വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം വേണം

ചൂട് കനത്തതോടെ കേരളത്തില്‍ വൈദ്യുതി ഉപയോഗം ഇരട്ടിയായിരിക്കുന്നു. ചൂടിനെ അതിജീവിക്കാന്‍ ജനങ്ങള്‍ കൂടുതലും ആശ്രയിക്കുന്നത് വൈദ്യുതിയെ ആയതിനാലാണ് ഇതിന്റെ ഉപയോഗത്തിലും റിക്കാര്‍ഡ് വര്‍ധനവുണ്ടായിരിക്കുന്നത്. വീടുകളിലും ആസ്പത്രികളിലും സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകളടക്കമുള്ള സ്ഥാപനങ്ങളിലുമെല്ലാം അമിതമായി വൈദ്യുതി ഉപയോഗിക്കേണ്ടിവരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. വീടുകളിലും സ്ഥാപനങ്ങളിലും ചൂടിനെ അകറ്റാന്‍ ഫാനുകള്‍ മാത്രം മതിയാകുന്നില്ല. വന്‍ തുക മുടക്കി സാധാരണക്കാര്‍ പോലും തങ്ങളുടെ വീടുകളില്‍ എയര്‍ കണ്ടീഷന്‍ സജ്ജീകരിക്കുകയാണ്. സാധാരണ ദിവസങ്ങളില്‍ പീക്ക് സമയത്ത് 207 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചിരുന്നത്. വേനല്‍ കടുത്തതിനെ തുടര്‍ന്ന് ചൂട് അസഹ്യമായതോടെ വൈദ്യുതി ഉപയോഗം ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്.
കാസര്‍കോട് ജില്ലയിലും വൈദ്യുതി ഉപയോഗത്തില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഈ നില തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ ലോഡ് ഷെഡിംഗിന് വരെ സാധ്യതയുണ്ട്. മുന്‍ കാലങ്ങളില്‍ വൈകിട്ട് ആറുമണിമുതല്‍ രാത്രി 11 മണിവരെയാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗമുണ്ടായിരുന്നതെങ്കില്‍ പുതിയ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. രാത്രി 11 മണിമുതല്‍ പുലര്‍ച്ചെ ഒരുമണിവരെയും ഉപയോഗം വര്‍ധിച്ചുവെന്നാണ് വ്യക്തമായിരിക്കുന്നത്.
ചൂടിന് കാഠിന്യമുള്ള സമയത്താണ് ആഘോഷദിവസങ്ങള്‍ വന്നത്. ഈ സമയത്തെ ആഘോഷ ദിവസങ്ങളില്‍ വൈദ്യുതി ഉപഭോഗം സാധാരണ ദിവസങ്ങളേക്കാള്‍ കൂടുന്നുണ്ട്. വാണിജ്യ സ്ഥാപനങ്ങളിലെയും വീടുകളിലെയും എ.സി ഉപയോഗം മുന്‍ വര്‍ഷങ്ങളെക്കാള്‍ പതിന്മടങ്ങ് വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
11 കെ.വി ഫീഡറുകള്‍ കുറവുള്ള സ്ഥലങ്ങളില്‍ പ്രാദേശികമായി ഇടയ്ക്കിടെ വൈദ്യുതിമുടക്കമുണ്ടാകുന്നതും അവിടങ്ങളിലെ ജനങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തുന്നു. മഞ്ചേശ്വരം ഭാഗത്ത് ഇടയ്ക്കിടെ വൈദ്യുതി തടസങ്ങളുണ്ടാകുന്നതായി പരാതിയുണ്ട്. കര്‍ണ്ണാടകയില്‍ നിന്നുള്ള 110 കെ.വി ലൈനാണ് മഞ്ചേശ്വരം കുബനൂരിലേക്ക് എത്തുന്നത്. കുബനൂരില്‍ നിന്ന് റെയില്‍വെ ഫീഡറിലേക്ക് വൈദ്യുതി എടുക്കുന്നുണ്ട്. കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചതോടെ ആ സമയത്ത് ലൈനില്‍ ലോഡ് കൂടുകയും വൈദ്യുതിവിതരണത്തില്‍ തടസങ്ങളുണ്ടാവുകയും ചെയ്യുന്നു. ഈ ഭാഗത്തേക്ക് വൈദ്യുതിയെത്തിക്കുന്നത് കര്‍ണ്ണാടകയിലെ കൊണാജെയില്‍ നിന്നാണ്.
കടുത്ത ചൂടില്‍ വൈദ്യുതിയുടെ ഉപഭോഗം കൂടുന്നതില്‍ ആരെയും കുറ്റപ്പെടുത്താനാകില്ല. എങ്കില്‍ പോലും ഇക്കാര്യത്തില്‍ പരമാവധി നിയന്ത്രണം പാലിച്ചാല്‍ അതിന്റെ പ്രയോജനം വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്രമല്ല സംസ്ഥാനത്തിന് മൊത്തം ലഭിക്കും. നിയന്ത്രണം പാലിച്ചില്ലെങ്കില്‍ വൈദ്യുതി നിരക്ക് കൂടുന്നതിനൊപ്പം നിരന്തരമായ ലോഡ് ഷെഡിംഗും പവര്‍കട്ടിംഗും അനുഭവിക്കേണ്ടിവരും.