മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ വന്‍ സ്വര്‍ണ്ണവേട്ട. മൂന്നു യാത്രക്കാരില്‍ നിന്നായി രണ്ടുകോടിയിലേറെ രൂപയുടെ സ്വര്‍ണ്ണവും കാസര്‍കോട് സ്വദേശിയില്‍ നിന്ന് യു.എ.ഇ ദിര്‍ഹവും പിടികൂടി. രണ്ടു യാത്രക്കാര്‍ 2358 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ മിശ്രിതം ക്യാപ്സ്യൂള്‍ രൂപത്തിലാണ് കൊണ്ടുവന്നത്. ജിദ്ദയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എത്തിച്ചേര്‍ന്ന മലപ്പുറം വള്ളുവങ്ങാട് സ്വദേശി ഹസീക് മുപ്പിനിക്കാടന്‍ (31), കുവൈറ്റില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ഫ്ളൈറ്റില്‍ എത്തിച്ചേര്‍ന്ന കോഴിക്കോട് അടിവാരം സ്വദേശി നൗഷാദ് അലി എന്നിവരാണ് പിടിയിലായത്. ഇവര്‍ സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. യഥാക്രമം 1272 ഗ്രാം, 1086 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതം നാലു വീതം ക്യാപ്സ്യൂളുകളാണ് കസ്റ്റംസ് ഇവരില്‍ നിന്ന് പിടികൂടിയത്. മലപ്പുറം പൂന്താനം സ്വദേശി ചോലക്കല്‍ ഷഫീഖ് ആണ് പിടിയിലായ മൂന്നാമത്തെ യാത്രക്കാരന്.
എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ജിദ്ദയില്‍ നിന്നും എത്തിച്ചേര്‍ന്ന ഇയാളെ കസ്റ്റംസ് സംശയത്തെ തുടര്‍ന്ന് ചോദ്യം ചെയ്തു. ഷഫീഖ് കൊണ്ടുവന്ന ബാഗ് പരിശോധിച്ചപ്പോഴാണ് എമര്‍ജന്‍സി ലാമ്പില്‍ ഒളിപ്പിച്ച സ്വര്‍ണ്ണ ബിസ്ക്കറ്റ് കണ്ടെത്തിയത്. 1499 ഗ്രാം തൂക്കം വരുന്നതും 85,74,280 രൂപ വിപണി മൂല്യമുള്ളതുമായ 9 സ്വര്‍ണ്ണ ബിസ്ക്കറ്റുകളാണ് ഇയാളില്‍നിന്ന് പിടികൂടിയത്.
മറ്റൊരു കേസില്‍ വിദേശത്തേക്ക് രേഖകളില്ലാതെ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യു.എ.ഇ ദിര്‍ഹം ആണ് പിടികൂടിയത്. മസ്കറ്റിലേക്ക് ഫ്ളൈറ്റില്‍ പോകാനെത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദലി(53)യില്‍ നിന്നും 17430 യു.എ.ഇ ദിര്‍ഹമാണ് കസ്റ്റംസ് കണ്ടെത്തി പിടികൂടിയത്. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്റെ ആകെ മൂല്യം 2.2 കോടിയിലധികം വരും.