വയോജനങ്ങളുടെ ജീവിതത്തില്‍ ഉണര്‍വ് വരുത്തുക ലക്ഷ്യം; യങ് സീനിയേഴ്‌സ് മീറ്റപ്പ് കാസര്‍കോട് സംഘടിപ്പിച്ചു

കാസര്‍കോട് ജില്ലയിലെ പല ഭാഗങ്ങളില്‍ നിന്നുമായി 30 ഓളം ആളുകള്‍ പങ്കെടുത്തു.

കാസര്‍കോട്: പ്രായമേറും കാലത്ത് പ്രിയമേറും ജീവിതം എന്ന ആപ്തവാക്യവുമായി 60 വയസ്സിനു മുകളിലുള്ളവര്‍ക്കായി മാനസികമായും ശാരീരികമായും സാമൂഹ്യപരമായ ഇടപെടലുകള്‍ നടത്തി അവരുടെ ജീവിത നിലവാരത്തെ മെച്ചപ്പെടുത്താനായി രൂപം നല്‍കിയ ഒരു കൂട്ടായ്മയാണ് യങ് സീനിയേഴ്‌സ് ഫൗണ്ടേഷന്‍.

സമൂഹത്തില്‍ വയോജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ഒറ്റപ്പെടലുകളേയും മറ്റു സാമൂഹിക ബുദ്ധിമുട്ടുകളെയും ഒരു പരിധിവരെ അകറ്റി നിര്‍ത്തി അവരുടെ ജീവിതത്തില്‍ പുതിയൊരു ഉണര്‍വ് വരുത്താനായി യങ് സീനിയേഴ്‌സ് ഫൗണ്ടേഷന്‍ രൂപം നല്‍കിയ ഒരു കൂട്ടായ്മയാണ് യങ് സീനിയേഴ്‌സ് ക്ലബ്.

ഇതിന്റെ ഭാഗമായി കെ.എസ്. അബ്ദുള്ള ഹോസ്പിറ്റല്‍ തളങ്കര കാസര്‍കോട് വെച്ച് ഒരു യങ് സീനിയേഴ്‌സ് മീറ്റപ്പ് സംഘടിപ്പിച്ചു. കാസര്‍കോട് ജില്ലയിലെ പല ഭാഗങ്ങളില്‍ നിന്നുമായി 30 ഓളം ആളുകള്‍ പങ്കെടുത്തു. സമൂഹത്തില്‍ നിലവില്‍ വയോധികര്‍ നേരിടുന്ന വെല്ലുവിളികളെപ്പറ്റിയും പ്രായമായാല്‍ എന്തൊക്കെ ആണ് തങ്ങളുടെ സമൂഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും തുടങ്ങിയ ചര്‍ച്ചകള്‍ യങ് സീനിയേഴ്‌സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദ് റിയാസ് ഹസന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു.

പ്രായമായാലുണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങളും ആവശ്യമായ വ്യായാമങ്ങളെപ്പറ്റിയും കെ.എസ് അബ്ദുള്ള ഹോസ്പിറ്റല്‍ കണ്‍സല്‍ട്ടന്റ് ഫിസിയോ തെറാപ്പിസ്റ്റ് ഡോ. അയിഷ തസിയ വിശദമായി ക്ലാസ് എടുത്തു. തുടര്‍ന്ന് കലാപരിപാടികളും ഗെയിം സെഷനും സംഘടിപ്പിച്ചു.

കെ.എസ് അബ്ദുള്ള ഹോസ്പിറ്റല്‍ ചെയര്‍മാന്‍ കെ.എസ് അന്‍വര്‍ സാദത്ത്, റീഗല്‍ ഫൂട്ട് കെയര്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് റഹീസ് എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. യങ് സീനിയേഴ്‌സ് ഫൗണ്ടേഷന്‍ പ്രോജക്ട് മാനേജര്‍ അഭിരാമി പി.സി, ജിനു പി, മാലിക് ദീനാര്‍ നഴ്‌സിംഗ് കോളജ് വോളന്റിയേഴ്സ്, അധ്യാപകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it