കാസര്‍കോട്: കാസര്‍കോട് നഗരത്തിലെയും പരിസരങ്ങളിലെയും റോഡുകളില്‍ ചതിക്കുഴികള്‍ വ്യാപകം. അപകടങ്ങളും തുടര്‍ക്കഥയാവുന്നു. നഗരത്തിലെ റോഡുകളില്‍ പലയിടത്തും ചെറുതും വലുതുമായ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. നഗരപരിസരത്തെ ചിലയിടങ്ങളില്‍ റോഡ് മീറ്ററുകളോളം തകര്‍ന്നിട്ടുണ്ട്. കെ.എസ്.ടി.പി റോഡില്‍ പരക്കെ നിരവധി കുഴികളാണ് ഉള്ളത്. കുഴികളില്‍ വീഴാതിരിക്കാന്‍ ഇരുചക്ര വാഹനങ്ങള്‍ വെട്ടിക്കുമ്പോള്‍ വലിയ വാഹനങ്ങള്‍ ഇരുചക്ര വാഹനങ്ങളില്‍ തട്ടി അപകടങ്ങളുണ്ടാക്കുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് പലപ്പോഴും വലിയ അപകടങ്ങളൊഴിവാകുന്നത്. തകര്‍ന്ന റോഡുകളില്‍ മഴയ്ക്ക് മുമ്പ് അറ്റകുറ്റപ്പണി നടത്തിയിരുന്നുവെങ്കിലും മഴ തുടങ്ങിയതോടെ റോഡുകള്‍ തകര്‍ന്ന് കുഴികള്‍ രൂപപ്പെടുകയായിരുന്നു. ചന്ദ്രഗിരി പാലത്തിന് മുമ്പുള്ള റോഡ് ഭാഗം തകര്‍ന്നതിനാല്‍ ദിവസങ്ങളോളം റോഡ് അടച്ചിട്ട് ഇവിടെ ഇന്റര്‍ലോക്ക് പാകി പ്രവൃത്തി നടത്തിയിരുന്നുവെങ്കിലും വാഹനങ്ങള്‍ കടന്നുപോയിത്തുടങ്ങിയതോടെ റോഡ് തകരുകയായിരുന്നു. ഇത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
അറ്റകുറ്റപണികളിലെ അശാസ്ത്രീയതയും അഴിമതിയുമാണ് റോഡ് വേഗത്തില്‍ തകരാന്‍ കാരണമാകുന്നതെന്നാണ് പരാതി. മഴ പെയ്താല്‍ കുഴികളില്‍ ചെളിവെള്ളം കെട്ടിക്കിടക്കുന്നതും മഴമാറിയാല്‍ ഇവിടങ്ങളില്‍ നിന്ന് പൊടിപടലങ്ങള്‍ ഉയരുന്നതും യാത്രക്കാര്‍ക്ക് വലിയ ദുരിതമാവുന്നു. കുഴികളില്‍ വീണ് ഇരുചക്ര വാഹനങ്ങളുടേതടക്കം സാമഗ്രികള്‍ തകരാറിലാവുന്നത് വാഹന ഉടമകള്‍ക്ക് സാമ്പത്തിക പ്രയാസമുണ്ടാക്കുന്നു. കോണ്‍ക്രീറ്റ് ചെയ്ത റോഡുകള്‍ പോലും മാസങ്ങള്‍ കഴിയുമ്പോള്‍ തകരുന്നുവെന്നാണ് പരാതി.
നഗരത്തിലെ റോഡുകളില്‍ പലേടത്തും ചതിക്കുഴികളുണ്ട്. കുഴികള്‍ വെട്ടിക്കുമ്പോള്‍ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും ഇതോടൊപ്പം ഗതാഗത തടസ്സമുണ്ടാകുന്നതിനും കാരണമാവുന്നു.