പുതുവത്സരം നന്മയുടെ പ്രകാശം പരത്തട്ടെ
2024 മറഞ്ഞുപോയിരിക്കുന്നു. ജീവിതം 2025ലേക്ക് എത്തിയിരിക്കുകയാണ്. പോയ വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ നേട്ടങ്ങളും കോട്ടങ്ങളുമുണ്ടായതായി കാണാം. നഷ്ടങ്ങള്‍, വേര്‍പാടുകള്‍, ദുരന്തങ്ങള്‍, ആത്മഹത്യകള്‍, കൊലപാതകങ്ങള്‍, അകാലമരണങ്ങള്‍ ഒരുപാടുണ്ടായ വര്‍ഷമാണ് കടന്നുപോയത്.
കേരളത്തെ ഏറ്റവുമധികം ഉലച്ചത് വയനാട് ദുരന്തം തന്നെയാണ്. നൂറുകണക്കിനാളുകളാണ് വയനാട് ദുരന്തത്തില്‍ മരിച്ചത്. ഉറ്റവര്‍ നഷ്ടപ്പെട്ടവരുടെയും സമ്പാദ്യങ്ങള്‍ നഷ്ടമായവരുടെയും കണ്ണീര്‍ ഇനിയും തോര്‍ന്നിട്ടില്ല. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നടപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് സാധിച്ചിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. എം.ടി. വാസുദേവന്‍ നായര്‍ ഉള്‍പ്പെടെയുള്ള മഹാപ്രതിഭകളുടെ വിയോഗം സാഹിത്യ-സാംസ്‌ക്കാരിക മേഖലകളില്‍ വരുത്തിവെച്ച നഷ്ടം വേറൊരു ഭാഗത്തുണ്ട്. കേരളത്തില്‍ രാഷ്ട്രീയക്കൊലപാതകങ്ങള്‍ക്ക് കുറവ് വന്നരിക്കുന്നുവെന്നത് ആശ്വാസകരമാണെങ്കിലും ഗുണ്ടാ-ക്വട്ടേഷന്‍ ആക്രമണങ്ങളും കൊലപാതകങ്ങളും വര്‍ധിച്ചുവരുന്നുവെന്ന യാഥാര്‍ത്ഥ്യം ആശങ്കയുളവാക്കുന്നതാണ്. മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും വില്‍പ്പനയും ഉപയോഗവും കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും വര്‍ധിച്ചിട്ടുണ്ട്. കുട്ടികളടക്കം മയക്കുമരുന്നിന് അടിമകളാകുന്നുവെന്നതാണ് ഏറ്റവും വിപല്‍ക്കരമായ കാര്യം. എം.ഡി.എം.എ പോലുള്ള അതിമാരകമായ മയക്കുമരുന്നുകളുടെ വില്‍പ്പന ഗ്രാമാന്തരങ്ങളില്‍ പോലും സജീവമാണ്. സ്വര്‍ണ്ണക്കള്ളക്കടത്തും മയക്കുമരുന്ന്-കഞ്ചാവ് കടത്തും അതുമായി ബന്ധപ്പെട്ട ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളുമൊക്കെ നാടിന്റെ സൈ്വരജീവിതത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. പൊലീസും എക്‌സൈസും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധം ലഹരിയുടെ സാമ്രാജ്യം വളരുകയാണ്. ഈയാംപാറ്റകളെ പോലെയാണ് കുട്ടികളും യുവാക്കളും അടക്കമുള്ളവര്‍ ഇവരുടെ വലയില്‍ അകപ്പെടുന്നത്. മയക്കുമരുന്ന്-കഞ്ചാവ് മാഫിയകള്‍ക്കെതിരെ അതിശക്തമായ പോരാട്ടവും കര്‍ശനമായ നടപടികളും ആവശ്യമാണ്.
2025ല്‍ ഇത്തരം ഛിദ്രശക്തികളെ സമൂഹത്തില്‍ നിന്നും തുടച്ചുനീക്കുന്നതിന് എല്ലാവരും യോജിച്ച് പ്രവര്‍ത്തിക്കണം. മാലിന്യനിര്‍മ്മാര്‍ജ്ജനം പൊതുജനാരോഗ്യസംരക്ഷണത്തിന് പരമപ്രധാനമാണ്. കേരളത്തെ സമ്പൂര്‍ണ്ണമാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റാനുള്ള ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചിട്ടില്ല. പുഴകളിലും മറ്റ് ജലാശയങ്ങളിലും റോഡരികുകളിലും ജനവാസകേന്ദ്രങ്ങളിലുമെല്ലാം മാലിന്യങ്ങള്‍ തള്ളുന്നു. മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ പല ഭാഗങ്ങളിലുമില്ല. പ്രകൃതിക്കും പരിസ്ഥിതിക്കും വിനാശകരമാകുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരുകയാണ്. പുതുവര്‍ഷത്തില്‍ ഇത്തരം വിപത്തുകളില്‍ നിന്നും നാടിനെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം.