നടന്‍ ആന്‍സണ്‍ പോള്‍ വിവാഹിതനായി; വധു നിധി ആന്‍
തൃപ്പൂണിത്തുറ രജിസ്റ്റര്‍ ഓഫിസില്‍ വച്ച് തീര്‍ത്തും ലളിതമായ ചടങ്ങിലായിരുന്നു വിവാഹം

നടന്‍ ആന്‍സണ്‍ പോള്‍ വിവാഹിതനായി. തിരുവല്ല സ്വദേശി നിധി ആന്‍ ആണ് വധു. യുകെയില്‍ സ്ഥിര താമസമായിരുന്ന നിധി ഇപ്പോള്‍ നാട്ടില്‍ സ്വന്തമായി ബിസിനസ് നടത്തി വരികയാണ്. തൃപ്പൂണിത്തുറ രജിസ്റ്റര്‍ ഓഫിസില്‍ വച്ച് തീര്‍ത്തും ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ഇരുവരും പരസ്പരം തുളസിമാല ചാര്‍ത്തുകയും കേക്ക് മുറിക്കുകയും ചെയ്തു.
വിവാഹത്തില്‍ ലളിതമായ വസ്ത്രങ്ങളാണ് ഇരുവരും തിരഞ്ഞെടുത്തത്. ഇളം പച്ച ഷര്‍ട്ടും മുണ്ടുമായിരുന്നു ആന്‍സണ്‍ന്റെ വിവാഹവേഷം. കറുപ്പ് ബോര്‍ഡര്‍ വരുന്ന ക്രീം നിറത്തിലുള്ള സാരിയും കറുപ്പ് ബ്ലൗസുമായിരുന്നു നിധിയുടെ ഔട്ട് ഫിറ്റ്. കുടുംബാംഗങ്ങളുടെയും വളരെ അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസവും ലളിതമായി ആഘോഷിച്ചതില്‍ നടനെ പ്രശംസിച്ച് നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. ഉണ്ണി മുകുന്ദന്റെ 'മാര്‍ക്കോ' എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ആന്‍സണ്‍ കൈകാര്യം ചെയ്തിരുന്നു.
2013ല്‍ കെക്യു എന്ന മലയാള സിനിമയില്‍ നായകനായാണ് ആന്‍സണ്‍ അഭിനയരംഗത്തെത്തുന്നത്. 2015ല്‍ സു സു സുധി വാത്മീകം എന്ന സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചു. 2016ല്‍ റെമോയിലൂടെ തമിഴ് സിനിമയിലും അരങ്ങേറി.