ലക്നൗ: ഹഥ്റാസ് കൂട്ടബലാത്സംഗക്കേസില്‍ വിവാദ ഇടപെടലുകള്‍ നടത്തിയ ജില്ലാ മജിസ്ട്രേറ്റ് ഉള്‍പ്പെടെ 16 ഐഎഎസ് ഓഫീസര്‍മാരെ സ്ഥലംമാറ്റി. കേസ് പരിഗണിക്കേണ്ടിയിരുന്ന ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്സറിനേയാണ് യുപി സര്‍ക്കാര്‍ സ്ഥലം മാറ്റിയത്. മിര്‍സാപൂരിലെ ജില്ലാ മജിസ്ട്രേറ്റായാണ് പ്രവീണ്‍ കുമാര്‍ ലക്സറിനെ മാറ്റി നിയമിച്ചത്. യു.പിയിലെ ജാല് നിഗം അഡീഷണ്‍ മജിസ്ട്രേറ്റ് രമേശ് രഞ്ജനാണ് നിലവില്‍ ഹഥ്റാസ് കേസിന്റെ ചുമതല നല്‍കിയിരിക്കുന്നത്.
കൂട്ട ബലാല്‍സംഗക്കേസ് അന്വേഷണത്തില്‍ ഇടപെടലുകള്‍ നടത്തിയ ജില്ലാ മജിസ്ട്രേറ്റിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. കോടതിയുടെ ഇടപെടലിനു ആഴ്ചകള്‍ക്കു ശേഷമാണ് ഹാഥ്റസ് ജില്ലാ മജിസ്ട്രേറ്റായ പ്രവീണ്‍ കുമാര്‍ ലക്സ്കറിനെ സ്ഥലം മാറ്റുന്നത്. ‘മാധ്യമങ്ങളൊക്കെ ഉടനേ പോകും ഞങ്ങള്‍ മാത്രമേ പിന്നീട് കാണൂ, ഇനിയെന്താണ് വേണ്ടതെന്ന് നിങ്ങള്‍ തീരുമാനിക്കൂ…’ എന്ന് പറഞ്ഞ മൊഴി മാറ്റാന്‍ വേണ്ടി പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന മജിസ്ട്രേറ്റിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.
2020 സെപ്റ്റംബര്‍ 14നാണ് ഹഥ്റാസില് ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ സെപ്റ്റംബര്‍ 29ന് പെണ്‍കുട്ടി മരിച്ചു. കുടുംബത്തിന്റെ അനുവാദമില്ലാതെ പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചതുള്‍പ്പെടെ യുപി പൊലീസിന്റെ ഇടപെടല്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമാകുകയും സംഭവം രാജ്യമാകമാനം പ്രതിഷേധങ്ങള്‍ക്ക് കാരണമാകുകയും ചെയ്തിരുന്നു.