കണ്ണീര്‍ക്കടലില്‍ കാസര്‍കോട്
കാസര്‍കോട് ജില്ലയില്‍ വ്യത്യസ്ത സ്ഥലങ്ങളിലായി കഴിഞ്ഞ ദിവസമുണ്ടായ അപകടങ്ങളില്‍ പൊലിഞ്ഞുപോയത് അഞ്ച് കുട്ടികളുടെ ജീവനുകളാണ്. എരിഞ്ഞിപ്പുഴയില്‍ കുളിക്കുന്നതിനിടെ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ച സംഭവം സൃഷ്ടിച്ച കഠിനമായ ദു:ഖത്തിനും ആഘാതത്തിനും പിറകെയാണ് കാഞ്ഞങ്ങാട് പടന്നക്കാടിനടുത്ത് ഐങ്ങോത്ത് ദേശീയപാതയിലുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായത്. ഉമ്മയും അഞ്ച് മക്കളും സഞ്ചരിക്കുകയായിരുന്ന കാറും കെ.എസ്.ആര്‍.ടി.സി. ബസും കൂട്ടിയിടിക്കുകയായിരുന്നു. ഉമ്മയും മൂന്നുമക്കളും ഗുരുതരമായ പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. അകത്തുണ്ടായിരുന്നവരെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപ്പോഴേക്കും രണ്ട് കുട്ടികള്‍ മരണപ്പെട്ടിരുന്നു. ബസ് യാത്രക്കാരായ ചിലര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഒരു കുടുംബത്തിലെ ഒരാള്‍ മരിച്ചാല്‍ പോലും വലിയ വേദനയാണ്. ഇവിടെ ഒരു കുടുംബത്തിലെ രണ്ട് കുട്ടികളാണ ് മരിച്ചുപോയിരിക്കുന്നത്. മരിച്ച കുട്ടികളുടെ സഹോദരങ്ങള്‍ ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമുള്ള ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്.
ദേശീയപാത വികസനപ്രവൃത്തികള്‍ ആരംഭിച്ച ശേഷം റോഡപകടങ്ങള്‍ ഇരട്ടിയിലേറെയായെന്നാണ് ഇതുസംബന്ധിച്ച കണക്കുകള്‍ തെളിയിക്കുന്നത്. ദേശീയപാത വികസനപ്രവൃത്തികള്‍ ജില്ലയിലെ ചില ഭാഗങ്ങളില്‍ മാത്രമാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. മറ്റ് ഭാഗങ്ങളില്‍ പ്രവൃത്തി ഇനിയും പൂര്‍ത്തിയായിട്ടില്ല. സര്‍വീസ് റോഡിന്റെ ജോലി പോലും ആരംഭിക്കാത്ത സ്ഥലങ്ങളുമുണ്ട്. ദേശീയപാതയുടെ പണി പൂര്‍ത്തിയാകാത്ത ഭാഗങ്ങളിലൂടെയുള്ള വാഹനഗതാഗതം അപകടം നിറഞ്ഞതാണ്. ചെറിയ ശ്രദ്ധക്കുറവ് പോലും വലിയ അപകടങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്. പണി പുരോഗമിക്കുന്നതിനനുസരിച്ച് റോഡില്‍ രൂപപ്പെടുന്ന മാറ്റങ്ങള്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ അപകടങ്ങളിലേക്ക് തള്ളിവിടും. എത്രയോ വിലപ്പെട്ട മനുഷ്യജീവനുകളാണ് ദേശീയപാത പ്രവൃത്തി നടക്കുന്നതിനിടെ പൊലിഞ്ഞുപോയത്. റോഡരികിലൂടെ നടന്നുപോകുന്നവരും വാഹനങ്ങളില്‍ പോകുന്നവരും അപകടത്തില്‍പ്പെടുന്നു. അശാസ്ത്രീയമായ രീതിയിലുള്ള പ്രവൃത്തികള്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നുണ്ട്. ദേശീയപാത നിര്‍മ്മാണ കരാര്‍ കമ്പനി ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നില്ലെന്നത് വാസ്തവമാണ്.
പുഴയില്‍ കുളിക്കുന്നതിനിടെ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ച സംഭവം കുടുംബങ്ങളിലും പൊതുസമൂഹത്തിലും ഇനിയെങ്കിലും തിരിച്ചറിവിന് കാരണമാകണം. ഇത്തരത്തിലുള്ള മരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. മുങ്ങിമരിക്കുന്നവരില്‍ കൂടുതലും കുട്ടികളാണ്. പുഴയും കടലും കാണുമ്പോള്‍ കുട്ടികള്‍ കുളിക്കാനിറങ്ങും. അത്തരം ഇടങ്ങളിലേക്ക് കുട്ടികള്‍ പോകുമ്പോള്‍ കുടുംബത്തിലെ ഉത്തരവാദപ്പെട്ടവര്‍ ഒപ്പമുണ്ടാകണം. നാട്ടുകാരുടെ ശ്രദ്ധയും ആവശ്യമാണ്. കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കളും നാട്ടുകാരും ഇനിയെങ്കിലും ജാഗ്രത കാണിക്കണം.