പ്രിയപ്പെട്ട എം.ടി., വിട
മരണത്തിന് മായ്ക്കാനോ മറയ്ക്കാനോ ആവാത്ത അനശ്വരത. എം.ടി. എന്ന രണ്ടക്ഷരം പ്രതീകമായ മഹാപ്രതിഭ മലയാളഭാഷയും മലയാളി ജനതയുമുള്ളേടത്തോളം ഉദാത്തമായ ഓര്‍മയായി, നിത്യസ്മരണയായി നില്‍ക്കും. അറിയപ്പെടുക എന്ന അഭിവാഞ്ഛയാലാണ് കുട്ടിക്കാലത്ത് പേര് നീട്ടിപ്പിടിച്ച് വാസുദേവന്‍നായര്‍ എന്നെഴുതി കഥകള്‍ മാസികകള്‍ക്ക് അയച്ചുപോന്നതെന്ന് എം.ടി. അനുസ്മരിച്ചിട്ടുണ്ട്. മുക്കാല്‍ നൂറ്റാണ്ടോളമായി ആ പേര് മലയാളികളുടെ ഹൃദയത്തില്‍ ഒട്ടിച്ചേര്‍ന്നുനില്‍ക്കുന്നു.
ജീര്‍ണിച്ച നാലുകെട്ടുകള്‍ പുതുക്കിനിലനിര്‍ത്താനല്ല, പൊളിച്ച് പുതിയത് പണിയാനാണ് സാഹിത്യത്തിലും സംസ്‌കാരത്തിലും നിലകൊണ്ടത്. ഭൂതകാലമാണ് ഏറ്റവും മഹനീയമെന്നല്ല, ഭൂതകാലം ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും കെട്ടകാലമായിരുന്നുവെന്നതാണ് എം.ടി. ഓര്‍മ്മിപ്പിച്ചത്. ആ നിലയില്‍ പോയകാലത്തെക്കുറിച്ചുള്ള എം.ടിയുടെ സാഹിത്യത്തിലെ ഗൃഹാതുരത്വം സവിശേഷമാണ്. നാലുകെട്ടും കാലവും അസുരവിത്തും മഞ്ഞും വിലാപയാത്രയും രണ്ടാമൂഴവുമടക്കമുള്ള നോവലുകളിലൂടെ എം.ടി. മലയാളികളുടെ ഹൃദയത്തില്‍ പതിഞ്ഞു. ഇരുട്ടിന്റെ ആത്മാവും ബന്ധനവും പള്ളിവാളും കാല്‍ചിലമ്പും ഡാര്‍ എസ് സലാമും നിന്റെ ഓര്‍മയ്ക്കും കറുത്തചന്ദ്രനും വളര്‍ത്തുമൃഗങ്ങളും കുട്ട്യേടത്തിയും വാനപ്രസ്ഥവുമടക്കമുള്ള നൂറനൂറുകഥകളിലൂടെ വായനക്കാരുടെ മനംകുളുര്‍പ്പിച്ചു.
മലയാളസിനിമാചരിത്രത്തിലും ഏറ്റവും ഉയരത്തില്‍ തങ്കലിപിയില്‍ കുറിക്കപ്പെട്ട പേര് എം.ടി. വാസുദേവന്‍നായര്‍ എന്നാണ്. തിരക്കഥ പ്രത്യേകമായ ഒരു സാഹിത്യരൂപമെന്ന നിലയിലും സ്ഥാപിതമായത് എം.ടിയുടെ കൃതികളിലൂടെയാണ്. ഇരുട്ടിന്റെ ആത്മാവും മുറപ്പെണ്ണുമടക്കമുള്ള സിനിമകള്‍ കാണാത്തവരും പ്രസിദ്ധീകരിക്കപ്പെട്ട അതിന്റെ തിരക്കഥകള്‍ വായിക്കുമ്പോള്‍ തിരശ്ശീലയ്ക്കുമുമ്പിലിരിക്കുന്ന അനുഭവമാണുണ്ടാവുക. നിര്‍മാല്യവും ഓളവും തീരവും വൈശാലിയും പഴശ്ശിരാജയും പഞ്ചാഗ്നിയും ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ചയും നഗരമേ നന്ദിയുമടക്കം എത്രയെത്ര ചലച്ചിത്രങ്ങളിലൂടെയാണ് എം.ടി. കേരളീയര്‍ക്ക് അവരവരെപ്പോലെതന്നെ വേണ്ടപ്പെട്ടവനായത്. എന്‍.പി.മുഹമ്മദിനൊപ്പം അറബിപ്പൊന്ന് എന്ന നോവലെഴുതിയ എം.ടി, സ്വപ്‌നസാക്ഷാത്കാരം തേടി ഗള്‍ഫിലെത്തിയ മലയാളികളുടെ തകര്‍ന്ന സ്വ്പ്‌നങ്ങളെക്കുറിച്ച് ചലച്ചിത്രവുമൊരുക്കി- വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍..
മലയാളത്തിലെ സാഹിത്യപത്രപ്രവര്‍ത്തനത്തിന്റെ ചരിത്രത്തിലും ഒന്നാമതായി തങ്കലിപിയില്‍ കുറിക്കപ്പെടുന്ന പേര് മറ്റാരുടേതുമല്ല, എം.ടി.യുടേതാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഉപപത്രാധിപരും പത്രാധിപരുമെന്ന നിലയില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനം മലയളസാഹിത്യത്തെ, സാംസ്‌കാരിക കേരളത്തെ ഉത്തരോത്തരം ഉയര്‍ത്തി, പുതുവഴിയിലെത്തിച്ചു. മലയാളഭാഷ കേരളത്തിലെ വിദ്യാഭ്യാസപദ്ധതിയില്‍പ്പോലും അവഗണിക്കപ്പെടുന്നതിനെതിരെ അദ്ദേഹം പൊരുതി. കറന്‍സി നിരോധിച്ച് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയില്‍ വലിയ മുറിവുണ്ടാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ ഭരണവക്താക്കള്‍ വളഞ്ഞിട്ടാക്രമിച്ചു. എന്നാല്‍ അതിലൊന്നും കുലുങ്ങാതെ തെറ്റായ നയങ്ങള്‍ക്കെതിരെയും വര്‍ഗീയതക്കെതിരെയും അദ്ദേഹം ശബ്ദമുയര്‍ത്തി. പത്മഭൂഷണും ജ്ഞാനപീഠവുമടക്കം എത്രയെത്രയോ ഉയര്‍ന്ന പുരസ്‌കാരങ്ങളിലൂടെ എം.ടി.യും എം.ടി.യിലൂടെ ആ പുരസ്‌കാരങ്ങളും ബഹുമാനിതമായി
മലയാളത്തിന്റെ സൗഭാഗ്യമായിരുന്നു, കേരളത്തിന്റെ സുകൃതമായിരുന്നു, കേരളീയരുടെയാകെ അഭിമാനഭാജനമായിരുന്നു എം.ടി. വാസുദേവന്‍നായര്‍. പ്രിയപ്പെട്ട എം.ടി.യുടെ വിയോഗത്തില്‍ തീവ്രദു:ഖത്തോടെ ഞങ്ങള്‍ ആദരാഞ്ജലികളര്‍പ്പിക്കുന്നു.