ബേക്കലില്‍ തെളിഞ്ഞു പ്രതീക്ഷയുടെ ലാന്റേണുകള്‍; കാര്‍ണിവല്‍ സമാപനത്തില്‍ പതിനായിരങ്ങള്‍
ബേക്കല്‍: പുതുവര്‍ഷപ്പിറവിയില്‍ ബേക്കലില്‍ കടലിരമ്പത്തിനൊപ്പം ആര്‍ത്തിരമ്പുകയായിരുന്നു ജനസഹസ്രങ്ങള്‍. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പതിനായിരങ്ങളാണ് ബേക്കല്‍ ബീച്ചിലെത്തിയത്. ബേക്കല്‍ ബീച്ച് കാര്‍ണിവലിന്റെ സമാപന ദിവസം കൂടിയായ ഡിസംബര്‍ 31ന്റെ രാത്രി ആഘോഷരാവായി മാറുകയായിരുന്നു. പുതുവര്‍ഷപ്പിറവിയുടെ ആരവം മുഴങ്ങിയതോടെ നൂറുകണക്കിന് ലാന്റേണ്‍ ദീപങ്ങള്‍ ആകാശത്തേക്കുയര്‍ന്നു. 2025ലെ പ്രതീക്ഷകളും സ്വപ്‌നങ്ങളും വാനോളമുയരട്ടെയെന്ന സന്ദേശവുമായി ലാന്റേണുകള്‍ ഇരുണ്ട ആകാശത്തില്‍ ഉയര്‍ന്നു. പുതുവര്‍ഷാഘോഷത്തില്‍ പങ്കാളികളാകാനെത്തിയവര്‍ ലാന്റേണ്‍ ദീപങ്ങള്‍ തെളിച്ചു. പിന്നെ ബേക്കലിന്റെ കടലിനൊപ്പം ആകാശവും ഇരുട്ടില്‍ തിളങ്ങി. ഒപ്പം വര്‍ണച്ചാര്‍ത്തുമായി കരിമരുന്ന് പ്രയോഗം.
ബേക്കല്‍ ബീച്ച് പാര്‍ക്കും റെഡ് മൂണ്‍ ബീച്ച് പാര്‍ക്കും ബി.ആര്‍.ഡി.സിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച 10 നാളുകള്‍ നീണ്ട ബേക്കല്‍ ബീച്ച് കാര്‍ണിവലിന്റെ സമാപനം കൂടിയായിരുന്നു അത്. മേളപ്പെരുമയ്ക്ക് പേരുകേട്ട ഗുരുവാദ്യ സംഘം അവതരിപ്പിച്ച് ശിങ്കാരിമേളവും കൊച്ചിന്‍ ലേഡി ഡി.ജെയും വാട്ടര്‍ ഡ്രംസും കോഴിക്കോട് നിസരി ബാന്റ് അവതരിപ്പിച്ചന്ന സംഗീത വിരുന്നും സമാപന ദിവസത്തെ നിറമുള്ളതാക്കി. പത്ത് ദിവസം നീണ്ട ബേക്കല്‍ ബീച്ച് കാര്‍ണിവല്‍ കാണാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കര്‍ണാടകയില്‍ നിന്നും നിരവധി പേരാണ് എത്തിയത്.