കേരളം വളരുന്നൂ...

കേരളം വിചാരിച്ചാല്‍ ഇച്ഛാശക്തി ഉണ്ടെങ്കില്‍ വികസനം അസാധ്യമല്ലെന്നാണ് വിഴിഞ്ഞം തെളിയിക്കുന്നത്. ഏത് വലിയ കപ്പലിനും നങ്കൂരമിടാന്‍ കഴിയുന്ന ആഴം- ഇരുപതുമീറ്റര്‍ വരെ തനത് ആഴം അന്താരാഷ്ട്ര കപ്പല്‍ ചാലിന്റെ സാന്നിധ്യം. ആഗോള സമുദ്രവ്യാപാരത്തിന്റെ 40 ശതമാനവും കടന്നുപോകുന്ന കപ്പല്‍ചാലിന്റെ പരീക്ഷണാടിസ്ഥനത്തില്‍ ഓപ്പറേഷന്‍ തുടങ്ങിയപ്പോള്‍ത്തന്നെ ലോകത്താകെ പ്രസിദ്ധിനേടാനായി എന്നതാണ് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ കണ്ടെയിനര്‍ ടെര്‍മിനല്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് പദ്ധതിയുടെ സവിശേഷത.

കേരളം വളരുന്നു, പശ്ചിമഘട്ടങ്ങളെ-

ക്കേറിയും കടന്നും ചെന്നന്യമാം

ദേശങ്ങളില്‍ അറബിക്കടലിനും

തന്‍തിരക്കൈകൊണ്ടതി-

ന്നതിരിട്ടൊതുക്കുവാനായതില്ലിന്നോളവും...

അറിവും സംസ്‌കാരവും മേല്‍ക്കുമേലൊഴുകുന്നോരുറവിന്‍ നികേതമാണിസ്ഥലം എന്നാണ് പാലാ നാരായണന്‍ നായര്‍ ഏഴുപതിറ്റാണ്ടോളം മുമ്പ് കേരളം വളരുന്നു എന്ന കാവ്യപരമ്പരയില്‍ എഴുതിയത്. പര്‍വതവും സമുദ്രവും കേരളത്തിന് പ്രതിബന്ധമായല്ല, വളര്‍ച്ചക്കുള്ള നേര്‍വഴിയാണ് കാട്ടിയത്. പുരാതനകാലം മുതല്‍ പാശ്ചാത്യലോകവുമായി ബന്ധമുള്ള കിഴക്കന്‍ നാടുകളില്‍ ഒന്നാമതുള്ള സ്ഥലങ്ങളിലൊന്നാണ് കേരളം. നാവിക ചരിത്രത്തില്‍ ഇന്ത്യയിലെ മറ്റേതൊരു പ്രദേശത്തെയുംകാള്‍ ഉയര്‍ന്നുനില്‍ക്കുന്ന സ്ഥലം. കുരുമുളകിന്റെ ഏറ്റവും വലിയ കേന്ദ്രമായ മലബാറിലേക്കുള്ള കവാടങ്ങളെന്നനിലയില്‍ മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെയുള്ള, കന്യാകുമാരിവരെയുള്ള തുറമുഖങ്ങള്‍ പാശ്ചാത്യരുടെ ഇഷ്ടസ്ഥലങ്ങളായി. ലോകചരിത്രത്തിലെ ആദ്യത്തെ പ്രധാന കൃതികളായ പെരിപ്ലസ് ഓഫ് എരിത്രിയലിലും ടോളമിയുടെ ഭൂമിശാസ്ത്രത്തിലും കേരളത്തിലെ പുഴകളും കായലുകളും തുറമുഖങ്ങളും പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു. ഇന്നത്തെ ഇന്ത്യയിലെ മറ്റധികം പ്രദേശങ്ങള്‍ ഇങ്ങനെ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. ബൈബിളിലെ പഴയനിയമത്തില്‍ സുഗന്ധദ്രവ്യങ്ങളെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ കേരളം അതില്‍ സൂചിതമാകുന്നുണ്ട്.

ഇങ്ങനെ സമുദ്രയാനത്തില്‍ മികവാര്‍ന്ന ചരിത്രവും പാരമ്പര്യവുമുണ്ടെങ്കിലും ആധുനികകാലത്ത് സമുദ്രത്തിലൂടെയുള്ള വാണിജ്യമേഖല വികസിപ്പിക്കുന്നതില്‍ കേരളത്തിന് വിജയകഥകള്‍ പറയാനുണ്ടായിരുന്നില്ല. വന്‍കിട തുറമുഖങ്ങള്‍ വികസിപ്പിക്കാന്‍ സംസ്ഥാനത്തിന്റെ തനത് സാമ്പത്തികശേഷി പോരെന്നതാണ് വലിയ പരിമിതിയായത്. ആ ന്യൂനത പരിഹരിക്കുക മാത്രമല്ല ലോകോത്തര വാണിജ്യ തുറമുഖങ്ങളിലൊന്ന് കേരളത്തില്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കേരളം നേടിയെടുത്ത ഏറ്റവും വലിയ വികസനപദ്ധതി. കഴിഞ്ഞ മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞം തുറമുഖത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചതിലും പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡണ്ടിനെ നിര്‍ബന്ധപൂര്‍വം ക്ഷണിപ്പിച്ചതും അങ്ങനെ ക്ഷണിക്കപ്പെട്ട നേതാവ് ഏതോ കാരണത്താല്‍ രണ്ട് മണിക്കൂറോളം മുമ്പ് വേദിയില്‍ ആസനസ്ഥനായതും സംഘപരിവാറിന്റെ മുദ്രാവാക്യം മുഴക്കി അസാധാരണമായി പെരുമാറിയതും പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ കക്ഷിരാഷ്ട്രീയം പ്രയോഗിച്ചതുമെല്ലാം കുറേദിവസമായി വലിയ ചര്‍ച്ചാ വിഷയമാണ്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം വേദിയില്‍ ഇടംകിട്ടിയ നേതാവ് മലയാളത്തിലെ ഏറ്റവും പ്രമുഖചാനലിന്റെ ഉടമയാണ്. അദ്ദേഹത്തിന്റെ പെരുമാറ്റത്തെ അദ്ദേഹത്തിന്റെ ചാനല്‍തന്നെ ട്രോളുകയും ചെയ്തുകൊണ്ടിരിക്കുന്നു.

വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വം ആര്‍ക്കെന്ന അനാവശ്യ ചര്‍ച്ചയും ഇതിനിടയില്‍ നടന്നുകൊണ്ടിരിക്കുന്നുവെന്നത് ദൗര്‍ഭാഗ്യകരമാണ്. വിഴിഞ്ഞം ഒരു സ്വാഭാവിക തുറമുഖമാണ്. ആ തുറമുഖം വികസിപ്പിക്കുന്നതിനുള്ള ചര്‍ച്ച ഐക്യകേരളം നിലവില്‍വന്ന ആദ്യഘട്ടത്തില്‍ത്തന്നെയുണ്ടായിരുന്നു. പിന്നീട് 1991ലെ കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് തുറമുഖമന്ത്രി എം.വി. രാഘവന്റെ നേതൃത്വത്തില്‍ വലിയ പരിശ്രമങ്ങള്‍ നടന്നു. 1996ല്‍ നായനാര്‍ മന്ത്രിസഭയുടെ കാലത്ത് നായനാര്‍ സര്‍ക്കാര്‍ പലവിധേന പരിശ്രമങ്ങള്‍ നടത്തി. 2006ലെ വി.എസ്. സര്‍ക്കാറിന്റെ കാലത്ത് അനുമതികള്‍ നേടുകയും റാങ്കുകളുടെ കണ്‍സോര്‍ഷ്യമുണ്ടാക്കി പദ്ധതി നടപ്പാക്കാന്‍ നിക്ഷേപക സംഗമം നടത്തുകയും സ്ഥലമേറ്റെടുക്കല്‍ നടപടി തുടങ്ങുകയും അടിസ്ഥാന സൗകര്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തുകയും ചെയ്തു. പിന്നീട് വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പദ്ധതിയുടെ ശേഷിക്കുന്ന അനുമതികളെല്ലാം നേടിയെടുക്കുകയും സ്വകാര്യ പങ്കാളിയായി അദാനി പോര്‍ട്ട് കമ്പനിയെ കണ്ടെത്തുകയും കരാറുറപ്പിക്കുകയും നിര്‍മ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. പിണറായി സര്‍ക്കാര്‍ വന്നശേഷം ഒമ്പതാമത്തെ വര്‍ഷമാണ് പദ്ധതി പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്തിരിക്കുന്നത്. പ്രവൃത്തിനടന്നത് ഈ കാലത്താണ്. പദ്ധതിയുടെ പ്രവൃത്തി മുക്കാല്‍ ഭാഗവും പൂര്‍ത്തിയായ ഘട്ടത്തിലാണ് ഒന്നരക്കൊല്ലം മുമ്പ് തീരദേശത്ത് വലിയ പ്രക്ഷോഭങ്ങള്‍ അലയടിച്ചത്. വിഴിഞ്ഞം പദ്ധതി ഒരുകാരണവശാലും അനുവദിക്കില്ല, പ്രവൃത്തി പൂര്‍ണമായും നിര്‍ത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മേഖലയിലെ ഒരുവിഭാഗം തീരദേശവാസികള്‍ മതസ്ഥാപനങ്ങളുടെയടക്കം നേതൃത്വത്തില്‍ നടത്തിയ സമരം വല്ലാത്ത അവസ്ഥയാണ് സൃഷ്ടിച്ചത്. കേരളത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുന്നതും പദ്ധതി മുടങ്ങിയാല്‍ കരാറുകാരന് ആയിരക്കണക്കിന് കോടി നഷ്ടപരിഹാരം നല്‍കേണ്ടിവരുന്ന പ്രശ്‌നമായിട്ടും ചില നേതാക്കളും ചില സംഘടനകളും ആ വിധ്വംസകസമരത്തെ പിന്തുണച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്റെ ഉറച്ച നിലപാട് കാരണം ആ സമരങ്ങള്‍ പരാജയപ്പെട്ടു. ഇപ്പോള്‍ പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയായിരിക്കുന്നു. കേരള സംസ്ഥാനത്തെ സംബന്ധിച്ച് ഏറ്റവും വലിയ വികസനസ്വപ്‌നമാണ് യാഥാര്‍ത്ഥ്യമായത്. അതിന്റെ പിതൃത്വം ആരെന്നതിലെ തര്‍ക്കം നിര്‍ഭാഗ്യകരമാണ്. സര്‍ക്കാറുകള്‍ എന്നത് തുടര്‍ച്ചയാണ്. ഏതെങ്കിലും ഒരു സര്‍ക്കാര്‍, ഒരു നേതാവ് എന്നതിന് പകരം കൂട്ടായ്മയുടെ വിജയമായി വേണം പദ്ധതികളുടെ പിതൃത്വത്തെ കാണാന്‍. അത് പൊളിക്കാന്‍ ശ്രമിച്ചവരെ തുറന്നുകാട്ടണമെന്നത് മറ്റൊരു കാര്യം. ഈ പദ്ധതിയെ എങ്ങനെ സംസ്ഥാനത്തിന്റ സമഗ്രമായ വികസനത്തിന് ഉപയോഗപ്പെടാത്താമെന്ന കൂട്ടായ ആലോചനയാണാവശ്യം. ദേശീയപാതയുടെ വികസനം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകാന്‍ പോകുന്നു. വിഴിഞ്ഞം തുറമുഖമുണ്ടായതിന്റെ നേട്ടത്തെ എങ്ങനെ ദേശീയപാതാ വികസനവുമായി ബന്ധപ്പെടുത്തി കൂടുതല്‍ നേട്ടം കൈവരിക്കാന്‍ കഴിയുമെന്നാണ് ആലോചന. അതോടൊപ്പം ദേശീയജലപാതാ വികസനം ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണെന്നതും ശ്രദ്ധയിലുണ്ടാകണം. കൊല്ലം കോട്ടപ്പുറം ജലപാതയ്ക്കിപ്പുറം നീലേശ്വരം വരെയും ബേക്കല്‍വരെയും ജലപാത വികസിപ്പിക്കുന്നതിന് കാല്‍നൂറ്റാണ്ടോളമായി നടക്കുന്ന പരിശ്രമം ഇനിയെങ്കിലും ത്വരിതപ്പെടേണ്ടതുണ്ട്.

കേരളം വിചാരിച്ചാല്‍ ഇച്ഛാശക്തിയുണ്ടെങ്കില്‍ വികസനം അസാധ്യമല്ലെന്നാണ് വിഴിഞ്ഞം തെളിയിക്കുന്നത്. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും വിഴിഞ്ഞം പദ്ധതിക്കായി ചെലവായ 8686.80 കോടി രൂപയില്‍ 5370.86 കോടി രൂപയും സംസ്ഥാനമാണ് ചെലവഴിച്ചത്. അദാനി പോര്‍ട്ട് കമ്പനി 2497 കോടിയാണ് ഇതേവരെ ചെലവാക്കിയത്. കേന്ദ്രസര്‍ക്കാറാകട്ടെ സ്വന്തം പദ്ധതിയെന്ന നിലയില്‍ പരസ്യം ചെയ്‌തെങ്കിലും സ്വന്തം നിലയക്ക് ഗ്രാന്റോ ഫണ്ടോ നല്‍കിയില്ല. വയബിലിറ്റി ഗ്യാപ് ഫണ്ട് ഇനത്തില്‍ കേന്ദ്രം ലഭ്യമാക്കിയത് 818 കോടി രൂപയാണ്. അതാകട്ടെ വായ്പയാണ് താനും.


ഏത് വലിയ കപ്പലിനും നങ്കൂരമിടാന്‍ കഴിയുന്ന ആഴം- ഇരുപതുമീറ്റര്‍വരെ തനത് ആഴം അന്താരാഷ്ട്ര കപ്പല്‍ ചാലിന്റെ സാന്നിധ്യം. ആഗോള സമുദ്രവ്യാപാരത്തിന്റെ 40 ശതമാനവും കടന്നുപോകുന്ന കപ്പല്‍ചാലിന്റെ പരീക്ഷണാടിസ്ഥനത്തില്‍ ഓപ്പറേഷന്‍ തുടങ്ങിയപ്പോള്‍ത്തന്നെ ലോകത്താകെ പ്രസിദ്ധിനേടാനായെന്നതാണ് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ കണ്ടെയിനര്‍ ടെര്‍മിനല്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് പദ്ധതിയുടെ സവിശേഷത. ലോകത്തെ ഏറ്റവും വലിയ കപ്പല്‍കമ്പനികള്‍ വിഴിഞ്ഞത്തെ അവരുടെ ശൃഖലയില്‍ ചേര്‍ത്തിരിക്കുന്നു. ഉദാഹരണത്തിന് മെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനി... വിഴിഞ്ഞം യാഥാര്‍ത്ഥ്യമായ സാഹചര്യത്തില്‍ പിതൃത്വ ചര്‍ച്ച മാറ്റിവെച്ച് വിഴിഞ്ഞം പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കുന്നതിനെക്കുറിച്ചും അനുബന്ധ വികസനത്തെക്കുറിച്ചുമാണ് ആലോചിക്കേണ്ടത്.

ലോജിസ്റ്റിക്കല്‍ ടൗണ്‍ഷിപ്പ്, കോവളത്ത് ഹെല്‍ത്ത് ടൂറിസം ഹബ്ബ്, ഫുഡ് പ്രോസസിങ്ങ് ഹബ്ബ് തുടങ്ങി സര്‍ക്കാര്‍ ഇതിനകം തന്നെ വിഭാവനം ചെയ്തിട്ടുള്ള പദ്ധതികള്‍ നടപ്പാക്കാനുള്ള വിഭവശേഷി നേടുകയടക്കമുള്ള സംഗതികള്‍. വിദേശത്തുനിന്നെത്തുന്ന ചരക്കുകള്‍ വൈകാതെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിനുള്ള കരയാത്രാ സൗകര്യം, ജലയാത്രാ സൗകര്യം എന്നിവ ഏര്‍പ്പെടുത്തേണ്ടതുണ്ട്. മാത്രമല്ല നമ്മുടെ നാട്ടില്‍ ഉല്‍പാദിപ്പിക്കുന്ന വിഭവങ്ങള്‍ കയറ്റിയയക്കുന്നതിനുള്ള സാധ്യതകളും വര്‍ധിപ്പിക്കണം.

Related Articles
Next Story
Share it