അഹമ്മദാബാദ്: ഇന്ത്യ വികസിത രാജ്യമാകാതിരിക്കാന്‍ ആഗ്രഹിക്കുന്ന ചില വിദേശ ശക്തികള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. ഇന്ത്യയിലെ ജനങ്ങള്‍ ഇത് ചെറുത്ത് തോല്‍പ്പിക്കുമെന്നും മോദി പറഞ്ഞു. അഹമ്മദാബാദിലെ നിഷാന്‍ സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്തിയത്. എല്ലാവരും വോട്ടെടുപ്പില്‍ പങ്കാളികളാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
മുസ്ലിങ്ങളെ വോട്ട് ബാങ്കായി മാത്രം നിര്‍ത്താനുള്ള ചില പാര്‍ട്ടികളുടെ ശ്രമത്തെ തിരിച്ചറിയണമെന്ന് മോദി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ പോലും മാറുന്നത് മുസ്ലിങ്ങള്‍ കാണണം. ഏകാധിപത്യ നീക്കങ്ങള്‍ നടത്തിയത് കോണ്‍ഗ്രസാണെന്നും മോദി കുറ്റപ്പെടുത്തി. പ്രജ്വല്‍ രേവണ്ണയുടേത് ഹീനമായ കുറ്റകൃത്യമാണെന്നും പ്രജ്വലിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മോദി പറഞ്ഞു. ഒരു സമുദായക്കാര്‍ വോട്ട് ചെയ്യുന്നത് വരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടി എടുത്തില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷമാക്കണമെന്നും ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ എല്ലാ ജനാധിപത്യ രാജ്യങ്ങള്‍ക്കും മാതൃകയാണെന്നും മോദി പറഞ്ഞു.