തിരുവനന്തപുരം: കേരളത്തിന് വലിയ പ്രതീക്ഷകളുടെ ചൂളം വിളിയുമായി തലസ്ഥാന നഗരിയില്‍ നിന്ന് കാസര്‍കോട്ടേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ്സിന്റെ ആദ്യ ഓട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി പച്ചക്കൊടി വീശി. ഇന്ന് രാവിലെ 11 മണിയോടെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വിദ്യാര്‍ത്ഥികളടക്കം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് വന്ദേഭാരതില്‍ ആദ്യ യാത്ര അനുവദിച്ചു. ട്രെയിനിന്റെ സി 1 കോച്ചില്‍ കയറിയ പ്രധാനമന്ത്രി സി 2 കോച്ചിലേക്ക് നടന്ന് വന്ന് വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തി. മുണ്ടും ഷര്‍ട്ടുമായിരുന്നു പ്രധാനമന്ത്രിയുടെ വേഷം.
10.20 ഓടെ തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി 10.50 ഓടെയാണ് തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിയത്. തലസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രിക്ക് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. വഴിയോരത്ത്കൂടി നിന്ന ജനങ്ങളെ അഭിവാദ്യം ചെയ്താണ് മോദി സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോയത്. വാഹനത്തിന്റെ ഡോറ് തുറന്ന് അദ്ദേഹം ജനങ്ങളെ അഭിവാദ്യം ചെയ്തു. വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മേയര്‍ ആര്യ രാജേന്ദ്രന്, ശശിതരൂര്‍ എം.പി, മന്ത്രി ആന്റണി രാജു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.