അല്ലോഹലന്റെ പിറവി
തെയ്യത്തെ ഒരു സമഗ്രവ്യവസ്ഥയായി അംബികാസുതന്‍ മാങ്ങാട് മനസിലാക്കിയിട്ടുണ്ട്. അത്, എളുപ്പത്തില്‍ പറയും പോലെ ഒരു 'നാടന്‍ കല' അല്ല. മറ്റനേകം ഫോക്‌ലോര്‍ പോലെ ഒന്നല്ല. വൈവിധ്യങ്ങള്‍ ഏറെയുള്ള, വഴികളെന്ന പോലെ കുഴികളും ഏറെയുള്ള, തെളിച്ചങ്ങളെന്ന പോലെ ഇരുട്ടുകളും ഏറെയുള്ള, അതിജീവനമെന്ന പോലെ രക്തസാക്ഷിത്വവും ഏറെയുള്ള ഒരുനാട്, തെയ്യത്തില്‍ നിറമായും താളമായും ചുവടായും പാട്ടായും പറച്ചിലായും കാഴ്ചപ്പാടായും ഏറെയുണ്ട്. പല ചെറിയ ദേശങ്ങളുടെ പലതരം വാഴ്‌വുകളുടെ ഇടമാണ് തെയ്യം. അതില്‍ സ്വപ്‌നവും ചരിത്രവും ഉണ്ട്. നേരും നുണയും ഉണ്ട്. എല്ലാ വികാരങ്ങളും ഉണ്ട്. മൂര്‍ത്തതയും അമൂര്‍ത്തതയും ഉണ്ട്. നിബിഡതയും ശൂന്യതയുമുണ്ട്. എല്ലാ വികാരങ്ങളുമുണ്ട്. ദാര്‍ശനികമായ ഉണര്‍വുകളും മൗനങ്ങളും ഉണ്ട്. തെയ്യം വേഷമോ വാദ്യമോ മാത്രമല്ല. അത് മാങ്ങാട് അടക്കമുള്ള നാടുകളുടെ, ഇവിടത്തെ എല്ലാ മാങ്ങാടുകളുടെയും ആത്മകഥയാണ്. അല്ലെങ്കില്‍ ജീവചരിത്രമാണ്. യൂറോ-അമേരിക്കന്‍ ചരിത്രകാരന്മാര്‍ക്ക് മനസിലാക്കാനാവാത്ത, പ്രാദേശീയമായ നാട്ടാഖ്യാനമാണ് തെയ്യം. ചിട്ടകളുണ്ടാകുമ്പോഴും ചിട്ടകള്‍ക്കപ്പുറത്തേക്ക് പോവുന്ന സാംസ്‌കാരിക വിശേഷണമാണ് തെയ്യം. അതില്‍ ഉള്‍പ്പെടാത്ത ജീവിത വിഷയങ്ങളില്ല. കലാ സങ്കല്‍പ്പങ്ങളില്ല. കീഴാളജ്ഞാനത്തിന്റെ സര്‍വ്വകലാശാലയാണ് അത്. അതില്‍ മുഴങ്ങാത്ത നിലവിളികളും ഇല്ല. 'കര്‍ക്കടകം' എന്ന കഥയില്‍ അംബികാസുതന്‍ മാങ്ങാട് തെയ്യത്തെ അവതരിപ്പിക്കുന്നത് ശ്രദ്ധിക്കാം: യാത്രയുടെ ഇരുവശവും കാറ്റിലുലയുന്ന നെല്‍വയലിന്റെ അനേകം പച്ചവിരികള്‍. വഴുക്കുന്ന വയല്‍വരമ്പ്. ചെണ്ട ചുമലിലിട്ട് രാമന്‍ പണിക്കര്‍ മുന്നില്‍. പിന്നില്‍ കര്‍ക്കടകത്തിലെ ആടിവേടന്‍ തെയ്യം. വെയിലില്‍ വെട്ടിത്തിളങ്ങുന്ന കിരീടം. പട്ടുടുപ്പുകള്‍. കൈകാലുകളില്‍ തങ്കനിറമുള്ള ആഭരണങ്ങള്‍.
- രാമന്‍ പണിക്കര്‍ പറഞ്ഞു: 'സൂക്ഷിക്കണേ മോനേ' തെയ്യം സൂക്ഷിച്ച് നടന്നു. അന്നേരം വെയില്‍മഴ ചാറുവാന്‍ തുടങ്ങി. ചുമലില്‍ കിടന്ന മുണ്ടെടുത്ത് പണിക്കര്‍ തലയില്‍ വിരിച്ചു. മകനോട് പറഞ്ഞു: 'കൊട ചൂടിക്കോ, മയ പെയ്യ്ന്ന്'. തെയ്യം കൈയില്‍ മടക്കിവെച്ചിരുന്ന പുത്തന്‍ കുട നിവര്‍ത്തി. അതിന്റെ കോടിമണം അവനെ സന്തോഷിപ്പിച്ചു. സ്‌കൂള്‍ തുറന്നപ്പോള്‍ അച്ഛന്‍ വാങ്ങിക്കൊണ്ടുവന്നതാണ്. കുട നിവര്‍ത്തിയപ്പോള്‍ തെയ്യത്തിന്റെ കൈയ്യിലിരുന്ന ഓട്ടുമണി കിലുങ്ങി. നടത്തം ഉണ്ട്. കാറ്റ് ഉണ്ട്. വയല്‍ ഉണ്ട്. വയലിന്റെ നിറം ഉണ്ട്. വയലിന്റെ വരമ്പ് ഉണ്ട്. വരമ്പിന്റെ വഴുവഴുപ്പ് ഉണ്ട്. മനുഷ്യര്‍ ഉണ്ട്. തെയ്യം ഉണ്ട്. അതിന്റെ മെയ്‌ക്കോപ്പുകള്‍ ഉണ്ട്. തെയ്യത്തോടുള്ള മനുഷ്യഭാഷണം ഉണ്ട്. തെയ്യം സാധാരണക്കാരനെപ്പോലെ പലതും ഓര്‍മ്മിക്കുന്നുണ്ട്. മഴ പെയ്യുമ്പോള്‍ ഈ ആടിവേടന്‍ തെയ്യം പുത്തന്‍ ശീലക്കുട തുറന്ന് പിടിക്കുന്നുണ്ട്. മംഗലാപുരത്തേക്കുള്ള അതിവേഗ ബസ് തെയ്യത്തിന്റെ ഉടലിലേക്ക് ചെളിതെറിപ്പിക്കുന്നുണ്ട്.
നാടിനെ തിരിച്ചറിയാനുള്ള നാട്ടുവിദ്യ |
|
തെയ്യം അംബികാസുതന്റെ കഥാ പാഠങ്ങളില്‍ സമകാലികമായ നാട്ടുബലമായി ജനതയുടെ ഊര്‍ജ്ജം തന്നെയായി പ്രത്യക്ഷപ്പെടുന്നു. 'മരക്കാപ്പിലെ തെയ്യങ്ങളി'ലെ അവസാന ഭാഗത്തെ ഉണര്‍വ് നോക്കിയാല്‍ ഇതറിയാനാവും. ആ ഉണര്‍വിനെയും വ്യവസ്ഥാനുകൂലമാക്കാനുള്ള നടപടികള്‍ ഉണ്ടാകുന്ന കാര്യവും അംബികാസുതന്‍ തിരിച്ചറിയുന്നുണ്ട്.
'എന്‍മകജെ' ആധുനികത എന്ന പദ്ധതിയോടുള്ള പ്രതികരണമാണ്. എന്‍ഡോസള്‍ഫാന്‍ ആധുനികതയുടെ നിരവധി കൈക്രിയകളില്‍ ഒന്നാണ്. അതിനെതിരെ എന്‍മകജെ എന്ന വടക്കേ വടക്കന്‍ കേരള ഗ്രാമത്തിലെ സ്ഥലരാശി നില്‍ക്കുന്നുണ്ട്. അവിടത്തെ മരങ്ങളും പാനീയ സംസ്‌കാരവും ആളുകളുടെ ബന്ധങ്ങളുടെ ഘടനകളുമെല്ലാം ചേര്‍ന്നതാണ് ഈ സ്ഥലരാശി. ആധുനികതയുടെ യുക്തികള്‍ക്ക് തിരിച്ചറിയാനോ വിശദീകരിക്കാനോ ആവാത്ത, പാരസ്പര്യത്തിന്റെ സംസ്‌കാരമാണ് അത്. ഈ ഭൂമിയെയാണ്, ഭൂമിയിലെ വാസത്തെയാണ് വിഷപ്പറവ തകരാറിലാക്കുന്നത്. 'എന്‍മകജെ' ഒരു ആക്ടിവിസ്റ്റിന്റെ നോവലാണ്. പക്ഷെ, ആക്റ്റിവിസം കൊണ്ട് അതിന്റെ സൗന്ദര്യഘടനയില്‍ സൂക്ഷ്മ സംവാദ സാധ്യതകളും അപകടപ്പെട്ടിട്ടില്ല. ആധുനികതയുടെ വിമര്‍ശന പാഠം അവതരിപ്പിക്കാനായി ഒരു നാടിന്റെ പ്രകൃതങ്ങളില്‍ നിന്ന് ഘടകങ്ങളും ഘടനകളും കണ്ടെടുക്കുകയാണ് ഈ 'നോവലില്‍' അംബികാസുതന്‍ ചെയ്തിരിക്കുന്നത്.
'അല്ലോഹലന്‍' വടക്കന്‍ നാടിന്റെ, കാഞ്ഞങ്ങാടിന്റെയും നീലേശ്വരത്തിന്റെയും ചരിത്രത്തെ ചരിത്രമായിത്തന്നെ മനസിലാക്കുന്നു. പാശ്ചാത്യ കാഴ്ചപ്പാടുകള്‍ക്ക് തെളിയിക്കാനാവാത്ത, അംഗീകരിക്കാനാവാത്ത ജീവിതരംഗങ്ങളും സംഘര്‍ഷവേദികളും രേഖപ്പെടുത്തുന്നു. വടക്കന്‍ മലയാളത്തെ സാംസ്‌കാരിക നാണയങ്ങളായി കണ്ടുകൊണ്ടുള്ള ആഖ്യാന ഭാഷയാണ് അതിന്റേത്. 'അദാ, അങ്ങോട്ട് നോക്ക്യേ, ഒരു പെറ്റമ്മ നിക്ക്ന്ന്'. ഒരു കാട്ടുപന്നിയെയും അതിന്റെ പത്തുപന്ത്രണ്ടോളം കുഞ്ഞുങ്ങളെയും കാണിച്ചുതരുന്നത് ഈ വാക്യമാണ്. ഇങ്ങനെ നിരവധി സന്ദര്‍ഭങ്ങള്‍. ചരിത്രത്തേക്കാള്‍ ചരിത്രം എന്ന് അല്ലോഹലന്‍ ഭാവിയില്‍ വിലയിരുത്തപ്പെട്ടേക്കാം.