

പത്താന്‍കോട്ട്

പട്യാല

പോര്‍ബന്തര്‍

രാജ്‌കോട്ട് (ഹിരാസര്‍)

സര്‍സവ

ഷിംല

ശ്രീനഗര്‍

തോയ്‌സ്

ഉത്തരലൈ

Related Articles
Next Story
Share it