കരിയും കരിമരുന്നും







നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍ വെടിക്കെട്ട് ദുരന്തം സംഭവിച്ചിട്ട് അമ്പത് ദിവസം പിന്നിട്ടിരിക്കുകയാണ്. ആയിരക്കണക്കിനാളുകള്‍ തിങ്ങിനിന്ന് പങ്കാളികളാകുന്ന ഉത്സവവേദിക്കരികെ നിന്ന് ജാഗ്രതയോടെയല്ലാതെ പടക്കം കൈകാര്യം ചെയ്തതാണ് അപകടത്തിനിടയാക്കിയതെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ വ്യക്തമാണല്ലോ. ആറുപേര്‍ മരണപ്പെട്ടു. നിരവധിയാളുകള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയുമാണല്ലോ. കേരളത്തില്‍ ഉത്സവ സ്ഥലങ്ങളില്‍ വെടിക്കെട്ടപകടം മുമ്പും പലതവണ ഉണ്ടായതാണ്. എട്ട് വര്‍ഷം മുമ്പ് കൊല്ലം പരവൂരിലെ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടപകടമുണ്ടായപ്പോള്‍ മരിച്ചത് നൂറ്റിപ്പതിനൊന്ന് പേരാണ്. നിരവധി പേര്‍ക്ക് അംഗഭംഗമുണ്ടായി. എത്രയോ പേര്‍ക്ക് പിന്നീട് തൊഴിലെടുത്ത് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. നീലേശ്വരം വീരര്‍കാവിലെ വെടിക്കെട്ടപകടത്തെ തുടര്‍ന്നും എത്രയോ കുടുംബങ്ങളുടെ ഭാവിയില്‍ ഇരുള്‍മൂടി. അപകടത്തിനിരയായവരുടെ കുടുംബങ്ങളുടെ അവസ്ഥ ഉത്തരദേശം പ്രസിദ്ധപ്പെടുത്തിയ പരമ്പരയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇത്തരം ദുരന്തങ്ങളുണ്ടാവുമ്പോള്‍ ചികിത്സാ സഹായത്തിലോ താല്‍ക്കാലിക ദുരിതാശ്വാസത്തിലോ സര്‍ക്കാറിന്റെ ഉത്തരവാദിത്തം തീരുന്നില്ല. അപകടത്തിനിരയായ കുടുംബങ്ങളുടെ പുനരധിവാസം സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. പ്രകൃതിദുരന്തമുണ്ടാകുന്ന മേഖലകളില്‍ ദുരന്തനിവാരണനിയമപ്രകാരം നടത്തുന്ന പുനരധിവാസ പദ്ധതികള്‍ ഇക്കാര്യത്തിലും ബാധകമാകേണ്ടതാണ്.

അങ്ങനെ വരുമ്പോള്‍ ഉയര്‍ന്നുവരാവുന്ന ഒരു ചോദ്യമുണ്ട് -ഉത്സവാഘോഷങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപകടങ്ങള്‍ മനുഷ്യകൃതമല്ലേ എന്നതാണത്. കുറെയെല്ലാം മനുഷ്യകൃതമാണ്, ജാഗ്രതക്കുറവുകൊണ്ടും ആചാരങ്ങളെക്കുറിച്ചുള്ള അന്ധമായ കടുംപിടുത്തംകൊണ്ടും ചിലപ്പോള്‍ അഹങ്കാരംകൊണ്ടും ഒക്കെ ആവാം. എന്നാല്‍ ശരിയായ ക്രമസമാധാനം ഉറപ്പാക്കല്‍ സര്‍ക്കാറും കോടതിയുമെല്ലാമുള്‍പ്പെട്ട ഭരണകൂടത്തിന്റെ മുഖ്യചുമതലയാണല്ലോ. അതുകൊണ്ടാണല്ലോ ശബരിമല തീര്‍ത്ഥാടനകാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഹൈക്കോടതിയില്‍ സ്ഥിരം ബെഞ്ച് തന്നെ പ്രവര്‍ത്തിക്കുന്നത്. ഉത്സവങ്ങളിലെ ആനയെഴുന്നള്ളിപ്പിന് മാനദണ്ഡങ്ങള്‍ ഹൈക്കോടതിതന്നെ നിശ്ചയിക്കുന്നതും.

പരാതികള്‍ കേട്ടുകൊണ്ടും നിലവിലുള്ള കാര്യങ്ങളും പഴയ അനുഭവങ്ങളും വിശകലനംചെയ്തുകൊണ്ടും ഉത്സവങ്ങള്‍ക്ക് ഹൈക്കോടതി ചില നിബന്ധനകള്‍ വെക്കുമ്പോഴേക്കും ആചാരസംരക്ഷണക്കാര്‍ അഹമഹമിഹയാ ഓടിക്കൂടുകയായി. ഞായറാഴ്ചത്തെ മാതൃഭൂമി പത്രത്തിന്റെ ഒന്നാം പേജില്‍ ഡീല്‍ ആകുമോ എന്ന മേല്‍ക്കുറിപ്പോടെ ഒരു ചിത്രം കൊടുത്തിട്ടുണ്ടല്ലോ. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു, ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, സി.പി.ഐ. നേതാവ് വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ കൂടിനിന്ന് ആശയവിനിമയം നടത്തുന്നു. തൃശൂരില്‍ ഉത്സവരക്ഷാസംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയവരാണവര്‍. ഇതേ മാതൃഭൂമി പത്രത്തില്‍ അകംപേജില്‍ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ ഒരു പ്രസ്താവനയും പ്രാധാന്യത്തോടെ കൊടുത്തിട്ടുണ്ട്. ക്ഷേത്രങ്ങളില്‍ കരിയും വേണ്ട കരിമരുന്നും വേണ്ട എന്ന ശ്രീനാരായണഗുരുവിന്റെ സന്ദേശം ആവര്‍ത്തിച്ചുകൊണ്ട് ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗത്തിന്റെ മുഖപത്രമായ വിവേകോദയത്തിലെ മുഖപ്രസംഗത്തിലാണ് നടേശന്റെ വിവേകപൂര്‍ണമായ പ്രസ്താവന.

ഉത്സവങ്ങളില്‍ കരിയെ അതായത് ആനയെ എഴുന്നള്ളിക്കുമ്പോള്‍ പാലിക്കേണ്ട ചില നിബന്ധനകള്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് മുന്നോട്ടുവെച്ചതാണ് പൂരപ്രേമികള്‍ എന്നവകാശപ്പെടുന്നവരുടെ വികാരത്തെ വ്രണപ്പെടുത്തിയതത്രേ. ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയും സുപ്രിംകോടതിയും മുമ്പും നിരവധി ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുള്ളതാണ്. ലക്ഷക്കണക്കിനോ പതിനായിരക്കണക്കിനോ ആളുകള്‍ തിങ്ങിക്കൂടുന്ന സ്ഥലത്ത് തൊട്ടടുത്തടുത്തായി ആനകളെ എഴുന്നള്ളിച്ചുനിര്‍ത്തിയാല്‍ കൊടുംചൂടും വാദ്യങ്ങളും ആര്‍പ്പുമെല്ലാം നിറഞ്ഞ അന്തരീക്ഷത്തില്‍ ആനകളിടയാന്‍ സാധ്യത കൂടുതലാണെന്നത് പരിഗണിച്ചാണ് ആനകളെ നിര്‍ത്തേണ്ടത്. മൂന്നുമീറ്റര്‍ ഇടവിട്ടാവണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചത്. ആ വിധി ലംഘിച്ചുകൊണ്ട് ചില ക്ഷേത്രങ്ങളില്‍ ഇതിനകംതന്നെ ഉത്സവം കൊണ്ടാടി. കോടതി ഉത്തരവ് പാലിക്കാനാവാത്തത് ഭക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് ദേവസ്വം അധികൃതര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. അതംഗീകരിക്കാതെ കോടതിയലക്ഷ്യനടപടികളിലേക്ക്് നീങ്ങുകയാണ് ഡിവിഷന്‍ ബെഞ്ച്്.

ആചാരത്തിന്റെ കാര്യത്തിലും പൂരപ്രേമത്തിന്റെ കാര്യത്തിലും മുന്നിലുള്ള തൃശ്ശിവപേരൂരിലെ ഒരു ആരാധകസംഘടന ഹൈക്കോടതിയില്‍ ഈ കേസ് പരിഗണിക്കുന്ന ജഡ്ജിമാര്‍ക്കെതിരെ പരസ്യപ്രസ്താവനയുമായി രംഗത്തുവന്നു. നേരത്തെ മൃഗസ്‌നേഹികള്‍ക്കും പരിസ്ഥിതിവാദികള്‍ക്കുംവേണ്ടി കോടതിയില്‍ വാദിച്ച വക്കീലന്മാരാണവര്‍ എന്ന മട്ടില്‍. ആചാരങ്ങള്‍ മനുഷ്യരാണുണ്ടാക്കിയത്, ദൈവങ്ങളല്ല എന്ന് കഴിഞ്ഞദിവസം സുപ്രിംകോടതി പറഞ്ഞതൊന്നും ഇവരൊന്നും കേട്ടിട്ടില്ല, കേട്ടതുകൊണ്ട് കാര്യമില്ലെന്നത് വേറെക്കാര്യം. സുപ്രിംകോടതി പറഞ്ഞത് ദൈവത്തിന് ജാതിയില്ലെന്നാണ്. ജാതിവാദികള്‍ക്കുണ്ടോ അത് പഥ്യമാകുന്നു. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട ആചാരപ്രശ്‌നത്തില്‍ രാഷ്ട്രീയമായി ചിലര്‍ മുതലെടുപ്പു നടത്തുകയും മുതലെടുപ്പിനായി ചിലര്‍ ഗൂഢാലോചന നടത്തുകയുമൊക്കെ ചെയ്തത് സര്‍ക്കാറിന്റെ മൂന്ന് ഏജന്‍സികള്‍ അന്വേഷിച്ചുവരികയാണല്ലോ.

ഏതായാലും ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ ആചാരസംരക്ഷണത്തിന് ബി.ജെ.പിയും സി.പി.എമ്മും കോണ്‍ഗ്രസും സി.പി.ഐയുമെല്ലാം പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. നവോത്ഥാനമോ, ജനങ്ങളുടെയും ആനകളുടെയും ജീവനോ ഒന്നുമല്ല, ജനവികാരം എന്ന വോട്ടുവികാരമാണ് പ്രശ്‌നം... ഉത്സവാഘോഷ സംരക്ഷണ മഹാസംഗമത്തില്‍ ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രനും കോണ്‍ഗ്രസ് നേതാവ് ചെന്നിത്തലയും പറഞ്ഞത് കോടതിവിധി മറികടക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്നാണ്. എന്ത് വിലകൊടുത്തും ആചാരം സംരക്ഷിക്കണമന്നാണ്! അതൊന്നും നടക്കാതെ കോടതിവിധി പ്രാബല്യത്തിലാവുകയാണെങ്കില്‍ ശബരിമലയില്‍ സ്ത്രീപ്രവേശനകാര്യത്തില്‍ സുപ്രീംകോടതിയുടെ വിധിക്കെതിരെ നടന്നതുപോലുള്ള സമരത്തിന് നിര്‍ബന്ധമാകുമെന്നാണ് കെ. സുരേന്ദ്രന്‍ കൂട്ടിപ്പറഞ്ഞത്. കാര്യങ്ങളുടെ പോക്ക് അങ്ങോട്ടാണ്.

ഈ ഘട്ടത്തിലാണ് വെള്ളാപ്പള്ളി നടേശന്റെ വിവേകം പ്രത്യേകം ശ്രദ്ധേയമാകുന്നത്. മഹാത്മാവായ ശ്രീനാരായണഗുരു അരുളിച്ചെയ്തത് കരിയും കരിമരുന്നും വേണ്ട ക്ഷേത്രങ്ങളില്‍ എന്നാണ്. നടേശന്‍ നേരിട്ട് നേതൃത്വം നല്‍കുന്ന കണിച്ചുകുളങ്ങരയിലെ ക്ഷേത്രത്തില്‍ ഇത് രണ്ടും ഒഴിവാക്കിയിട്ട് വര്‍ഷങ്ങളായെന്നും അനുസ്മരിപ്പിക്കുന്നു. നീലേശ്വരം വെടിക്കെട്ടപകടമുള്‍പ്പെടെ ചൂണ്ടിക്കാട്ടിക്കൊണ്ട് വെള്ളാപ്പള്ളി പറയുന്നത് ആചാരങ്ങള്‍ കാലോചിതമായി മാറിയേ തീരൂ എന്നാണ്. 'കാട്ടില്‍ സ്വതന്ത്രമായി വിഹരിക്കേണ്ട വന്യമൃഗങ്ങളെ അവര്‍ക്ക് തിരിച്ചറിയാത്ത സ്‌നേഹംകൊണ്ട് കൊല്ലുകയാണ് മലയാളികള്‍...' ഉത്സവങ്ങളിലെ ധൂര്‍ത്തൊഴിവാക്കിയാല്‍ ആ പണം പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനോ മറ്റ് ഗുണകരമായ കാര്യങ്ങള്‍ക്കോ ഉപയോഗിക്കാം എന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുന്നു. ലോകം നിര്‍മ്മിതബുദ്ധിയുടെ കാലത്താണ് സഞ്ചരിക്കുന്നതെന്ന് മറക്കരുതെന്നും വെള്ളാപ്പള്ളി ഓര്‍മിപ്പിക്കുന്നു.

മനുഷ്യരെപ്പോലെതന്നെ മദംപൊട്ടുന്ന ജീവിയാണ് ആനയും. മദംപൊട്ടാതെത്തന്നെ ആന മനുഷ്യനെ എത്രമാത്രം വിറപ്പിക്കുന്നുവെന്നത് ദിവസേനയെന്നോണമുള്ള അനുഭവമാണ് കേരളത്തില്‍, ദക്ഷിണേന്ത്യയിലാകെ. മൂന്നുദിവസം മുമ്പാണ് കോതമംഗലത്തിനടുത്തുവെച്ച് ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ആന പിഴുതെറിഞ്ഞ മരം ശരീരത്തില്‍ കൊണ്ട് കൊല്ലപ്പെട്ടത്. ബൈക്കിലെ സഹയാത്രികന്‍ ഗുരുതര പരിക്കോടെ ചികിത്സയില്‍. വന്‍ ജനക്കൂട്ടത്തിനിടയില്‍ സുരക്ഷാസംവിധാനമില്ലാതെ നിരവധി ആനകളെ തൊട്ടുതൊട്ടുനിര്‍ത്തി എഴുന്നള്ളിക്കാമോ എന്ന ഹൈക്കോടതിയുടെ ചോദ്യം പ്രസക്തമാകുന്നതിവിടെയാണ്.

മലയാളത്തിലെ ഏറ്റവും മഹത്തായ കവിതകളിലൊന്നായി സര്‍വാംഗീകൃതമായ സഹ്യന്റെ മകന്‍ ഉത്സവരംഗത്ത് എഴുന്നള്ളിച്ച ഒരു കൊമ്പന്റെ വിചാരവികാരങ്ങളും അതിന്റെ മൂര്‍ധന്യത്തിലെ സംഭവങ്ങളുമാണ് ആവിഷ്‌കരിക്കുന്നത്. ആനക്കും വിചാരവികാരങ്ങളുണ്ട്, ഭാവനയുണ്ട്, ആ ഭാവന അതിനെ കാട്ടില്‍ മദിച്ച ഭൂതകാലത്തിലേക്ക് നയിച്ചേക്കാം, അങ്ങനെയായാല്‍ മുമ്പില്‍ തടിച്ചുകൂടിയ പുരുഷാരം പൂത്ത താഴ്‌വരയാണെന്ന് തോന്നിയേക്കാം... സ്വതന്ത്രമായി കാട്ടില്‍ വിഹരിച്ച നാളുകളുടെ ഓര്‍മ്മയുണരാം... മുമ്പിലേക്ക് കുതിക്കുമ്പോള്‍ കാല്‍ക്കീഴില്‍ അമരുന്നത് മനുഷ്യരാണെന്നല്ല, കാടാണെന്നാവും തോന്നല്‍. അങ്ങനെയൊരു ദുരന്തം, ആ ദുരന്തത്തിനറുതിയായി മറ്റൊരു ദുരന്തം. അത് മദംപൊട്ടി കൂട്ടക്കൊല നടത്തിയ കൊമ്പനെ വെടിവെച്ചുകൊല്ലലാണ്. മഹാകവി വൈലോപ്പിള്ളിയുടെ സഹ്യന്റെ മകന്‍ എന്ന കാവ്യമൊന്നും പരിഗണിച്ചല്ല ഹൈക്കോടതിയുടെ നടപടിയുണ്ടായത്. ആന മനുഷ്യര്‍ക്ക് കൗതുകമുണ്ടാക്കുന്ന, വലിപ്പംകൊണ്ടും പ്രവൃത്തികൊണ്ടും അമ്പരപ്പിക്കുന്ന ജീവിയാണ് -പക്ഷേ ആന ഇടഞ്ഞാല്‍ വലിയ ദുരന്തമുണ്ടാകാം. അക്കാര്യത്തില്‍ മുന്‍കരുതലും ജാഗ്രതയും വേണമെന്നാണ് ഹൈക്കോടതി ഓര്‍മിപ്പിച്ചത്.

Related Articles
Next Story
Share it