സാമ്പത്തിക വിദഗ്ധന് വിട...

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും വിടവാങ്ങിയിരിക്കുന്നു. രണ്ട് തവണ രാജ്യം ഭരിച്ച പ്രധാനമന്ത്രിയാണ് മന്‍മോഹന്‍ സിങ്ങ്. ജനവികാരം മനസിലാക്കുകയും അതിനനുസരിച്ച് ഭരിക്കുകയും രാജ്യത്തെ വന്‍ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുകയും ചെയ്ത കഴിവുറ്റ ഭരണാധികാരി തന്നെയായിരുന്നു അദ്ദേഹം. സാമ്പത്തിക വിദഗ്ധന്‍ എന്ന നിലയില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഏത് ദിശയിലേക്ക് കൊണ്ടുപോകണമെന്നത് സംബന്ധിച്ച് അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ടായിരുന്നു. ഇന്ത്യ ഏറ്റവും കൂടുതല്‍ സാമ്പത്തിക വളര്‍ച്ച കൈവരിച്ചുതുടങ്ങിയത് മന്‍മോഹന്‍ സിങ്ങ് കേന്ദ്ര ധനമന്ത്രിയായിരുന്ന കാലത്തായിരുന്നു. പ്രധാനമന്ത്രി പദത്തിലെത്തുന്നതിന് മുമ്പ് തന്നെ സാമ്പത്തിക വിദഗ്ധന്‍ എന്ന നിലയില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 1991-96 കാലത്താണ് മന്‍മോഹന്‍ സിങ്ങ് കേന്ദ്ര ധനമന്ത്രിയായിരുന്നത്. ഉദാരവല്‍ക്കരണ നയത്തിലൂടെ മാത്രമേ ഇന്ത്യയെ സാമ്പത്തികവളര്‍ച്ചയിലേക്ക് നയിക്കാനാകൂവെന്ന നിലപാടിലൂടെ അന്നത്തെ കേന്ദ്ര ധനമന്തിയായ മന്‍മോഹന്‍ സിങ്ങ് നടപ്പാക്കിയ നയങ്ങള്‍ രാജ്യത്ത് പുരോഗതിയുടെ പുതിയ ചരിത്രമാണ് കുറിച്ചത്. വിദേശനിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുകയും സ്വകാര്യവല്‍ക്കരണത്തിലൂന്നിയുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്ത മന്‍മോഹന്‍ ശൈലി വിമര്‍ശിക്കപ്പെട്ടെങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ രാജ്യത്തിന് അതിന്റേതായ പ്രയോജനം ലഭിച്ചുവെന്നത് വസ്തുതയാണ്. രൂപയുടെ സ്വതന്ത്രമായ വിനിമയം അനുവദിച്ചുകൊണ്ടുള്ള വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ മന്‍മോഹന്‍ സിങ്ങിന് സാധിച്ചു. 2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിന്റെ ഭരണനേട്ടങ്ങളില്‍ ഏറ്റവും എടുത്തുപറയേണ്ട പദ്ധതി തൊഴിലുറപ്പ് തന്നെയാണ്. രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് നടപ്പിലാക്കിയ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന സാധാരണക്കാരായ ജനവിഭാഗങ്ങളാണ്. വിദ്യാഭ്യാസ അവകാശ നിയമമാണ് മന്‍മോഹന്‍ സിങ്ങ് കൊണ്ടുവന്ന മറ്റൊരു ഗുണകരമായ പദ്ധതി. ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണ് മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ. സര്‍ക്കാര്‍ ഭരണം നടത്തിയതെങ്കിലും 2008ല്‍ യു.എസുമായുള്ള ആണവകരാറിന്റെ പേരില്‍ പിന്തുണ പിന്‍വലിച്ചിരുന്നു. ലോക്‌സഭയില്‍ വിശ്വാസവോട്ട് നേടിയ അദ്ദേഹം 2009ലെ പൊതുതിരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്തുകയാണുണ്ടായത്. നെഹ്റുവിന് ശേഷം ഭരണത്തില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി തുടര്‍ഭരണം നേടിയ ആദ്യത്തെ പ്രധാനമന്ത്രിയെന്ന വിശേഷണം മന്‍മോഹനുണ്ടായിരുന്നു. രാജ്യത്ത് മതേതരത്വവും ജനാധിപത്യവും ശക്തിപ്പെടുത്താന്‍ നേതൃത്വം നല്‍കിയ പ്രധാനമന്ത്രി കൂടിയായിരുന്നു അദ്ദേഹം. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തിലും ഒരു വിട്ടുവീഴ്ചയുമുണ്ടായിരുന്നില്ല. ജനാധിപത്യ മതേതര വിശ്വാസികളെ സംബന്ധിച്ചിടത്തോളം മന്‍മോഹന്‍ സിങ്ങിന്റെ വേര്‍പാട് വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it