കാസര്‍കോട്: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ റിമാണ്ടില്‍ കഴിയുന്ന ബാഡൂര്‍ എ.എല്‍.പി സ്കൂള്‍ അധ്യാപിക ഷേണി ബെല്‍ത്തക്കല്ലിലെ സചിതാറൈ (27)ക്കെതിരെ കാസര്‍കോട് പൊലീസും കേസെടുത്തു. മൊഗ്രാല്‍ പുത്തൂരിലെ പി.എ നഫീസത്ത് സിഫാനയുടെ പരാതിയിലാണ് കേസ്. സചിതാറൈ ജോലി വാഗ്ദാനം ചെയ്ത് 1,40,000 രൂപ തട്ടിയെടുത്തുവെന്നാണ് പരാതിയില്‍ പറയുന്നത്.
കാസര്‍കോട് ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നിലവില്‍ സചിതാറൈക്കെതിരായ തട്ടിപ്പ് കേസുകളില്‍ അന്വേഷണം നടത്തുന്നത്. ജോലി വാഗ്ദാനം ചെയ്ത് അടുത്ത സുഹൃത്തുക്കളില്‍ നിന്നും പരിചയക്കാരില്‍ നിന്നുമായി 1.18 കോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.
സചിതാറൈയും തട്ടിപ്പ് സംഘത്തിലുള്ള ഒരാളും തമ്മിലുള്ളതെന്ന് കരുതുന്ന ഫോണ്‍ സംഭാഷണം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത് പൊലീസ് പരിശോധിച്ചുവരികയാണ്. ഉദ്യോഗാര്‍ത്ഥികളുടെ പട്ടിക സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അത് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുമെന്നും ശബ്ദസന്ദേശത്തില്‍ വ്യക്തമാക്കുന്നു. നിലവില്‍ ഭക്ഷ്യവകുപ്പിന്റെ ഒഴിവിലാണ് വിളിച്ചിട്ടുള്ളതെന്നും 224 പേര്‍ക്ക് ജോലി നല്‍കിക്കഴിഞ്ഞതായും ശബ്ദ സന്ദേശത്തിലുണ്ട്. 18 പേര്‍ക്ക് മാത്രമാണ് ഇനി കിട്ടാനുള്ളതെന്നും ഇത് ഉടന്‍ ശരിയാകുമെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു.
ജോലി ലഭിക്കുമെന്ന പ്രതീക്ഷയില്‍ പണം നല്കാന് തയ്യാറാകുന്നവരെ കേള്‍പ്പിച്ച് അവരില്‍ വിശ്വാസമുറപ്പിക്കാനാണ് ഇങ്ങനെയൊരു സന്ദേശമുണ്ടാക്കിയതെന്നാണ് സംശയം.