ക്ഷേമപെന്‍ഷന്‍ തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടി വേണം

സര്‍ക്കാര്‍ ജോലി ചെയ്ത് മാന്യമായി ശമ്പളം വാങ്ങുന്നവരില്‍ ഒരു വിഭാഗം പാവപ്പെട്ട ജനങ്ങള്‍ക്ക് ലഭിക്കുന്ന ക്ഷേമ പെന്‍ഷനിലും കയ്യിട്ടുവാരിയെന്ന വിവരം തെളിവുസഹിതമാണ് പുറത്തുവന്നത്. ഈ കൊടിയ അനീതിക്കെതിരെ സംസ്ഥാന വ്യാപകമായി കടുത്ത പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. ക്ഷേമ പെന്‍ഷന് അര്‍ഹതപ്പെട്ടവര്‍ യഥാസമയം അത് ലഭിക്കാത്തതുകാരണം അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. മരുന്നിനും അത്യാവശ്യം ചികിത്സകള്‍ക്കുമൊക്കെ വയോജനങ്ങള്‍ക്ക് ക്ഷേമ പെന്‍ഷന്‍ പ്രയോജനപ്പെടുന്നുണ്ട്.

സര്‍ക്കാര്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി ക്ഷേമ പെന്‍ഷന്‍ വിതരണത്തെയും പ്രതികൂലമായി ബാധിക്കുകയാണ്. ഇതിനിടയിലാണ് ഒരു വിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കുന്ന ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് പുറത്തുവന്നിരിക്കുന്നത്. ഇത്തരക്കാര്‍ക്കെതിരെ സാധാരണ നടപടി പോരെന്നും കടുത്ത നടപടി തന്നെ വേണമെന്നുമാണ് പൊതുവികാരം. കൃത്യമായി സര്‍ക്കാറിന്റെ ശമ്പളം എണ്ണിവാങ്ങുന്നവര്‍ തന്നെ ക്ഷേമ പെന്‍ഷനിലും കയ്യിട്ടുവാരുന്നത് അങ്ങേയറ്റം ലജ്ജാവഹവും ജുഗുപ്‌സാവഹവുമാണ്. സര്‍വീസ് ചട്ടത്തിനും നിയമത്തിനും സാമാന്യനീതിക്കും വിരുദ്ധമായ പ്രവൃത്തി കൂടിയാണിത്. ഏതാനും ജീവനക്കാര്‍ക്കെതിരെയാണ് ആദ്യ ഘട്ടത്തില്‍ നടപടിയുണ്ടായത്. തുടര്‍ന്ന് കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ നടപടിയാരംഭിച്ചിരിക്കുകയാണ്.

പെന്‍ഷനില്‍ കയ്യിട്ട് വാരിയ 373 ജീവനക്കാര്‍ക്കെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തത് സ്വാഗതാര്‍ഹം തന്നെയാണ്.

അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിയുമുണ്ടാകും. തട്ടിപ്പ് നടത്തിയവരുടെ പട്ടികയില്‍ അറ്റന്‍ഡര്‍മാരും ക്ലര്‍ക്കും നഴ്‌സിംഗ് അസിസ്റ്റന്റുമാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത.

അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അനര്‍ഹര്‍ക്ക് കയറിക്കൂടാന്‍ അവസരം ഒരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ ക്ഷേമപെന്‍ഷന്‍കാരുടെ അര്‍ഹത വിലയിരുത്തി മുന്നോട്ട് പോകാനാണ് തീരുമാനം.

അതേസമയം അനര്‍ഹരിലേക്ക് പെന്‍ഷനെത്തുന്നതില്‍ സര്‍ക്കാര്‍ ഉത്തരവിലെ പഴുതുകളും കാരണമാകുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം പഴുതുകള്‍ ഇല്ലാതാക്കാനുള്ള ജാഗ്രത അനിവാര്യമാണ്. കുറ്റക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടികള്‍ക്കൊപ്പം അവര്‍ക്കെതിരെ നിയമപരമായ കടുത്ത ശിക്ഷാ നടപടികള്‍ നല്‍കേണ്ടത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അനിവാര്യമാണ്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it