കേഴുക എന്‍ പ്രിയ നാടേ !

ലഹരിയും ചൂതാട്ടവും മനുഷ്യനെ തകര്‍ക്കുന്നവയാണ്. എന്നാല്‍ അത് തന്നെ ഒരു നാടിന്റെ ഏറ്റവും വലിയ വരുമാന മാര്‍ഗമായാല്‍ ആ നാട് എങ്ങനെ നന്നാവാനാണ്. നമ്മുടെ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ വരുമാന സ്രോതസുകളാണ് ലോട്ടറിയും മദ്യവും.

ഒരു കാലത്ത് ലോകത്തിന് മുമ്പില്‍ തല ഉയര്‍ത്തി അഭിമാനത്തോടെ പറയാമായിരുന്ന ഒന്നായിരുന്നു 'കേരള മോഡല്‍'. അത്രയും അഭിമാനവും ഇമ്പവുമുണ്ടായിരുന്നു ആ വാക്കിന്. അതിന് തത്തുല്യമായ അസൂയാര്‍ഹമായ ജീവിതമായിരുന്നു നമ്മുടെത്.

നമ്മുടെ പൂര്‍വ്വികര്‍ സ്വപ്‌നങ്ങള്‍ നെയ്‌തെടുക്കാന്‍ നാടും വീടും കുടുംബവും ഉപേക്ഷിച്ച് പ്രവാസം തിരഞ്ഞെടുത്തത് തന്നെ അഭിമാനം പണയം വെക്കാതിരിക്കാനായിരിക്കണം. മരുഭൂമിയില്‍ അധ്വാനിച്ച് നാട്ടില്‍ കെട്ടിപ്പൊക്കിയ സൗധങ്ങള്‍ നമുക്കഭിമാനമായിരുന്നു. പള്ളിയും പള്ളിക്കൂടവും മാത്രമല്ല മരിച്ച് കിടക്കാനുള്ള പള്ളിപ്പറമ്പ് വരെ അലങ്കരിച്ച നമ്മള്‍ ഹൈടെക് ശ്മശാനങ്ങളും സെമിത്തേരികളും പണിതുണ്ടാക്കി ലോകത്തിനെ അത്ഭുതപ്പെടുത്തി. നമ്മുടെ നാടിന്റെ ഓരോ വികസനത്തിലും അങ്ങനെ നാം പങ്കാളികളായി.

പക്ഷേ കാലം മാറി കഥ മാറി. പ്രവാസ ജീവിതത്തിന്റെ വസന്തങ്ങള്‍ നെയ്‌തെടുത്ത ഗള്‍ഫ് ഭൂമികയില്‍ മണ്ണൊലിച്ച് തുടങ്ങി. വരുമാനങ്ങള്‍ക്ക് പുതിയ വഴി തേടേണ്ടതായി വന്നു. ഖേദകരമെന്നു പറയട്ടെ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ച വഴി നിരാശാജനകം എന്ന് മാത്രമല്ല, അത്യന്തം ഹീനമാണെന്ന് തന്നെ പറയേണ്ടി വരും.

വ്യവസായിക, കാര്‍ഷിക, വ്യാപാര, തൊഴില്‍ മേഖലകളില്‍ അവസരങ്ങള്‍ സൃഷ്ടിച്ച് സമൂഹത്തെ കൈ പിടിച്ചുയര്‍ത്തേണ്ട സര്‍ക്കാര്‍ തന്നെ അവരെ അധ:പതനത്തിലേക്ക് തള്ളിവിടുന്നു. ലഹരിയും ചൂതാട്ടവും മുഖ്യ വരുമാന മാര്‍ഗമായി സര്‍ക്കാര്‍ തന്നെ തിരഞ്ഞെടുത്തു.

വ്യക്തി ജീവിതവും കുടുംബ ജീവിതവും സമൂഹ്യ ജീവിതവും അത്യന്തം ദുര്‍ഘടമാക്കുന്ന മദ്യത്തെ തന്നെ മുഖ്യ വരുമാന മാര്‍ഗമാക്കുന്നതിലൂടെ സമൂഹത്തിന്റെ ക്രിയാത്മകവും നിര്‍മ്മാണാത്മകവുമായ പുരോഗതിക്ക് തുരങ്കം വെക്കുക ആണ് ചെയ്യുന്നത്. നമ്മുടെ വരുമാനത്തിന്റെ ഇരുപത്തിയഞ്ച് ശതമാനം മദ്യത്തിലൂടെയും ലോട്ടറിയിലൂടെയുമാണെന്ന ധനമന്ത്രിയുടെ കണക്ക് മാധ്യമങ്ങളിലൂടെ വന്നത് കാണുക.

ലോട്ടറി വില്‍പനയിലൂടെ 2023-24 സാമ്പത്തിക വര്‍ഷം 12529.26 കോടി രൂപ വരുമാനമായി ലഭിച്ചെന്ന് ധനകാര്യ മന്ത്രികെ.എന്‍. ബാലഗോപാല്‍വ്യക്തമാക്കിയിരുന്നു. ലോട്ടറിയേക്കാള്‍ കൂടുതല്‍ സര്‍ക്കാരിന് മദ്യവില്‍പനയിലൂടെയാണ് വരുമാനം ലഭിച്ചത്. 2023-24 വര്‍ഷം മദ്യ വില്‍പനയിലൂടെ വരുമാനമായി 19088.86 കോടി രൂപയാണ് ലഭിച്ചത്. ലോട്ടറിയില്‍ നിന്നും മദ്യത്തില്‍ നിന്നും മാത്രം ലഭിച്ചത് 31618.12 കോടിയാണ്. 2023-24 ലെ സംസ്ഥാനത്തിന്റെ റവന്യു വരുമാനം 124486.15 കോടി രൂപയാണ്. സംസ്ഥാന വരുമാനത്തിന്റെ 25.4 ശതമാനവും സംഭാവന ചെയ്യുന്നത് ലോട്ടറിയും മദ്യവും എന്ന് കണക്കുകളില്‍ നിന്ന് വ്യക്തം. മദ്യം സകലമാന തിന്മകളുടെയും മാതാവാണെന്നാണ് പ്രവാചകന്‍ പറഞ്ഞത്. അതെത്ര ശരിയാണ്. കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ മാത്രമല്ല റോഡപകടങ്ങളില്‍ പൊലിഞ്ഞു പോകുന്ന ജീവിതങ്ങളിലേയും ഏറ്റവും വലിയ വില്ലന്‍ മദ്യമാണ്. തകരുന്ന കുടുംബ ജീവിതവും വര്‍ധിച്ചു വരുന്ന ആത്മാഹത്യയുടെയും മുഖ്യഹേതു മദ്യം തന്നെയാണ്.

വരുമാനത്തിന് മറ്റു മാര്‍ഗങ്ങള്‍ തേടാതെ സാമൂഹ്യ വിപത്തിന് കാരണമായ മദ്യത്തെയും ലോട്ടറിയെയും ആശ്രയിക്കുക വഴി മഹത്തായ നമ്മുടെ സംസ്‌കാരത്തിന്റെ കടക്കല്‍ കത്തി വെക്കുന്ന ഈ സമീപനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറേണ്ടിയിരിക്കുന്നു.

Related Articles
Next Story
Share it