മലയാള സിനിമാ ലോകം-പോയവര്‍ഷം
മലയാള സിനിമ വ്യവസായം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നതിന് സാക്ഷ്യം വഹിച്ച വര്‍ഷമാണ് 2024. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ അധ്യായമായി നിലനില്‍ക്കും 2024 എന്നതില്‍ തര്‍ക്കമില്ല. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ സ്‌ഫോടനാത്മക വിശദാംശങ്ങളും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും ബോക്സ് ഓഫീസ് ഹിറ്റുകളും പുത്തന്‍ പരീക്ഷണങ്ങളും തിയറ്ററില്‍ നിലംപതിച്ചവയും എല്ലാം 2024ല്‍ മലയാള സിനിമാ മേഖലയിലെ ചര്‍ച്ചാ വിഷയങ്ങളായി. യുവാക്കളെ പ്രമേയമാക്കിയുള്ള സിനിമകള്‍ക്കും കാന്‍സ് പുരസ്‌കാര തിളക്കത്തിനും ചില നികത്താനാവാത്ത നഷ്ടങ്ങള്‍ക്കും 2024 സാക്ഷ്യം വഹിച്ചു. കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ഒ.ടി.ടി. ലോകത്തിലൂടെ മലയാള സിനിമ പോലെ മറ്റൊരു സിനിമാ മേഖലയും നേട്ടമുണ്ടാക്കിയിട്ടില്ല. പരമ്പരാഗത ഉള്ളടക്കത്തിലും രൂപത്തിലും ശ്രദ്ധേയമായ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നു മലയാള സിനിമ. വലിയൊരു കാഴ്ചാ സമൂഹത്തിന് മുന്നിലേക്കാണ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളുടെ ആവിര്‍ഭാവമുണ്ടായത്. മലയാളികളല്ലാത്തവരിലേക്കും ഈ പ്ലാറ്റ്‌ഫോമിലൂടെ മലയാള സിനിമ ഇതരഭാഷാ വീട്ടകങ്ങളിലേക്കെത്തി. ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തില്‍ മലയാള സിനിമ ഒരു പ്രബല ശക്തിയായി മാറുന്നതിന് സാക്ഷ്യം വഹിച്ച വര്‍ഷമായിരുന്നു 2024. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ബ്ലോക്ക് ബസ്റ്ററുകളുടെ ഒരു നിര തന്നെ മോളിവുഡിലുണ്ടായി.
പ്രേമലു, ബ്രഹ്‌മയുഗം, മഞ്ഞുമ്മല്‍ ബോയ്സ്, ആടുജീവിതം, ആവേശം തുടങ്ങിയ സിനിമകള്‍ ഏകദേശം രണ്ട് മാസ ഇടവേളകളിലാണ് തിയറ്ററുകളിലെത്തിയത്. അന്യഭാഷാ ചിത്രങ്ങള്‍ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ പാടുപെടുമ്പോള്‍ മലയാള സിനിമ മാത്രം എങ്ങനെ വിജയിച്ചു എന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ചകളെല്ലാം. ഈ സിനിമകളെല്ലാം കേരളം വിട്ട് മിഡില്‍ ഈസ്റ്റിലും വിദേശത്തും ബോക്‌സ് ഓഫീസ് കുലുക്കി.
വര്‍ഷാവസാനത്തില്‍ തിയറ്ററുകളിലെത്തിയ ബറോസും റൈഫിള്‍ ക്ലബ്ബും മാര്‍ക്കോയും മോളിവുഡിന്റെ ജൈത്രയാത്രയ്ക്ക് നാന്ദി കുറിക്കാനെത്തിയ സിനിമകളായി മാറി. അതിന് മുമ്പ് ഗുരുവായൂര്‍ അമ്പലനടയില്‍, അജയന്റെ രണ്ടാം മോചനം (എ.ആര്‍.എം.), കിഷ്‌കിന്ധാ കാണ്ഡം, സൂക്ഷ്മദര്‍ശിനി തുടങ്ങിയ ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.
2024ല്‍ മോളിവുഡില്‍ നിരവധി ഹിറ്റുകള്‍ പിറന്നെങ്കിലും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ (കെ.എഫ്.പി.എ.) റിപ്പോര്‍ട്ടുകള്‍ പ്രകാരം മലയാള സിനിമാ വ്യവസായത്തിന് ഏകദേശം 700 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ്. 2024ല്‍ 199 പുതിയ ചിത്രങ്ങളും അഞ്ച് റീമാസ്റ്റര്‍ പതിപ്പുകളും (പഴയ ചിത്രങ്ങള്‍ വീണ്ടും റിലീസ്) 1000 കോടി രൂപ മുതല്‍മുടക്കില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്തതായാണ് പറയുന്നത്. എന്നാല്‍ അവയില്‍ 26 സിനിമകള്‍ മാത്രമാണ് 300-350 കോടി രൂപ ലാഭം നേടിയത്, ബാക്കിയുള്ളവ 650-700 കോടി രൂപ നഷ്ടത്തിലാണെന്നും കണക്കില്‍ പറയുന്നു. കെ.എഫ്.പി.എ രേഖകള്‍ പ്രകാരം 2023-ല്‍ 12 സിനിമകള്‍ മാത്രമാണ് ലാഭം നേടിയതെന്ന റിപ്പോര്‍ട്ട് എന്നത് ഏറെ ചര്‍ച്ചയായി. റിലീസുകളുടെ എണ്ണം പരിമിതപ്പെടുത്തി യുവാക്കളെയും കുടുംബങ്ങളെയും ആകര്‍ഷിക്കുന്ന ഗുണനിലവാരമുള്ള ഉള്ളടക്കം നിര്‍മ്മിക്കുകയും ചെയ്യുക എന്നതാണ് പ്രതിസന്ധി മറികടക്കാനുള്ള ഏക മാര്‍ഗമെന്നാണ് വിലയിരുത്തല്‍.
മലയാള സിനിമാ മേഖലയിലെ പരീക്ഷണ ചിത്രങ്ങള്‍ക്കുള്ള ഇടവുമായിരുന്നു പോയവര്‍ഷം.
മലൈക്കോട്ടൈ വാലിബന്‍ ചിത്രം ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടെങ്കിലും മോഹന്‍ലാലിന്റെ പ്രകടനത്തിനും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ക്രാഫ്റ്റിനും പ്രശംസാ പാത്രമായി മാറി ചിത്രം.
ഏറെ നിരൂപകശ്രദ്ധ നേടിയ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം 2024ല്‍ കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായി മാറി.പരമ്പരാഗത ശൈലിയില്‍ നിന്നും വേറിട്ട പാതയിലൂടെ സഞ്ചരിച്ച സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനം അസാധാരണമായി മാറി. ആസിഫ് അലിയുടെ സൈക്കോളജിക്കല്‍ ത്രില്ലര്‍ ലെവല്‍ ക്രോസ്, മഞ്ജു വാര്യരുടെ ഫൂട്ടേജ്, രാജ് ബി ഷെട്ടിയും അപര്‍ണ ബാലമുരളിയും അഭിനയിച്ച മറ്റൊരു സൈക്കോളജിക്കല്‍ ത്രില്ലറായ രുധിരം എന്നിവയും മലയാള സിനിമയില്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയുള്ള പരീക്ഷണ സിനിമകളുടെ ലിസ്റ്റില്‍ ഇടംനേടി. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് ബോക്സ് ഓഫീസുകള്‍ കുലുക്കി.
അത്ര പരിചിതമല്ലാത്ത താരനിരയുമായി വന്ന മനോഹരമായ കുറഞ്ഞ ബജറ്റ് ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടി. ബാലതാരങ്ങള്‍ നേതൃത്വം നല്‍കിയ പല്ലൊട്ടി, സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ തുടങ്ങിയ ചില മികച്ച ചിത്രങ്ങളും സിനിമാ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായി.ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ, ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടവും മികച്ച കഥാതന്തുവുള്ള സിനിമാ പട്ടികയിലേക്ക് മാറി.
ഉര്‍വശിയും പാര്‍വതിയും മത്സരിച്ചഭിനയിച്ച ഉള്ളൊഴുക്ക് മലയാള സിനിമയിലെ വ്യത്യസ്ത പ്രമേയം കയ്യാളി.കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രിക്‌സ് സ്വന്തമാക്കിയ പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ഏസ് ലൈറ്റിലെ മലയാളി സാന്നിധ്യമായ കനി കുസൃതിയും ദിവ്യപ്രഭയും കാനില്‍ തിളങ്ങിയത് മറ്റൊരു അന്താരാഷ്ട്ര നേട്ടമായി മാറി.