കാഞ്ഞങ്ങാട്: വീട്ടില്‍ ഉറങ്ങി കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം ഉപേക്ഷിച്ചു. കാഞ്ഞങ്ങാട് പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ ഇന്ന് പുലര്‍ച്ചെ 3 മണിക്കാണ് നാടിനെ നടുക്കിയ സംഭവം. വല്യച്ഛന് പുലര്‍ച്ചെ പശുവിനെ കറക്കാനായി പുറത്തിറങ്ങിയ സമയത്ത് വീടിനകത്ത് കയറിയ അക്രമി ഉറങ്ങി കിടന്ന പെണ്‍കുട്ടിയെ തട്ടിയെടുത്ത് സ്ഥലം വിടുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ കാതിലെ ആഭരണം കവര്‍ന്ന ശേഷം ഉപേക്ഷിക്കുകയായിരുന്നു. വീടിന് 500 മീറ്റര്‍ അകലെയാണ് പെണ്‍കുട്ടിയെ ഉപേക്ഷിച്ചത്. തൊട്ടടുത്ത വീട്ടിലെത്തി കോളിംഗ് ബെല്ലടിച്ച ശേഷം വീട്ടുകാരോട് പെണ്‍കുട്ടി വിവരം പറയുകയായിരുന്നു. ഇവരാണ് കുട്ടിയെ സ്വന്തം വീട്ടിലെത്തിച്ചത്. വല്യുമ്മയുടെയും വല്യച്ഛന്റെയും കൂടെയാണ് പെണ്‍കുട്ടി പതിവായി കിടന്നുറങ്ങാറുള്ളത്. എന്നാല്‍ വല്യുമ്മ കഴിഞ്ഞദിവസം വിനോദയാത്രയ്ക്ക് പോയതിനാല്‍ വല്യച്ഛന് മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളൂ. വല്യച്ഛന് പശുവിനെ കറക്കാനായി പുറത്തേക്ക് ഇറങ്ങിയതോടെ കുട്ടി തനിച്ചായി. ഈ സമയത്താണ് അക്രമി വീട്ടില്‍ കയറി കുട്ടിയെ തട്ടിക്കൊണ്ട് പോയത്. മുന്‍വശത്തുകൂടിയാണ് അകത്തു കയറിയതെന്ന് കരുതുന്നു. അടുക്കള ഭാഗത്ത് കൂടിയായിരിക്കണം തിരികെ പോയത്. അടുക്കള ഭാഗത്തെ വാതിലും തുറന്നിട്ട നിലയിലാണ്. ഗല്ലി എന്ന സ്ഥലത്ത് ഇടവഴിയിലാണ് കുട്ടിയെ ഉപേക്ഷിച്ചത്. വായ പൊത്തി, ചുമലില്‍ കിടത്തിയാണ് കുട്ടിയെ കൊണ്ടുപോയതെന്നും ഉറക്കമുണര്‍ന്ന കുട്ടി ബഹളം വെച്ചപ്പോള്‍ അക്രമി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്.
കണ്ണിനും കഴുത്തിനും പരിക്കേറ്റ കുട്ടിയെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ പൊലീസ് മേധാവി പി. ബിജോയി, ഡി.വൈ.എസ്.പി. ലതീഷ്, ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ എം.പി ആസാദ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. പ്രതിക്കായി വ്യാപകമായ അന്വേഷണം തുടരുകയാണ്. സി.സി.ടി.വി ഉള്‍പ്പെടെ പരിശോധിക്കുന്നതായി പൊലീസ് പറഞ്ഞു.