ന്യൂഡല്‍ഹി: പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കോവിഡ് വാക്സിന് നിര്‍മ്മാണ കമ്പനിയായ ‘ആസ്ട്രാസെനേക്ക’ കൊവിഷീല്‍ഡ് പിന്‍വലിച്ചു. ഉത്പാദനവും വിതരണവും ആഗോളതലത്തില്‍ പൂര്‍ണമായി അവസാനിപ്പിക്കുന്നതായാണ് കമ്പനിയുടെ അറിയിപ്പ്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും കമ്പനി തീരുമാനമാനിച്ചിട്ടുണ്ട്. ‘ടെലഗ്രാഫ്’ പത്രമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ ഉള്ളതുകൊണ്ടല്ല വാക്സിന് പിന്‍വലിക്കുന്നതെന്നും തങ്ങളുടെ വില്പന കുത്തനെ കുറഞ്ഞുപോയതിനാലാണ് പിന്‍വലിക്കുന്നതെന്നുമാണ് കമ്പനിയുടെ വിശദീകരണം.
കോവിഡ് വാക്സിന് എടുത്ത 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യു.കെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്. ഇതിന് പിന്നാലെ കമ്പനി തന്നെ യു.കെ ഹൈക്കോടതിയില്‍ പാര്‍ശ്വഫലങ്ങളുള്ളതായി സമ്മതിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിന് ആണ്. കനത്ത ആശങ്കയാണ് ഇത് ഇന്ത്യയില്‍ സൃഷ്ടിച്ചിട്ടുള്ളത്.
അതിനിടെ പാര്‍ശ്വഫലങ്ങളെ കുറിച്ച് ആശങ്കപ്പെടേണ്ടെന്നും തങ്ങളുടെ വാക്സിനെടുത്ത അപൂര്‍വ്വം ചിലരില്‍ മാത്രം രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടി.ടി.എസ് എന്ന അവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നുമാണ് കമ്പനി കോടതിയെ അറിയിച്ചിരുന്നു.