എസ്.എം വിദ്യാനഗര്‍ അറിവിന് പിന്നാലെ അവസാന കാലം വരെ സഞ്ചരിച്ച 'വിദ്യാര്‍ത്ഥി'

എഴുത്തുകാരന്‍, പ്രഭാഷകന്‍, സംഘാടകന്‍, അധ്യാപകന്‍, ഗ്രന്ഥകാരന്‍, വിവര്‍ത്തകന്‍, പണ്ഡിതന്‍, കൃഷിക്കാരന്‍... അങ്ങനെ വേറിട്ടൊരു ജീവിതം നയിച്ച പച്ചയായ മനുഷ്യന്‍. എളിമയുടെ പര്യായം. അറിവിന് പിന്നാലെ അവസാന കാലം വരെയും നിരന്തരം യാത്ര നടത്തിയ 'വിദ്യാര്‍ത്ഥി'. അറിവില്ലായ്മക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം. എസ്സം വിദ്യാനഗര്‍ ഇതൊക്കെയായിരുന്നു. എസ്. മുഹമ്മദ് എന്നാണ് യഥാര്‍ത്ഥ പേര്.
എസ്.എം വിദ്യാനഗര്‍ വിടവാങ്ങി. എഴുത്തുകാരന്‍, പ്രഭാഷകന്‍, സംഘാടകന്‍, അധ്യാപകന്‍, ഗ്രന്ഥകാരന്‍, വിവര്‍ത്തകന്‍, പണ്ഡിതന്‍, കൃഷിക്കാരന്‍... അങ്ങനെ വേറിട്ടൊരു ജീവിതം നയിച്ച പച്ചയായ മനുഷ്യന്‍. എളിമയുടെ പര്യായം. അറിവിന് പിന്നാലെ അവസാന കാലം വരെയും നിരന്തരം യാത്ര നടത്തിയ 'വിദ്യാര്‍ത്ഥി'. അറിവില്ലായ്മക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം. എസ്സം വിദ്യാനഗര്‍ ഇതൊക്കെയായിരുന്നു. എസ്. മുഹമ്മദ് എന്നാണ് യഥാര്‍ത്ഥ പേര്. വിശ്രമജീവിതത്തിലും എഴുത്തിന്റെ ലോകത്ത് എസ്.എം വിദ്യാനഗര്‍ സദാ നിരതനായിരുന്നു. 1936ല്‍ ആലംപാടിയുടെ വടക്ക് ഭാഗത്തുള്ള സുബ്ബന്‍തൊട്ടിയിലെ ഒരു കര്‍ഷക കുടുംബത്തിലാണ് ജനനം. മാതൃപിതാവിന്റെ സ്‌കൂളിലെ പഠനത്തോടൊപ്പം ഉപ്പയോടൊത്തുള്ള കൃഷിയിലും എസ്. മുഹമ്മദ് തല്‍പരതനായി. പിന്നീട് തായി ഉസ്താദിന്റെ ശിക്ഷണത്തില്‍ ആലിയ സ്ഥാപനത്തില്‍ അഞ്ചു വര്‍ഷത്തോളം നീണ്ടുനിന്ന പഠനം. അധ്യാപകന്‍ സ്വലാഹുദ്ദീന്‍ മൗലവിയുടെ സമശീര്‍ഷകന്‍. ഇഖ്ബാലിന്റെ കവിതകളെ പരിചയപ്പെടുന്നതും ബന്ധം സ്ഥാപിക്കുന്നതും അവിടെ വെച്ചാണ്. ആ ക്യാമ്പസില്‍ നിന്നാണ് ഉറുദു പഠിച്ചതും അതിനോട് ഭ്രമം തോന്നിയതും. ഒരേ കാലഗണനയിലാണ് എസ്.എം വിദ്യാനഗറും സ്വലാഹുദ്ദീന്‍ മൗലവിയും ഫാറൂഖ് റൗളത്തുല്‍ ഉലൂം കോളേജില്‍ എത്തുന്നത്. സ്വലാഹുദ്ദീന്‍ മൗലവി അധ്യാപകന്റെ റോളിലും എസ്.എം വിദ്യാനഗര്‍ വിദ്യാര്‍ത്ഥിയുടെ റോളിലും. 1958ല്‍ ഫാറൂഖ് റൗളത്തുല്‍ ഉലൂം കോളേജില്‍ അഫ്ദലുല്‍ ഉലുമ ബിരുദം നേടി. അതിനിടെ എസ്.എസ്.എല്‍.സി എന്ന കടമ്പയും കടന്നു. ബിരുദ വിദ്യാഭ്യാസത്തിനിടയില്‍ തന്നെ സ്വലാഹുദ്ദീന്‍ മൗലവിയുടെ സജീവപിന്തുണയോടെ ഉറുദു പഠനവും അധ്യാപനവും ഒരേ നൂലില്‍ കോര്‍ത്തു മുന്നോട്ട് പോയി. മലയാളത്തിലും ഉറുദുവിലും അറബിയിലും വൈകാതെ കൈതഴക്കം വന്നു. അഫ്ദലുല്‍ ഉലുമബിരുദം ലഭിച്ചതോടെ ഔദ്യോഗികമായി അധ്യാപകനായി സ്‌കൂളില്‍ നിയമിതനായി. അധ്യാപനത്തിന്റെ ആദ്യനാള്‍വഴികള്‍ കോഴിക്കോട് ചാലിയം ഉമ്പിച്ചി സ്‌കൂളിലായിരുന്നു ചെലവഴിച്ചത്. അവിടെ 5 വര്‍ഷക്കാലം. ആ കാലഘട്ടത്തിലാണ് ചന്ദ്രിക ആഴ്ചപ്പതിപ്പിലെ അസി.എഡിറ്ററായിരുന്ന അബൂബക്കറിനെ പരിചയപ്പെടുന്നതും സൗഹൃദം പുലരുന്നതും എഴുത്തിന്റെ ലോകത്തേക്ക് ചുവടുവെക്കുന്നതും. പ്രസിദ്ധീകരണത്തിന്റെ ആദ്യ പേജുകളില്‍ തന്നെ അദ്ദേഹത്തിന്റെ എഴുത്തിന് സ്ഥാനം നല്‍കിയിരുന്നു. ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാനാ ആസാദിന്റെ ഉറുദുവിലെ എഴുത്തുകള്‍ മലയാളത്തില്‍ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ മൊഴി മാറ്റം ചെയ്തു. എന്‍.വി ദേവന്‍, എ.കെ നായര്‍, കെ.കെ മുഹമ്മദ് മദനി, ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി തുടങ്ങിയവര്‍ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ എഴുതുന്ന കാലം. ആദ്യമൊക്കെ എസ്. മുഹമ്മദ് വിദ്യാനഗര്‍ എന്ന പേര് എഴുത്തിന്റെ പോരിശയാല്‍ എസ്.എം വിദ്യാനഗര്‍ എന്ന തൂലികാനാമമായി പരിവര്‍ത്തിച്ചു.
കോഴിക്കോട് ചാലിയം ഉമ്പിച്ചി സ്‌കൂള്‍ കഴിഞ്ഞ് പഴയങ്ങാടി സ്‌കൂള്‍, വള്ളിക്കോത്ത് സ്‌കൂള്‍, കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്‌കൂള്‍, വള്ളിക്കുന്ന് സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി. ഇതിനിടയില്‍ ആറ് മാസം തിരുവനന്തപുരത്ത് അറബിക് അധ്യാപക പരിശീലനം പൂര്‍ത്തിയാക്കി. കാസര്‍കോട് മുനിസിപ്പല്‍ ഹൈസ്‌കൂളിലും പഠിപ്പിച്ചു. പട്‌ല ഗവ. സ്‌കൂളില്‍ 1967-68 വര്‍ഷത്തിലായിരുന്നു അധ്യാപനം. അടുത്ത വര്‍ഷം തളങ്കര ഗവ. മുസ്ലിം സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അധ്യാപകനായി. കാസര്‍കോട് ഗവ. ഹൈസ്‌കൂള്‍, തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപനായിരിക്കെ പട്‌ല തായല്‍ ജുമാ മസ്ജിദില്‍ ഖത്തീബായും സേവനം ചെയ്തു. മഹാകവി ടി. ഉബൈദ് സാഹിബ് അദ്ദേഹത്തിന് ജ്യേഷ്ഠ സുഹൃത്തായിരുന്നു. എസ്.എം വിദ്യാനഗറിന്റെ പുസ്തകത്തിന് ആമുഖം എഴുതിയത് ടി. ഉബൈദ് ആയിരുന്നു. മൂന്ന്-നാല് പുസ്തകങ്ങള്‍ മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. അറബിക് അധ്യാപക നേതൃത്വത്തിലും സംഘാടനത്തിന്റെ തിരക്കിലും ഇസ്ലാഹി പ്രവര്‍ത്തനങ്ങളില്‍ സജീവമായത് കൊണ്ടും എഴുതുന്നതിലും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ല. മാതൃഭൂമി, ചന്ദ്രിക, അല്‍അനാര്‍, സനാബീല്‍, വിചിന്തനം, ശബാബ്, ഉത്തരദേശം, കാരവല്‍, അല്‍ ബുഷ്‌റ... തുടങ്ങിയ പത്ര-വാരിക-മാസികകളില്‍ അദ്ദേഹത്തിന്റെ മഷി പുരണ്ടു. റമദാന്‍ കാലങ്ങളില്‍ എസ്.എം വിദ്യാനഗര്‍ നിരന്തരമായി ഉത്തരദേശത്തില്‍ എഴുതുമായിരുന്നു. കെ.എം അഹ്മദ് മാഷുമായുള്ള ഉറ്റ ബന്ധം അദ്ദേഹത്തെ ഉത്തരദേശത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചു.
ഗവണ്‍മെന്റ് സര്‍വീസ് കഴിഞ്ഞ് (1991ന് ശേഷം) കാസര്‍കോട് ജില്ലയിലെ കൂഞ്ചത്തൂര്‍ അറബിക് കോളേജിലും വിദ്യാനഗര്‍ ഇസ്ലാഹി അറബിക് കോളേജിലും എസ്.എം വിദ്യാനഗര്‍ പ്രിന്‍സിപ്പാളായി സേവനം ചെയ്തിരുന്നു. പ്രിയപ്പെട്ട അധ്യാപകനെ കുറിച്ച് പഴയ വിദ്യാര്‍ത്ഥികള്‍ക്കെല്ലാ ഒരുപാട് പറയാനുണ്ട്. ആത്മീയ വഴിയില്‍ സഞ്ചരിക്കുമ്പോഴും അധ്യാപകനെന്ന നിലയില്‍ എല്ലാ വിദ്യാര്‍ത്ഥികളോടും കാണിച്ചിരുന്ന സ്‌നേഹബന്ധത്തിന്റെ കഥയാണ് ഏറെയും.