ഡോ. രോഹിണി അയ്യര്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ല. സി.പി.സി.ആര്.ഐയില്‍ ദീര്‍ഘകാലം ശാസ്ത്രജ്ഞയായിരുന്ന അവര്‍ കാസര്‍കോടിന് പരിചിതമാണ്. അവരുടെ ശാസ്ത്ര ലേഖനങ്ങള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ട്. കഥകളൊന്നുമെഴുതാത്ത കവിതകള്‍ മാത്രമെഴുതുന്ന രോഹിണി അയ്യര്‍ ഒരു വലിയ നോവലുമായി സഭാപ്രവേശം ചെയ്തിരിക്കുകയാണ്. സാക്ഷി എന്ന ഈ നോവല്‍ അവരുടെ ആത്മകഥനം കൂടിയാണ്.
കേരളത്തിലെ തമിഴ് ബ്രാഹ്മണരുടെ കഥയാണ് സാക്ഷിയിലൂടെ പറയുന്നത്. മലയാളത്തില്‍ ഇതിന് മുമ്പ് മലയാറ്റൂര്‍ രാമകൃഷ്ണനും പുതിയ എഴുത്തുകാരില്‍ ടി.കെ ശങ്കരനാരായണനും തമിഴ് ബ്രാഹ്മണരുടെ ജീവിതകഥ നോവലായി എഴുതിയിട്ടുണ്ടെങ്കിലും ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി മാതു എന്ന ബ്രാഹ്മണ സ്ത്രീയുടെ ജീവിതകഥ വിടര്‍ത്തി കൊണ്ടാണ് സാക്ഷി എന്ന നോവലിന്റെ ഇതിവൃത്തം എഴുത്തുകാരി രൂപപ്പെടുത്തിയിരിക്കുന്നത്. മരഗതം എന്ന മാതുവിന്റെ ജീവിതം വായിച്ച് പോകുന്ന വായനക്കാരന് സഞ്ചരിക്കുന്നത് എഴുത്തുകാരിയുടെ ഉള്ളില്‍ കൂടിയാണ്. എന്തെന്നാല്‍ മാതു രോഹിണി അയ്യര്‍ കൂടിയാണ്. അവരുടെ ആത്മകഥ കൂടിയാണ് ഈ നോവല്‍. മരഗതത്തിന്റെ ആത്മകഥനം. സാക്ഷിയുടെ കഥാസാരത്തിന് വ്യക്തത വരുത്തികൊണ്ട് എഴുത്തുകാരി തന്നെ പറയുന്നുണ്ട്. കേരളത്തിലെ വളരെ ചെറിയ സമൂഹമായ തമിഴ് ബ്രാഹ്മണര്‍ കൂട്ടുകുടുംബങ്ങളില്‍ നിന്നകന്ന് അണു കുടുംബങ്ങളിലേക്കും ആഗോള വ്യക്തിഗത ജീവിതങ്ങളിലേക്കും വഴിമാറിയതിനെക്കുറിച്ച്, കടല്‍ കടക്കുന്നത് ഒരു കാലത്ത് നിഷിദ്ധമായിരുന്ന ബ്രാഹ്മണ സമൂഹം കടല്‍ കടന്ന് പുതിയ ജീവിതങ്ങള്‍ കെട്ടിപ്പടുക്കാന്‍ വിദേശങ്ങളിലേക്ക് യാത്രയായതിനെക്കുറിച്ച്, യാഥാസ്തികരായ ബ്രാഹ്മണ സമൂഹങ്ങളില്‍ പില്ക്കാലത്ത് വന്ന ആചാരങ്ങളിലെ മാറ്റങ്ങളെക്കുറിച്ച് സാക്ഷി എന്ന നോവലില്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്നു. അവര്‍ക്ക് വേണ്ടി നോവലിലെ മരഗതം എന്ന മാതു കഥാകഥനം നടത്തുന്നു.
തഞ്ചാവൂരില്‍ നിന്നും തിരുനെല് വേലിയില്‍ നിന്നുമാണ് കേരളത്തിലേക്ക് ബ്രാഹ്മണ സമൂഹം എത്തിയത്. അവരില്‍ തഞ്ചാവൂരില്‍ നിന്നെത്തിയവര്‍ പാലക്കാടും തിരുനെല്‍വേലിയില്‍ നിന്നെത്തിയവര്‍ തിരുവനന്തപുരത്തും അഗ്രഹാരങ്ങള്‍ കെട്ടി. വീടിന് പുറത്ത് മലയാളവും വീട്ടില്‍ തമിഴും സംസാരിക്കുന്ന ഈ സമൂഹത്തിന്റെ വാമൊഴി ഭാഷയായ തമിഴ് മലയാളത്തിലാണ് സാക്ഷി എന്ന നോവലും രചിക്കപ്പെട്ടിരിക്കുന്നത്. മലയാളിക്ക് ചിരപരിചിതമായ വാമൊഴിയാണ് ഈ തമിഴ് മലയാളമെന്നതിനാല് നോവല്‍ പച്ച മലയാളം പോലെ തന്നെ സുഖമമായി പാരായണം നടത്താനുമാകുന്നു. ഭൂഉടമകളും പൗരോഹിത്യം മുഖ്യ തൊഴിലുമായിരുന്ന ബ്രാഹ്മണ സമൂഹം ഭൂപരിഷ്ക്കരണ നിയമം പ്രാബല്യത്തില്‍ വന്നതോടെ ഉപരി വിദ്യാഭ്യാസം നേടി മറ്റ് ജോലികളിലേക്ക് തിരിഞ്ഞതിനെക്കുറിച്ചും യാഥാസ്ഥികരില്‍ വന്ന ശീലങ്ങളുടെ മാറ്റങ്ങളെക്കുറിച്ചും രോഹിണി അയ്യര്‍ വിശദമാക്കുന്നുണ്ട്. സംഗീതത്തിന് വലിയ പ്രാധാന്യം കൊടുക്കുന്ന ബ്രാഹ്മണ സമൂഹത്തിലെ ശക്തമായ സ്ത്രീകഥാപാത്രമാണ് ഈ നോവലിലെ നായികയായ മാതു.
താത്താവിന്റെ രാമനാഥപുരം എന്ന ഗ്രാമത്തെക്കുറിച്ച് പറഞ്ഞ് കൊണ്ടാണ് മാതു വിശാലവും തീര്‍ത്തും വ്യത്യസ്തവുമായ അഗ്രഹാരകഥകളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ട് പോകുന്നത്. ആചാരങ്ങളും ശാസ്ത്രവും തമ്മിലുള്ള ആദ്യ അധ്യായത്തിലെ കശപിശ തന്നെ വായനക്കാരനെ വശീകരിക്കും. അതിങ്ങനെയാണ്, അഗ്രഹാര തെരുവിന്റെ അതിര്‍ത്തിയില്‍ വലിയ ഒരു കുളമുണ്ട്. തീണ്ടാരിയായ പെണ്ണുങ്ങള് നാലു കുളിക്കാന്‍ വരുന്ന കുളം.
‘തമ്പീ, കൊഞ്ചം ഉപ്പും വാങ്കികൊണ്ടുവായേന്’ എന്ന് മാതുവിനോടാരെങ്കിലും പറയും.
‘എന്തിനാ ഉപ്പും അരിശിയും’ എന്ന് മാതു.
‘അതാകും ശാസ്ത്രം’ എന്ന് ഉത്തരം. മാതുവിനുമറിയാം. ശാസ്ത്രം എന്ന് പറഞ്ഞാല്‍ അതിനപ്പുറം ഒന്നും ചോദിക്കാന്‍ പാടില്ലെന്ന്.
‘എന്തിനാ മുറ്റത്ത് ചാണകമൊഴിക്കുന്നത്?’ അതാണ് ശാസ്ത്രം.
‘എന്തിനാണ് വിശേഷ ദിവസങ്ങളിലൊക്കെ വാതിലില്‍ മാവില കെട്ടുന്നത്’ അതാണ് ശാസ്ത്രം. ഉത്തരം പറയാന്‍ വയ്യാത്തതൊക്കെ ‘ശാസ്ത്രം’ എന്ന് പറഞ്ഞ് രക്ഷപ്പെടും. താത്താ മാത്രമല്ല പാട്ടിയും, മാമാവും അങ്ങനെ എല്ലാവരും. യുക്തികൊണ്ട് നേരിടാനാവാത്ത ഒരഗ്രഹാര മിത്തിന്റെ അകത്തളങ്ങളിലേക്ക് മാതു പ്രവേശിക്കുമ്പോള്‍ വായനക്കാരും ആ കഥാനായികയോടൊപ്പം ഉള്ളറകളിലേക്ക് പ്രവേശിക്കുന്നു. അത്രമാത്രം സ്വാധീനം മാതുവിന് ഈ നോവലില്‍ കൈവരിക്കാനാവുന്നുണ്ട്. അഗ്രഹാരങ്ങളില്‍ പിന്നീട് വന്ന ശക്തമായ പെണ് സ്വാധീനത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും സ്വരത്തിന്റേയും പ്രചോദനമായ ഒരു മുന്‍ഗാമിയാണ് മാതു. ഫെമിനിസമില്ലാതിരുന്ന കാലത്തെ ഒരു ഫെമിനിസ്റ്റാണ് മാതു എന്ന മരഗതം. ജീവിതത്തെ ഒരു സമരം പോലെ നയിക്കുകയാണ് ഈ കഥാനായിക. സംഗീതം, ഗൃഹപാഠം, പഠനം, നൃത്തം അങ്ങനെ നിരന്തരം കഠിനാധ്വാനത്തിന്റെ പാതയിലൂടെ മാതു എന്ന നായിക ഉയരങ്ങള്‍ കീഴടക്കുകയാണ്. അവര്‍ കൈവരിച്ച ഉന്നതി എഴുത്തുകാരിയായ രോഹിണി അയ്യരുടെ കൂടിയാണ്. മാതു രോഹിണി അയ്യരുടെ ആത്മഛായ തന്നെയാണ്. നോവലിലെ ഒറ്റപെണ്ണായി മാതു വളരുകയാണ്. സാക്ഷി എഴുതാന്‍ തുടങ്ങിയതിനെക്കുറിച്ച് ഈ പുസ്തകത്തില്‍ തന്നെ രോഹിണി അയ്യര്‍ പറയുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവരിതിന്റെ ഒന്നാം ഭാഗം എഴുതിയത്. പിന്നീട് എഴുത്ത് നിന്നു. തന്നെ ബാധിച്ച പാര്‍ക്കിന്‍സണ്‍സ് രോഗവും അതിന്റെ ചികിത്സയും കാരണം നോവലിന്റെ തുടരെഴുത്ത് നടക്കാതെ പോയി. രോഹിണി അയ്യരെ ചികിത്സിച്ച ഡോ. ചന്ദ്ര എന്ന ന്യൂറോളജിസ്റ്റ് ദിവസേന രണ്ട്, മൂന്ന് പേജെങ്കിലുമെഴുതാന് അവരെ നിര്‍ദ്ദേശിച്ചു. തുടര്‍ന്നാണ് നോവലിന്റെ ബാക്കി ഭാഗം എഴുതാന്‍ തുടങ്ങിയത്. പിന്നീട് കിഡ്നി രോഗവും ശല്യപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ നോവലെഴുത്ത് നിന്നു. ഒരിടവേളക്ക് ശേഷമാണ് സാക്ഷി അവര്‍ എഴുതിപൂര്‍ത്തിയാക്കിയത്.
നോവലിലെ ചില വാക്കുകള്‍ വായനക്കാരെ കൊളുത്തി വലിക്കും. ഒരു ഉദാഹരണം മാതു അവരുടെ മകള്‍ വിജയലക്ഷ്മിയുടെ ശൈശവം സാക്ഷ്യപ്പെടുത്തുന്നതാണ്. നോവലില്‍ മാതു പറയുന്നു. ഇവളെ ഞാനൊന്നെടുത്തു. നല്ല ഉറക്കമായിരുന്നവള് കണ്ണ് മെല്ലെ ഒന്ന് തുറന്ന് വീണ്ടും അടച്ചു. After a moment she again opened her eyes. എന്നിട്ട് മെല്ലെ എന്നെ ഒരു നോട്ടം. എന്റെ കണ്ണിലേക്ക്. ഒരു Laser beam പോലെ. ഇത്ര കൂര്‍ത്ത് നോക്കുമോ കുഞ്ഞുങ്ങള്‍.
ധാരാളം തമിഴ് വാക്കുകള്‍ ഈ നോവലില്‍ കടന്ന് വരുന്നത് സ്വാഭാവികമാണ്. തമിഴ് മലയാളമാണ് ഈ നോവലിന്റെ ജീവനാഡി. അതേസമയം ചില ഇംഗ്ലീഷ് പദങ്ങള്‍ അതേപടി നോവലിസ്റ്റ് ചേര്‍ത്തിട്ടുമുണ്ട്. അതും ഈ നോവലിന് അതിന്റെ ചേല് കൂട്ടുന്നു. നോവലിന്റെ അവതാരികയില്‍ നിരൂപകനും വിവര്‍ത്തകനുമായ കെ.വി കുമാരന് നിരീക്ഷിച്ചത് പോലെ നോവലിലെ തമിഴ് മൊഴികള്‍ വായനക്കാര്‍ക്ക് പരിചിതമാക്കാന് 446 അടിക്കുറിപ്പുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും അവയുടെ സഹായമില്ലാതെ തന്നെ ഈ നോവല്‍ വായിച്ച് പോകാവുന്നതേ ഉള്ളൂ. ഉന്നത വിദ്യാഭ്യാസമുള്ളവരുടെ സംഭാഷണങ്ങളില്‍ നിന്നാണ് ഇംഗ്ലീഷിന്റെ അതിപ്രസരവും നോവലിലേക്കെത്തിയത്.
വാക്കുകള്‍ ഈ നോവലിന്റെ ആകര്‍ഷണം മാത്രമല്ല. കൃതിയിലുടനീളം അതൊരു ആഘോഷം കൂടിയാണ്.
മുന്നൂറിലധികം പേജുകളുള്ള ഈ നോവല്‍ മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് എഴുതപ്പെട്ടിരിക്കുന്നത്. ബാല്യം, യൗവ്വനം, വാര്‍ധക്യം എന്നിങ്ങനെ. നിസ്സാരമല്ല അതിന്റെ എഴുത്തുവഴി. ജീവിതം മുഴുക്കെ ഇങ്ങനെ പറയുക എന്ന് പറഞ്ഞാല്‍ അത് ശ്രമകരവുമാണ്. മൂന്ന് ജീവിതാവസ്ഥകള്‍ എഴുത്തുകാരി ഓര്‍ത്തെടുക്കവെ മൂന്ന് കാലങ്ങളാണ് നോവലില്‍ അടയാളപ്പെട്ട് കിടക്കുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് 1944ല്‍ ജനിച്ച രോഹിണി അയ്യര്‍ തന്റെ 80-ാം വയസ്സടുക്കുമ്പോഴാണ് 2023ല്‍ ഈ വലിയ നോവല്‍ എഴുതി പൂര്‍ത്തിയാക്കിയതെന്നത് മറ്റൊരു വിസ്മയം. മറ്റൊരുകാര്യം കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ നിന്ന് വിരമിച്ച ശേഷം സ്വന്തം ഗ്രാമമായ കൊല്ലം ജില്ലയിലെ കരിനാഗപള്ളിയില് താമസിക്കുന്ന രോഹിണി അയ്യരുടെ ഈ നോവല്‍ പ്രസിദ്ധീകരിച്ചത് കാസര്‍കോടുള്ള പ്രസിദ്ധീകരണശാലയാണ്. കാസര്‍കോട് ചിന്നയുടെ നേതൃത്വത്തിലുള്ള പത്മഗിരി പ്രകാശനശാലയാണ് പുസ്തകത്തിന്റെ പ്രസാധകര്.
എം.ടിയുടെ നാല്കെട്ടും, കാലവും വായിച്ചപ്പോഴാണ് നമ്മള് നായര്‍ തറവാടുകളുടെ ശ്ലഥചിത്രങ്ങളറിഞ്ഞത്. ഒ.വി വിജയന്റെ ഖസാക്കിലൂടെയും, പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ സ്മാരക ശിലകളിലൂടെയും, എന്‍.പി മുഹമ്മദിന്റെ ദൈവത്തിന്റെ കണ്ണിലൂടെയും മറ്റൊരു കാലവും കഥയും, മലയാറ്റൂര്‍ രാമകൃഷ്ണന്റെ അയ്യര്‍ കഥകള്‍ നേരത്തെ മലയാളത്തിന് ലഭിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്നൊക്കെ വേറിട്ട് നില്ക്കുന്ന അഗ്രഹാര കഥയാണ് രോഹിണി അയ്യരുടെ സാക്ഷി എന്ന നോവല്‍. അവസാനമത് ഒരു തേങ്ങലായിതന്നെ ഉള്ളില്‍ നില്ക്കും. എങ്ങനെയെന്നാല്‍ കഥാനായിക മാതു അവസാനമായി ഈ നോവലില്‍ പറയുന്നതുപോലെ. ഈ വാര്‍ധക്യത്തില്‍ അങ്ങനെ ഞാന്‍ ഓള്‍ഡ് എയ്ജ് ഹോമിലേക്ക് മാറി. എന്റെ തമ്പുരുവും ഓര്മ്മകളുമെടുത്ത് ഞാനിറങ്ങി. പെറ്റ മക്കള്‍ക്കൊരു ഭാരമാകാതെ, ഒറ്റയ്ക്ക് ഈ വീട്ടില്‍ ഒരു പ്രേതത്തിനെപോലെ കഴിയാതെ, എല്ലാ മാറ്റങ്ങള്‍ക്കും എന്നും ഒരു സാക്ഷിയായി.
ഓര്‍മ്മകളുടെ വിരുന്ന് മാത്രമല്ല. ഏകാകിയുടെ നൊമ്പരം കൂടിയാണ് രോഹിണി അയ്യരുടെ സാക്ഷി.
മധൂര്‍ ഷെരീഫ്