'എനിക്ക് ഗുസ്തി പഠിക്കണ്ട' 50 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അരങ്ങിലെത്തി
കാസര്‍കോട്: അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാസര്‍കോട് ഗവ. ഹൈസ്‌കൂളില്‍ അവതരിപ്പിച്ച നാടകം അതേ സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ വീണ്ടും അവതരിപ്പിച്ച് കയ്യടി നേടി പൂര്‍വ വിദ്യാര്‍ത്ഥികള്‍. സ്‌കൂളിന്റെ നൂറാം വാര്‍ഷിക വേളയില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ ഭാഗമായി ഒരുക്കിയ ഒരു മാസം നീണ്ടുനില്‍ക്കുന്ന 'നൂറ്റാണ്ടിന്റെ നൊസ്റ്റാള്‍ജിയ' അഘോഷവേളയിലാണ് 'എനിക്ക് ഗുസ്തി പഠിക്കണ്ട' എന്ന ഹാസ്യനാടകം കെ.എച്ച്. മുഹമ്മദിന്റെ നേതൃത്വത്തില്‍ അരങ്ങേറിയത്. അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ നാടകത്തില്‍ പ്രധാന വേഷം അവതരിപ്പിച്ച നായന്മാര്‍മൂലയിലെ അബ്ദുല്‍ റഹ്മാന്‍ ഹക്കീം (സ്‌കൈ വ്യു) ചായ മക്കാനിയിലെ ജോലിക്കാരനായ തന്റെ കോമഡി റോള്‍ വീണ്ടും മനോഹരമായി അവതരിപ്പിച്ചു. റഫീഖ് മണിയങ്ങാനം രംഗ സജ്ജീകരണമൊരുക്കിയ നാടകത്തില്‍ ഹസൈനാര്‍ നുള്ളിപ്പാടി, അമീറലി കരിപ്പൊടി, അബൂബക്കര്‍ തുരുത്തി, ടി.എം.എ. ഖാദര്‍ എന്നിവരും തങ്ങളുടെ വേഷങ്ങള്‍ മികവുറ്റതാക്കി.