കരയിപ്പിച്ചു കളഞ്ഞു, പോയ വര്‍ഷം...

ഓരോ വര്‍ഷത്തേയും സംഭവബഹുലമായ കണക്കെടുപ്പ് നടത്തുമ്പോള്‍ അടുത്ത വര്‍ഷം എങ്ങനെയായിരിക്കുമെന്ന് വെറുതെ ചിന്തിച്ചുപോകാറുണ്ട്. പക്ഷെ, ആ ചിന്തകളെയൊക്കെ കടത്തിവെട്ടുന്ന സംഭവപരമ്പരകളായിരിക്കും കേരളത്തില്‍ നടക്കാറുള്ളത് എന്നതാണ് സത്യം. 2024 ഇതില്‍ നിന്നും വ്യത്യസ്തമല്ല.

കേരളത്തിന്റെ പുണ്യമായ എഴുത്തുകാരനും സിനിമാ സംവിധാകനും ഒക്കെയായി തിളങ്ങിയ എം.ടി വാസുദേവന്‍ നായര്‍ ഈ വര്‍ഷത്തിന്റെ അവസാന നാളുകള്‍ക്കൊപ്പം നമ്മെ വിട്ടുപോയി. കേരളം കരഞ്ഞ മഹച്ചരമങ്ങളിലൊന്നാണത്. ലോകം പുകഴ്ത്തിയ സാമ്പത്തിക വിദഗ്ധരില്‍ ഒരാളും ഇന്ത്യക്ക് വഴിക്കാട്ടിയായ മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിങ്ങിന്റെ വേര്‍പാടും മലയാളക്കരയെ കരയിപ്പിച്ചു. ലോക പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിര്‍ ഹുസൈന്റെയും പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെയും പ്രശസ്ത സിനിമാ പ്രവര്‍ത്തകന്‍ ശ്യാംബെനഗലിന്റെയും വിയോഗം മലയാളികളുടെയും നൊമ്പരമായി. സി.പി.എം. അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വേര്‍പാടും നൊമ്പരമായി.

* * *

കാസര്‍കോട് ജില്ലയെ സംബന്ധിച്ചും സംഭവബഹുലമായ വര്‍ഷമാണ് മണിക്കൂറുകള്‍ക്കകം യാത്ര പറയാന്‍ ഒരുങ്ങുന്നത്. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടം സംസ്ഥാനത്തെ തന്നെ നടുക്കുന്നതായിരുന്നു. ദുരന്തത്തില്‍ ആറുപേര്‍ക്ക് ജീവന്‍ പൊലിയുകയും നിരവധി പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു.

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലെ സി.ബി.ഐ കോടതിയുടെ വിധി കേരളം മാത്രമല്ല, രാജ്യമാകെ ചര്‍ച്ച ചെയ്യപ്പെട്ടു. 24 പ്രതികളില്‍ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമനടക്കം 14 പേരെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. ശിക്ഷാവിധി ജനുവരി മൂന്നിന് ഉണ്ടാവും.

പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ മരണത്തിലെ ദുരൂഹത അവസാനിപ്പിച്ച് അതൊരു കൊലപാതമാണെന്ന് കണ്ടെത്തിയതും ജിന്നുമ്മയടക്കം നാലുപേര്‍ അറസ്റ്റിലായതും ഇതേവര്‍ഷമാണ്. എരിഞ്ഞിപ്പുഴയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചതും പടന്നക്കാട് സഹോദരങ്ങളായ രണ്ട് പിഞ്ചുകുട്ടികള്‍ വാഹനാപകടത്തില്‍ മരിച്ചതും 2024ന്റെ അവസാന നാളുകള്‍ സമ്മാനിച്ച വലിയ വേദനയാണ്.

പ്രമാദമായ റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വിട്ടയക്കപ്പെട്ടത് അന്വേഷണ സംഘത്തിനെതിരെയുള്ള വലിയ വിമര്‍ശനത്തിന് വഴിവെച്ചു.

സാഹിത്യകാരന്‍ വാസു ചോറോടിന്റെ വേര്‍പാട് കാസര്‍കോടിന് നോവായി.

കര്‍ഷകന്‍ സത്യനാരായണ ബെളേരിയിലൂടെ ചരിത്രത്തിലാദ്യമായി കാസര്‍കോട്ടേക്ക് പത്മശ്രീ പുരസ്‌കാരമെത്തിയത് വലിയ സന്തോഷമായി.

വയനാട്ടിലെ ഉരുള്‍ദുരന്തം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് കേരളം ഇനിയും മുക്തമായിട്ടില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളില്‍ 18ലും യു.ഡി.എഫ് വെന്നിക്കൊടി പറത്തിയതും കേരളത്തില്‍ നിന്നാദ്യമായി തൃശൂര്‍ വഴി ബി.ജെ.പി ലോക്‌സഭയിലെത്തിയതും ഇടതുമുന്നണിക്ക് ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നതും ഇതേ വര്‍ഷമാണ്. കാസര്‍കോട്ട് നിന്ന് രണ്ടാം തവണയും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ലോക്‌സഭയിലെത്തി.

ഒരുപാട് വിവാദങ്ങള്‍ പെയ്തിറങ്ങിയ വര്‍ഷം കൂടിയായിരുന്നു ഇത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും പിടിച്ചു കുലുക്കിയ എക്സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്, പെന്‍ഷന് വേണ്ടി മറിയക്കുട്ടി നടത്തിയ സമരം, റാഗിംഗിന് വിധേയനായ സിദ്ധാര്‍ത്ഥിന്റെ മരണം, കണ്ണൂര്‍ എ.ഡി.എമ്മിന്റെ ദുരൂഹമായ ആത്മഹത്യ, കാഫിര്‍ ചിത്ര വിവാദം, പാലക്കാട്ടെ നീലട്രോളി നാടകം മുതല്‍ വൈദ്യുതി നിരക്ക് വര്‍ധനവടക്കം സൃഷ്ടിച്ച കോലാഹലം ചെറുതല്ല.

ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിന്റെ അലയൊലി കഴിഞ്ഞ ദിവസം പദവി ഒഴിഞ്ഞ് ആരിഫ് മുഹമ്മദ് ഖാന്‍ ബീഹാറിലേക്ക് വിമാനം കയറിയിട്ടും ഇപ്പോഴും അടങ്ങിയിട്ടില്ല. സാമ്പത്തിക ഞെരുക്കത്തിന്റെ ബാക്കിപത്രമായി നിരവധി പെന്‍ഷനുകള്‍ മാസങ്ങളോളം മുടങ്ങിയതും സപ്ലൈകോ നോക്കുകുത്തിയായി മാറിയതും ക്ഷേമപെന്‍ഷനുകള്‍ കിട്ടാതെയുള്ള ആത്മഹത്യയും കുത്തിയിരുപ്പ് സമരങ്ങളും അതിനെ തുടര്‍ന്ന് പത്രത്തില്‍ വന്ന നുണക്കഥകളുമൊക്കെ സര്‍ക്കാറിനെ വെപ്രാളത്തിലാക്കി. എവിടെയുമെത്താത്ത കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ 'ഇപ്പൊ തേങ്ങാ ഉടയ്ക്കും' എന്ന് ഇ.ഡി പലതവണ പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. സി.പി.എം നേതാക്കളെ പലതവണ ചോദ്യം ചെയ്തെങ്കിലും എല്ലാം ബി.ജെ.പിയെ സഹായിക്കാനായി കേന്ദ്രം നടത്തിയ പ്രഹസനങ്ങളാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്ന സാഹചര്യമുണ്ടായി. കൊടകര കുഴല്‍പ്പണക്കേസും എവിടെയോ തട്ടി നിന്നു. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ടടക്കമുള്ളവരെ കോടതി കുറ്റവിമുക്തരാക്കി. കേരളത്തിന്റെ വനാതിര്‍ത്തി മേഖലകളില്‍ വന്യമൃഗശല്യം രൂക്ഷമായതും പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധത്തിനിറങ്ങിയതും പുലി ഭീഷണി ജനങ്ങളുടെ ഉറക്കം കെടുത്തിയതും വിടപറയുന്ന വര്‍ഷത്തിലെ പ്രധാന വാര്‍ത്തകളായിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക പരാധീനതക്ക് കാരണം കേന്ദ്രമാണെന്ന് സര്‍ക്കാരും സര്‍ക്കാരിന്റെ ധൂര്‍ത്താണെന്ന് പ്രതിപക്ഷവും പാടിക്കൊണ്ടിരിക്കുന്നു.

തൃശൂര്‍ പൂരം കലക്കിയതിന്റെ വിവാദം കെട്ടടങ്ങാതെ പുതിയ വര്‍ഷത്തിലേക്കും കടക്കുന്നു. ഇന്ത്യയുടെ ബഹിരാകാശദൗത്യമായ 'ഗഗന്‍യാനി'ലേക്ക് മലയാളിയായ പ്രശാന്ത് നായര്‍ തിരഞ്ഞെടുക്കപ്പെട്ടത് കേരളത്തിന് അഭിമാനം പകര്‍ന്ന നേട്ടമായി. എന്നാല്‍ ക്രൂരമായ റാഗിംഗിന്റെ ഭാഗമായി സിദ്ധാര്‍ഥ് എന്ന വിദ്യാര്‍ത്ഥി മരണപ്പെട്ടപ്പോള്‍ കേരളം ലജ്ജിച്ചു തലതാഴ്‌ത്തേണ്ട അവസ്ഥയും ഉണ്ടായി. നേരറിയാന്‍ സി.ബി.ഐ വന്നെങ്കിലും സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കള്‍ക്ക് നീതി ഇന്നും അകലെത്തന്നെ. പി.സി ജോര്‍ജ്, പദ്മജ വേണുഗോപാല്‍, അനില്‍ ആന്റണി എന്നിവരൊക്കെ മറുകണ്ടം ചാടി ബി.ജെ.പിയില്‍ ചേര്‍ന്നതും പോയവര്‍ഷത്തെ വാര്‍ത്താപ്രാധാന്യം നേടിയ സംഭവങ്ങളായിരുന്നു.

ഇടതുമുന്നണി കണ്‍വീനറായിരുന്ന ഇ.പി ജയരാജന്‍ വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നിന്ന സന്ദര്‍ഭങ്ങള്‍ കുറവായിരുന്നു.

ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പുകഴ്ത്തിയതിനും ജാവേദ്ക്കറെ കണ്ടതിനും കണക്കിന് പഴി കേള്‍ക്കേണ്ടിവന്നു. ഒടുവില്‍ ആത്മകഥ ചോര്‍ന്നതും വിവാദങ്ങളുണ്ടാക്കി.

കരുവന്നൂരില്‍ മാത്രമല്ല പല സഹകരണ ബാങ്കുകളിലും വലിയതോതില്‍ വായ്പാതട്ടിപ്പുകള്‍ അരങ്ങേറിയ വര്‍ഷം കൂടിയായിരുന്നു ഇത്. ഇക്കാര്യത്തില്‍ ഇടതും വലതും തങ്ങള്‍ ഒട്ടും കുറവല്ലായെന്ന് തെളിയിച്ചു.

സി.ഐ.എ വിജ്ഞാപനത്തിനെതിരെ പ്രസ്താവനകളുമായി യു.ഡി.എഫ്, എല്‍.ഡി.എഫ് രംഗത്തെത്തി. കേരളത്തില്‍ സമ്മതിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ ആവേശം പകര്‍ന്നു.

എ.ഡി.ജി.പി അജിത് കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പൊലീസ് സേനക്കാകെ നാണക്കേടുണ്ടാക്കി. നിലമ്പൂര്‍ എം.എല്‍.എ തൊടുത്തുവിട്ട ബോംബ് എവിടെയൊക്കെയോ ചെന്ന് പതിച്ചെങ്കിലും അന്‍വറിനും കാലിടറുന്നത് കണ്ടു. പിടിച്ച് നില്‍ക്കാന്‍ നന്നേ പ്രയാസപ്പെടുന്നു.

മഴക്കാലദുരന്തം കേരളത്തിനെ വിടുന്നില്ല. ഇത്തവണ ഇരയായത് വായനാടിലെ മേപ്പാടിക്കടുത്തുള്ള ചൂരല്‍ മലയിലെ പാവങ്ങളായിരുന്നു. ഒരുരാത്രി കൊണ്ട് ഒരു ഗ്രാമം തന്നെ ഇല്ലാതായി. നിരവധിപേര്‍ മരിച്ചു. ബന്ധുക്കള്‍ മുഴുവനായി മരണപ്പെട്ടവര്‍, ഒരാള്‍ മാത്രം ബാക്കിയായവര്‍, അനാഥരായ കുഞ്ഞുങ്ങള്‍, സമ്പാദ്യം നഷ്ടപ്പെട്ടവര്‍ അങ്ങനെ കേരളം ഒരിക്കല്‍ക്കൂടി തേങ്ങിക്കരഞ്ഞു. സഹായഹസ്തങ്ങള്‍ രാജ്യത്തിന്റെ പലഭാഗത്തു നിന്നും ഒഴുകിയെത്തി. പുനരധിവാസ പദ്ധതികളുമായി സര്‍ക്കാരും രംഗത്തെത്തി. എല്ലാപിന്തുണയും കേന്ദ്രസര്‍ക്കാരും ഉറപ്പുനല്‍കി. പ്രധാനമന്ത്രി വന്നു. ദുരന്തസ്ഥലം കണ്ടു. പക്ഷെ നല്‍കിയ ഉറപ്പുകളൊന്നും കേന്ദ്രം പാലിച്ചില്ലെന്നത് പോയ വര്‍ഷം മലയാളിയെ വേദനിപ്പിച്ച വിഷയം. എന്നാല്‍ ഈ വര്‍ഷം കടന്നുപോകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കേന്ദ്രത്തില്‍ നിന്ന് ഒരറിയിപ്പെത്തി; വയനാട് ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തം. അത്രയെങ്കിലും സമാധാനം.

കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തിന് വഴിവെച്ച കാരണങ്ങള്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും സി.പി.എം നേതാവുമായ പി.പി ദിവ്യയുടെ രാജിയിലും ജയില്‍വാസത്തിലും എത്തിച്ചു. വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. കോടതിയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് എ.ഡി.എമ്മിന്റെ കുടുംബം.

ഇതിനിടയിലായിരുന്നു ഉപതിരഞ്ഞെടുപ്പുകള്‍. വയനാട്, പാലക്കാട്, ചേലക്കര എന്നിവ വിധിയെഴുതി. പാലക്കാട്ട് കോണ്‍ഗ്രസ് കള്ളപ്പണം നിറച്ച ട്രോളി ഇറക്കിയെന്ന വിവാദം ആവിയായി. പാലക്കാട്ടും വയനാട്ടിലും കോണ്‍ഗ്രസ് ജയിച്ചു. ചേലക്കരയില്‍ മാത്രം സി.പി.എമ്മും. വയനാട്ടില്‍ നിന്ന് ഇന്ദിരയുടെ പേരമകളും രാജീവ്ഗാന്ധിയുടെ പുന്നാര മകളുമായ പ്രിയങ്ക ഗാന്ധി ലോക്‌സഭയിലെത്തി.

മലയാള സിനിമാമേഖലയൊന്നാകെ കുലുങ്ങിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അഴിച്ചുവിട്ട കാറ്റും കോളും ഇപ്പോഴും അടങ്ങിയിട്ടില്ല. ഏതാണ്ട് നാലര വര്‍ഷം റിപ്പോര്‍ട്ടില്‍ ഒരു നടപടിയുമെടുക്കാത്ത സര്‍ക്കാര്‍ ഒടുവില്‍ വിവരാവകാശ കമ്മീഷണറുടേയും കോടതിയുടേയും കര്‍ശന ഉത്തരവ് കാരണം പുറത്തുവിടാന്‍ തയ്യാറായി. അതും പല പേജുകളും ഒളിപ്പിച്ചു വെച്ച്. തുടര്‍ന്ന് പലരും പീഡനകഥകളുമായി രംഗത്തെത്തി. മുകേഷ്, സിദ്ദിഖ്, സംവിധായകന്‍ രഞ്ജിത്ത് തുടങ്ങിയ താരങ്ങളെ അന്വേഷിച്ച് പൊലീസ് ഓടുന്നതും ഈ വര്‍ഷം കണ്ടു.

സി.പി.എമ്മില്‍ സമ്മേളനക്കാലമാണിപ്പോള്‍. പലയിടത്തും പാര്‍ട്ടിയുടെ ഐക്യം പ്രകടമായെങ്കിലും ചിലയിടത്തൊക്കെ തര്‍ക്കവും ഗ്രൂപ്പിസവും പുറത്തു ചാടി.

മുനമ്പത്തെ ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശം ഉന്നയിച്ചത് കേരളത്തില്‍ മാത്രമല്ല രാജ്യതലസ്ഥാനത്ത് പോലും ചര്‍ച്ചാവിഷയമായി. ഫാറൂഖ് കോളേജിന്റെ കയ്യില്‍ നിന്നും കാശുകൊടുത്തു വാങ്ങിയവര്‍ പോലും ഇറങ്ങേണ്ടിവരുമെന്ന ആശങ്ക ശക്തമായ പ്രക്ഷോഭത്തിലേക്കാണ് നയിച്ചത്. വഖഫ് ബോര്‍ഡിന്റെ അധികാരങ്ങളില്‍ നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രം ശ്രമിക്കുന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

ഫാറൂഖ് കോളേജിന് വഖഫ് ആയാണ് ഭൂമി കിട്ടിയതെന്ന് വാദം കാരണം നികുതി അടയ്ക്കാന്‍ പോലും ഗതിയില്ലാത്ത നൂറുകണക്കിന് മനുഷ്യരുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒടുവില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച ഉത്തരവ് സാധാരണ ജനങ്ങള്‍ക്ക് ഇരുട്ടടിയായി. പരീക്ഷാചോദ്യക്കടലാസിന്റെ ചോര്‍ച്ച വിദ്യാഭ്യാസ വകുപ്പിനെ ഉലച്ചു.

പോയവര്‍ഷങ്ങളിലെന്ന പോലെ സാംസ്‌കാരികകേരളത്തിന് വലിയ നഷ്ടം സംഭവിച്ച വര്‍ഷമാണ് ഇതും. എം.ടിയുടെ വേര്‍പാട് മലയാള ഭാഷയെ തന്നെ ശൂന്യമാക്കി. മലയാളസിനിമയിലെ അമ്മ കവിയൂര്‍ പൊന്നമ്മ, കനക ലത, ടി.പി മാധവന്‍, സംഗീതജ്ഞന്‍ കെ.ജി ജയന്‍, ഗായിക മച്ചാട്ട് വാസന്തി, വില്ലന്‍മാരായി ജനമനസ്സില്‍ ഇടം നേടിയ കീരിക്കാടന്‍ ജോസ്, മേഘനാഥന്‍, സംവിധായകരായ സംഗീത് ശിവന്‍, ഹരികുമാര്‍, ഒരുകാലത്ത് മലയാളികളെ ത്രസിപ്പിച്ച ഈണങ്ങള്‍ സൃഷ്ടിച്ച കെ.ജെ ജോയ്, കവി എന്‍.കെ ദേശം, നിരവധി ജീവനുകള്‍ക്ക് രക്ഷകനായ ഡോ. എം.എസ് വല്യത്താന്‍ തുടങ്ങി നിരവധി പേരാണ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. വേറെയും ഒരുപാടു പേരുണ്ട്.

ഷിരൂര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ പുഴയിലേക്കാണ്ടുപോയ അര്‍ജുന്‍ കരയിപ്പിച്ചത് മലയാളികളെ മുഴുവനുമായിരുന്നു. പ്രാര്‍ത്ഥനയോടെ എല്ലാവരും ദിവസങ്ങളോളം കാത്തിരുന്നുവെങ്കിലും അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. അര്‍ജുന്റെ രക്ഷാദൗത്യം വളരെയേറെ മാദ്ധ്യമശ്രദ്ധ കിട്ടിയ ഒരു വിഷയമായിരുന്നു. ഈ ദൗത്യത്തില്‍ കാര്‍ക്കള എം.എല്‍.എയുടെയും മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫിന്റെയും ഇടപെടല്‍ എടുത്തുപറയേണ്ടതാണ്.

മാസപ്പടിക്ക് ശേഷം മുഖ്യമന്ത്രി ഏറെ പ്രതിരോധത്തിലായ സംഭവമായിരുന്നു പി.ആര്‍ ഏജന്‍സിയുടെ ഇടപെടലോടെ വിവാദമായ ഹിന്ദുവിന് നല്‍കിയ അഭിമുഖം. വിഴിഞ്ഞത്ത് വലിയ കപ്പല്‍ വന്നതും അന്താരാഷ്ട്രശ്രദ്ധ കിട്ടുന്ന നിലവാരത്തിലേക്ക് തുറമുഖം വളരാന്‍ പോകുന്നതും പോയ വര്‍ഷത്തെ നല്ല വാര്‍ത്തയാണ്.

പ്രതീക്ഷയുടെ പുതിയ പുലരികളിലേക്ക് വാതില്‍ തുറന്ന് 2025 വരികയാണ്. ദുരന്തങ്ങളില്ലാത്ത വേദനകളില്ലാത്ത പുതിയൊരു വര്‍ഷം കടന്നുവരട്ടേയെന്ന് പ്രാര്‍ത്ഥിക്കുകയാണ്.






















Related Articles
Next Story
Share it