സൗണ്ട്‌സിനെയും മാപ്പിളപ്പാട്ടിനെയും നെഞ്ചിലേറ്റിയ ഇബ്രാഹിംച്ച
ഒരു കാലത്ത് മൈക്കും (കൊണ്ട) സൗണ്ട് ബോക്‌സും വിവാഹ വീടുകളിലും സുന്നത്ത് കല്ല്യാണ വീടുകളിലും നാടക, മാപ്പിളപ്പാട്ട്, ഒപ്പന വേദികളിലും രാഷ്ട്രീയ പൊതുയോഗങ്ങളിലും കൊണ്ട് നടന്ന് ജീവിതമാര്‍ഗം കണ്ടെത്തിയ ഇബ്രാഹിംച്ച ഓര്‍മ്മയായി. ചെറുപ്പം മുതല്‍ തന്നെ കാസര്‍കോട് ടൗണില്‍ ആദ്യകാലത്തുണ്ടായിരുന്ന ഗുഡ്‌വില്‍ എന്ന സൗണ്ട് വാടകയ്ക്ക് നല്‍കിയിരുന്ന കടകയില്‍ ജോലി ചെയ്തായിരുന്നു ഈ മേഖലയിലേക്ക് എത്തുന്നത്. മരണംവരെ ഇതേ ജോലിയില്‍ തുടര്‍ന്ന ഇബ്രാഹിംച്ച പിന്നീട് നുസ്രത്ത് സൗണ്ടില്‍ ഏറെക്കാലം സേവനമനുഷ്ടിച്ചുവെങ്കിലും ഈ സ്ഥാപനം പൂട്ടിയതോടെ ജൂബിലി മൈക്‌സില്‍ എത്തി. എന്നാല്‍ പിന്നീട് ഫോര്‍ട്ട് റോഡില്‍ ത്രീ സ്റ്റാര്‍ മൈക്‌സില്‍ ദീര്‍ഘകാലം ജോലി ചെയ്തു. പിന്നീട് എല്ലാവരും ഇബ്രാഹിംച്ചയെ വിളിച്ചിരുന്നത് ത്രീസ്റ്റാര്‍ ഇബ്രാഹിംച്ച എന്നായിരുന്നു. അടുത്തകാലം വരെ തായലങ്ങാടിയിലെ എസ്.എസ് സൗണ്ട്‌സിലായിരുന്നു ഇക്കാലയളവില്‍. മാപ്പിളപ്പാട്ട് ഗായകരായിരുന്ന വി.എം കുട്ടി, പീര്‍ മുഹമ്മദ്, ആയിഷാ ബീഗം, റംല ബീഗം, മൂസ എരിഞ്ഞോളി തുടങ്ങി മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്ന അസീസ് തായിനേരി അടക്കമുള്ളവരുമായി ഏറെ ആത്മബന്ധം പുലര്‍ത്തിയിരുന്നു. ഇബ്രാഹിംച്ച ഇല്ലാത്ത സൗണ്ട് സിസ്റ്റം ആലോചിക്കാന്‍ പറ്റാത്ത കാലമുണ്ടായിരുന്നു. സൗണ്ട് ഓപ്പറേറ്റ് ചെയ്യുന്ന കാര്യത്തില്‍ വിദഗ്ധനായിരുന്നു. ഈ മേഖലയില്‍ പഠിച്ചവരെ പോലും വെല്ലുന്ന രീതിയായിരുന്നു ഓപ്പറേറ്റ് ചെയ്യുന്ന കാര്യത്തില്‍ ഇബ്രാഹിംച്ചയുടേത്. സ്റ്റേജ് പ്രോഗ്രാമോ വിവാഹവേദിയോ ഉണ്ടെങ്കില്‍ ഇബ്രാഹിംച്ച അവിടെ മുന്‍നിരയിലുണ്ടാവും. തന്നെ ഏല്‍പ്പിക്കുന്ന ജോലി ഭംഗിയായി നിറവേറ്റുന്ന ഇബ്രാഹിംച്ച വീടണയുമ്പോള്‍ പുലര്‍ച്ചെയായിരിക്കും. വര്‍ഷങ്ങളുടെ സേവനത്തില്‍ ഒന്നും സമ്പാദിക്കാനാവാത്ത ഇബ്രാഹിംച്ച നിരാശനായില്ല. സൗമ്യനായി ജീവിച്ച അദ്ദേഹം ബാക്കി വെച്ച് പോയത് ഈ മേഖലയില്‍ ഒരുപാട് സൗഹൃദങ്ങളുടെ കൂട്ടായിരുന്നു. ലൈറ്റ് ആന്റ് സൗണ്ട് സംഘടന ആദരിച്ചിരുന്നു. ഇബ്രാഹിംച്ചയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥനയോടെ...