ആര്‍ത്തിയും പ്രലോഭനവും അന്ധവിശ്വാസവും...
ഒരാള്‍ക്ക് എത്ര ഭൂമി വേണം എന്ന ടോള്‍സ്റ്റോയിയുടെ കഥ മലയാളത്തില്‍ ആദ്യം വിവര്‍ത്തനം ചെയ്ത് പ്രസിദ്ധപ്പെടുത്തിയത് ഈ നാട്ടുകാരനായ നവോത്ഥാന നായകന്‍ എ.സി. കണ്ണന്‍ നായരാണ്. അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ ടോള്‍സ്റ്റോയ് കഥകളിലെ പ്രധാനപ്പെട്ട ഒരു കഥയാണത്. ഇന്നത്തെ മട്ടിലാണെങ്കില്‍ ഒരു റിയല്‍ എസ്റ്റേറ്റുകാരനെന്ന് വിശേഷിപ്പിക്കാവുന്ന പാക്ഹാം എന്ന പാട്ടക്കൃഷിക്കാരനാണ് കഥാപാത്രം. ഒരിടത്ത് അയാള്‍ ഭൂമി വാങ്ങാന്‍ പോയപ്പോള്‍ വലിയ പ്രലോഭനമാണുണ്ടായത്. രാവിലെ ആയിരം റൂബിള്‍ കൊടുത്ത് ബുക്ക് ചെയ്യുക. സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ ഒരു കുറ്റിയടിക്കും. സന്ധ്യക്കുമുമ്പ് ആവശ്യമുള്ളസ്ഥാലത്താകെ നടന്ന് കുറ്റിയുടെ അടുത്ത് തിരിച്ചെത്തണം. നടന്നു തീര്‍ത്തേടത്തോളം ഭൂമി സ്വന്തമാക്കാം. പാക്ഹാം നടക്കുന്നതിന് പകരം ഓടി. എന്നിട്ടും മതിയാകുന്നില്ല. മനമില്ലാമനസ്സോടെ തുടക്കക്കുറ്റിക്കടുത്തേക്കെത്തിയപ്പോഴേക്കും വായവരണ്ട്, ക്ഷീണിച്ച് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. അയാള്‍ക്കാകെ ആവശ്യം കുഴിച്ചുമൂടപ്പെടാനുള്ള ആറടി മണ്ണുമാത്രമാണെന്ന് വ്യക്തമാവുകയായിരുന്നു..
മനുഷ്യന്റെ അടങ്ങാത്ത അത്യാഗ്രഹം, ദുര സ്വന്തം കുഴിയാണ് തോണ്ടുന്നതെന്നാണ് മഹാനായ ടോള്‍സ്റ്റോയ് ചൂണ്ടിക്കാണിക്കുന്നത്. പത്തുകിട്ടുകില്‍ നൂറ് മതിയെന്നും ശതമാകില്‍ സഹസ്രം മതിയെന്നും നമ്മുടെ പൂന്താനം നേരത്തെതന്നെ ദുരാര്‍ത്തിയെ എടുത്തുകാട്ടിയതാണ്. കയ്യിലുള്ള നോട്ട് ഇരട്ടിപ്പിക്കുക, സ്വര്‍ണം ഇരട്ടിപ്പിക്കുക -ഇതിനെല്ലാം മന്ത്രവും മെസ്മറിസവുമുണ്ടെന്ന് വിശ്വസിക്കുന്ന വലിയൊരു ഭാഗമാളുകള്‍ പ്രബുദ്ധമെന്നവകാശപ്പെടുന്ന നമ്മുടെ കേരളത്തിലുമുണ്ട്. പരമസമര്‍ത്ഥന്മാരും ബുദ്ധിമാന്മാരുമായവരുടെ ഉള്ളിന്റെ ഉള്ളിലും ഒരു അന്താരാഷ്ട്ര വിഡ്ഢി മയങ്ങിക്കിടക്കുന്നുണ്ടാവും. ആ വിഡ്ഢിയെ മയക്കത്തില്‍നിന്നുണര്‍ത്തി പ്രവര്‍ത്തിപ്പിക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. ബുദ്ധിജീവികളും അതിസമര്‍ത്ഥരുമാണെന്ന് കരുതപ്പെടുന്ന അത്യാര്‍ത്തിക്കാര്‍ അന്ധവിശ്വാസികളും ആഭിചാരവിശ്വാസികളുമൊക്കെയായിരിക്കാം. എന്നാല്‍ തട്ടിപ്പുകാര്‍ യുക്തിയുള്ളവരും തട്ടിപ്പില്‍ ശാസ്ത്രീയജ്ഞാനം നേടിയവരുമത്രേ. അവര്‍ വിശ്വാസികളേയല്ല. പണ്ടുള്ളവര്‍ പറയാറുള്ളത് മരക്കലത്തില്‍ ഒരിക്കലേ വെക്കൂ എന്നാണ്. അതായത് മരക്കലം കത്തി അരി അടുപ്പില്‍ വീഴുമല്ലോ -അതൊരു പാഠമാകുമല്ലോ... പക്ഷേ പ്രബുദ്ധതയുടെ കാലത്ത് തട്ടിപ്പുകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയും ഇരയാക്കപ്പെട്ടുകൊണ്ടേയിരിക്കുകയുമാണ്.
കാസര്‍കോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായിയായ അബ്ദുല്‍ ഗഫൂര്‍ഹാജിയെ പറ്റിച്ച് 596 പവന്‍ സ്വര്‍ണം തട്ടിയെടുക്കുകയും പിന്നീട് അബ്ദുല്‍ ഗഫൂര്‍ഹാജിയെ കൊലചെയ്യുകയും ചെയ്തത് ആഭിചാരപ്രവര്‍ത്തനത്തിലൂടെയാണെന്നാണ് വൈകിയാണെങ്കിലും പൊലീസ് കണ്ടെത്തിയിരിക്കുന്നത്. വിശ്വസിക്കാന്‍ പോലും അല്‍പം പ്രയാസമുള്ള യാഥാര്‍ത്ഥ്യം. അത്ര ഭയങ്കര പെരുങ്കള്ളസംഘം. അത്രയും കടുത്ത അന്ധവിശ്വാസത്തിനടിപ്പെട്ടവരും. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 14ന് രാത്രി അബ്ദുല്‍ ഗഫൂര്‍ ഹാജി കുടുംബത്തെ വേറെ വീട്ടിലേക്കയക്കുന്നു. അഥവാ ആ കൊള്ളസംഘം തങ്ങളുടെ വരുതിയിലായ ഹാജിയെക്കൊണ്ട് അങ്ങനെ ചെയ്യിക്കുന്നു. അതിന് മുമ്പേതന്നെ നടത്തിയ ആസൂത്രണത്തിലൂടെ ഇരട്ടിപ്പിക്കേണ്ട പൊന്ന് അബ്ദുല്‍ ഗഫൂര്‍ ഹാജിയെക്കൊണ്ട് സമാഹരിപ്പിക്കുന്നു. ബന്ധുക്കളും അയല്‍വാസികളുമായവരില്‍നിന്ന് ഹാജി പൊന്ന് സമാഹരിച്ചത് ഇരട്ടിപ്പിക്കാമെന്ന് പറഞ്ഞാണോ മറ്റെന്തെങ്കിലും പറഞ്ഞ് വാങ്ങിയതാണോ എന്നത് വ്യക്തമല്ല. നോട്ടുപുസ്തകത്തിനകത്തുവെച്ചാല്‍ മയില്‍പീലി പ്രസവിക്കുമെന്ന് ഇപ്പോഴത്തെ സ്‌കൂള്‍കുട്ടികളാരും വിശ്വസിക്കില്ല. അങ്ങനെ വെറുതെ കരുതിപ്പോന്ന ഒരു കാലമുണ്ടായിരുന്നു.
ഇവിടെ അബ്ദുല്‍ ഗഫൂര്‍ ഹാജിയെ കൊലചെയ്തത് മേല്‍പറമ്പില്‍ താമസിക്കുന്ന ഉബൈദാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. അയാളുടെ ഭാര്യയാണ് തട്ടിപ്പിന്റെ കേന്ദ്രബിന്ദു, അഥവാ തുറുപ്പുചീട്ട്. സഹായത്തിന് മറ്റു രണ്ട് സ്ത്രീകള്‍. അര്‍ധരാത്രിയില്‍ വീട്ടിലെ അകത്തളത്തില്‍ മന്ത്രത്തകിടുണ്ടാക്കല്‍. തകിടിനായി ഈയ്യക്കടലാസ് സ്വര്‍ണക്കടലാസെന്നപേരില്‍ മന്ത്രിച്ചൂതി കെട്ടല്‍. ഇത്തരം പലപല ഗോഷ്ടികളിലൂടെ പത്ത് ലക്ഷം രൂപയും 596 പവനും തട്ടിയെടുക്കുകയും കൊലപാതകം നടത്തുകയും ചെയ്യുക. പുതിയപുതിയ ഇരകളെ നോക്കിപ്പോവുക. പ്രേതാവിഷ്ടയെപ്പോലെ പെരുമാറി ആളുകളെ കബളിപ്പിക്കുക, ഹണി ട്രാപ്പിലൂടെ പണം തട്ടുക- എന്നിങ്ങനെ എല്ലാത്തരം തട്ടിപ്പും നടത്തിയ സംഘമാണ് ഇപ്പോള്‍ ഒരു കേസില്‍ അറസ്റ്റിലായത്. ഇവര്‍ എത്രയെത്ര പേരെ ഇങ്ങനെ കബളിപ്പിച്ചിട്ടുണ്ടാകാം.
ഈയിടെയാണ് ഉത്തരേന്ത്യയില്‍നിന്ന് ഒരു വാര്‍ത്ത വന്നത്. ഒരു ബഹുനിലക്കെട്ടിടത്തിലെ മുകള്‍നിലയിലെ വിഗ്രഹത്തില്‍നിന്നുള്ള തീര്‍ത്ഥജലമാണെന്ന് കരുതി എയര്‍കണ്ടീഷണറില്‍ നിന്ന് വീഴുന്ന മലിനജലം ശേഖരിച്ച് കുടിക്കുന്ന ബുദ്ധിമാന്മാരെയും ബുദ്ധിമതികളെയും കുറിച്ചുള്ള വാര്‍ത്ത. ഉത്തരേന്ത്യയിലെ ഒരു സ്‌കൂളിന് ശ്രേയസ്സുണ്ടാകാന്‍ അവിടെ പഠിക്കുന്ന ഒരു കൊച്ചുകുട്ടിയെ ബലി കൊടുത്ത വാര്‍ത്തയും അത്രയൊന്നും പഴകിയിട്ടില്ല.
ഇതെല്ലാം ഉത്തരേന്ത്യയിലാണെന്ന് കരുതി നമ്മുടെ പ്രബുദ്ധതയില്‍ അഭിമാനംകൊള്ളാനാവില്ല. കാരണം ഇവിടെയാണ് മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തുത്തട്ടിപ്പ് അരങ്ങേറിയത്. ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ മുതല്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ വരെ ആ തട്ടിപ്പില്‍ കുടുങ്ങി. കെ.പി.സി.സി. പ്രസിഡണ്ടായ കെ. സുധാകരന്റെ വീട്ടുപറമ്പില്‍നിന്ന് കൂടോത്രത്തിന്റെ വസ്തുവകകള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത് ഏതാനും മാസം മുമ്പാണ്. ആരാണത് ചെയ്തതെന്ന് ഇപ്പോഴും വ്യക്തമല്ല.
ഈയിടെയാണ് കൊല്ലം ചിതറയില്‍ പൊലീസുകാരനെ സുഹൃത്ത് അയാളുടെ വീട്ടില്‍വെച്ച് കഴുത്തറുത്ത് കൊന്നത്. പ്രതി ആഭിചാരക്രിയകളുടെ ഉപാസകനാണ്, ചടയമംഗലത്ത് നടന്ന ആഭിചാര നഗ്നപൂജയുമായി ബന്ധമുള്ളയാളാണ് എന്നെല്ലാമാണ് പോലീസിന് ലഭിച്ച വിവരം. പത്തനംതിട്ട ഇലന്തൂരില്‍ പുരോഗമനവാദിയായി നടിച്ച് ഹൈക്കു കവിതകളൊക്കെ എഴുതി എഫ്.ബിയില്‍ പോസ്റ്റ് ചെയ്ത് ഞെളിഞ്ഞുനടന്ന ഗവല്‍സിങ്ങ് എന്ന ക്രിമിനലും ഭാര്യയും ചേര്‍ന്നാണ് എറണാകുളത്തെ ഹോട്ടല്‍ ജീവനക്കാരനായ ക്രിമിനല്‍ മുഹമ്മദ് ഷാഫിയുടെ കെണിയില്‍ വീണ് രണ്ട് സ്ത്രീകളെ കൊലചെയ്തത്. മനുഷ്യരെ കൊന്ന് മാംസം തിന്നശേഷം ബാക്കി ഭാഗം കുഴിച്ചിട്ടാല്‍ ധനികരാകാമെന്നാണ് അവര്‍ വിശ്വസിച്ചതും അവരെ വിശ്വസിപ്പിച്ചതും. പാവപ്പെട്ട രണ്ട് സ്ത്രീകളെ വശീകരിച്ച് കൊണ്ടുപോയി നരബലിക്കായി വില്‍ക്കുകയും ആഭിചാരക്കൊല നടത്തിക്കൊടുക്കുകയും ചെയ്തു. നടന്നത് വേറെവിടെയുമല്ല ഈ കേരളത്തില്‍. മലയാലപ്പുഴയില്‍ ഒരു മന്ത്രവാദിനിയുടെ വീട്ടില്‍ ആഭിചാരക്രിയക്കായി തടങ്കലിലാക്കിയ രണ്ട് സ്ത്രീകളെ രക്ഷിച്ചത് പ്രദേശത്തെ സാമൂഹ്യപ്രവര്‍ത്തകരാണ്.
ധനാഗമ മാര്‍ഗമായി മാലകള്‍ പൂജിച്ച കല്ലുകളെന്ന് വിശ്വസിച്ച് വില്‍ക്കുന്നവരും കബളിപ്പിക്കപ്പെടുന്നവരും മന്ത്രവാദത്തിലും മന്ത്രമോതിരത്തിലും മന്ത്രച്ചരടുകളിലും വിശ്വസിക്കുന്നവരും... അതിലെല്ലാമുപരി സാത്താന്‍സേവകളില്‍ വിശ്വസിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍... ഇതിന്റെയെല്ലാം പേരില്‍ കേരളത്തിലും നൂറുകണക്കിനാളുകള്‍ കബളിപ്പിക്കപ്പെടുന്നുണ്ട്. നവമാധ്യമങ്ങള്‍ വഴിയുള്ള സാത്താന്‍ സേവകളും അതുമായി ബന്ധപ്പെട്ട മരണങ്ങളും അതില്‍ വഴുതിയെത്തുന്നവരും ദുരന്തത്തിനരയാവുന്നവരും വിദ്യാസമ്പന്നരാണെന്നത് മറ്റൊരു വിരോധാഭാസം. മാധ്യമങ്ങളും പരസ്യത്തിനായും മറ്റും ഇതിന് കൂട്ടുനില്‍ക്കുകയാണെന്ന ആരോപണവും തള്ളാനാവില്ല. അത്ഭുത യന്ത്രങ്ങള്‍, ധനാഗമ മാര്‍ഗങ്ങള്‍, മന്ത്രവാദം എന്നിവയുടെ പരസ്യങ്ങള്‍ ചാനലുകളിലും പ്രമുഖപത്രങ്ങളിലും വരുന്നു...
എത്രയൊക്കെ അനുഭവിച്ചിട്ടും പഠിക്കാത്ത ഒരു നാടായി, ഒരു ജനതയായി മാറുകയാണോ നമ്മള്‍. കാസര്‍കോട്ടെ ആഭിചാരത്തട്ടിപ്പും കൊലയും സംബന്ധിച്ച് നടക്കുന്ന അന്വേഷണം ഇത്തരം സംഭവങ്ങള്‍ക്കെതിരായ താക്കീതാകണം, ഉല്‍ബോധനമാകണം. ചില സംസ്ഥാനങ്ങളില്‍ ഇത്തരം വിശ്വാസചൂഷണത്തിനെതിരെ നിയമംകൊണ്ടുവന്നിട്ടുണ്ട്. കേരളം ഇനിയും അറച്ചുനില്‍ക്കുകയാണ്. അന്ധവിശ്വാസം പ്രചരിപ്പിക്കലും അനാചാരം നടത്തിക്കൊടുക്കലും ആഭിചാരക്രിയകള്‍ നടത്തലും ഒരു തൊഴിലാണെന്നാണ് കരുതുന്നതെങ്കില്‍ പിന്നെ പറഞ്ഞിട്ടുകാര്യമില്ല. അന്ധവിശ്വാസംകൊണ്ടുള്ള അതിക്രമങ്ങളെയെങ്കിലും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ വിചാരിച്ചാല്‍ സാധിക്കണം.