വേണം സുരക്ഷയും ജാഗ്രതയും

ജമ്മു കശ്മീരില്‍ അനന്ത്‌നാഗിലെ പഹല്‍ഗാമില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കത്തിലാണ് രാജ്യം. 26 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. പഹല്‍ഗാമിലുള്ള ബൈസരണ്‍ സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. കൊല്ലപ്പെട്ട 26 പേരില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു. ഇരുപതിലധികം പേര്‍ ഗുരുതരമായ പരിക്കുകളോടെ വിവിധ ആസ്പത്രികളിലായി ചികിത്സയില്‍ കഴിയുകയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ പഹല്‍ഗാമില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെ ബൈസരണ്‍ താഴ്‌വരയില്‍ ട്രക്കിങ്ങിന് പോയവര്‍ക്ക് നേരെ സൈനികവേഷത്തിലെത്തിയ സംഘമാണ് തുരുതുരാ വെടിയുതിര്‍ത്തത്. ലഷ്‌കര്‍ ത്വയ്ബയുടെ അനുബന്ധ സംഘടനയായ റെസ്റ്റന്‍സ് ഫ്രണ്ട് ആണ് ഈ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്.

2019ലെ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമാണ് കശ്മീരില്‍ ഇത്രയും വലിയ ആക്രമണം നടക്കുന്നത്. പുല്‍വാമ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത് 40 സൈനികര്‍ക്കാണ്. മുമ്പ് നിരന്തരം ഭീകരാക്രമണങ്ങള്‍ നടന്നിരുന്ന കശ്മീരില്‍ കഴിഞ്ഞ കുറേ നാളുകളായി ഇത്തരം സംഭവങ്ങള്‍ അധികമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. അതുകൊണ്ടുതന്നെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കശ്മീര്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. സ്ഫടികം പോലെ തെളിഞ്ഞ തടാകവും വിശാലമായ പുല്‍മേടുകളും കുറ്റിക്കാടുകളും നിറഞ്ഞ മനോഹരമായ പ്രദേശമാണ് പഹല്‍ഗാം. മിനി സ്വിറ്റ്‌സര്‍ലണ്ട് എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. വാഹനങ്ങള്‍ക്ക് അപ്രാപ്യമായ ഈ സ്ഥലത്ത് എത്തണമെങ്കില്‍ നടക്കണം. അല്ലെങ്കില്‍ കുതിരസവാരി വേണ്ടിവരും. പരിക്കേറ്റവരെ ആസ്പത്രിയിലെത്തിക്കാന്‍ ഹെലികോപ്ടര്‍ തന്നെ വേണ്ടിവന്നു. ഏപ്രില്‍മാസത്തിലാണ് പഹല്‍ഗാമില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരാറുള്ളത്. തിരക്ക് കൂടിയ സമയം നോക്കി നടത്തിയ ഭീകരാക്രമണം കൃത്യമായ ആസൂത്രണത്തോടെ തന്നെയായിരുന്നുവെന്ന് വേണം കരുതാന്‍.

2008ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരില്‍ ഒരാളായ ലഷ്‌കര്‍ ഭീകരന്‍ തഹാവൂര്‍ റാണയെ വിചാരണക്കായി ഇന്ത്യയിലെത്തിച്ചതോടെ ഇതിന് മറുപടിയെന്ന വണ്ണം ഭീകരാക്രമണത്തിന് പദ്ധതി തയ്യാറാക്കിയെന്ന് വേണം കരുതാന്‍. ലഷ്‌കര്‍ ത്വയ്ബയുടെ ഉന്നത കമാണ്ടര്‍ സിയാവുര്‍ റഹ്‌മാന്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലവുമുണ്ട്. കശ്മീരില്‍ കൂടുതല്‍ സുരക്ഷയും ജാഗ്രതയും അനിവാര്യമാണെന്നാണ് പഹല്‍ഗാം സംഭവം തെളിയിക്കുന്നത്. കശ്മീരില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടത് അനിവാര്യമാണ്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it