കല്യോട്ട് ഇരട്ടക്കൊല: ശിക്ഷാവിധിക്ക് ഇനി മണിക്കൂറുകള്‍; പെരിയയില്‍ കനത്ത സുരക്ഷ
കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ എറണാകുളം സി.ബി.ഐ കോടതി വെള്ളിയാഴ്ച പ്രഖ്യാപിക്കും. മുന്‍ ഉദുമ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 14 പ്രതികള്‍ക്കുള്ള ശിക്ഷയാണ് കോടതി വിധിക്കുക. ഒന്നാംപ്രതി സി.പി.എം പെരിയ ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം എ. പീതാംബരന്‍, മറ്റ് പ്രതികളായ സജി സി. ജോര്‍ജ്, കെ.എം സുരേഷ്, കെ. അനില്‍കുമാര്‍, ജിജിന്‍, ആര്‍ ശ്രീരാഗ് എന്ന കുട്ടു, എ. അശ്വിന്‍ എന്ന അപ്പു, സുബീഷ് എന്ന മണി എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്. ടി. രഞ്ജിത്ത്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍, എ. സുരേന്ദ്രന്‍ എന്ന വിഷ്ണുസുര, കെ.വി കുഞ്ഞിരാമന്‍, മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി, കെ.വി ഭാസ്‌ക്കരന്‍ എന്നിവരാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ മറ്റുള്ളവര്‍. കേസിലെ 10 പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചിരുന്നു.
എറണാകുളം സി.ബി.ഐ കോടതി ജഡ്ജി എന്‍. ശേഷാദ്രിനാഥനാണ് പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിക്കുന്നത്. കൊലപാതകം, ഗൂഡാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. 2021 ഡിസംബര്‍ മൂന്നിനാണ് സി.ബി.ഐ അന്വേഷണസംഘം എറണാകുളം സി.ബി.ഐ കോടതിയില്‍ കുറ്റപത്രം നല്‍കിയത്. 2023 ഫെബ്രുവരി രണ്ടിനാണ് വിചാരണ തുടങ്ങിയത്. വിധിയുടെ പശ്ചാത്തലത്തില്‍ പെരിയ, കല്യോട്ട് പ്രദേശങ്ങളില്‍ ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പെരിയയിലും പരിസരങ്ങളിലും കനത്ത പൊലീസ് സന്നാഹമൊരുക്കി. ഏത് സാഹചര്യവും നേരിടാന്‍ പര്യാപ്തമാകുന്ന വിധത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഓഫീസുകള്‍ക്ക് പൊലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.2019 ഫെബ്രുവരി 17 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്.