മുംബൈ: ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ്, നടി തപ്സി പന്നു എന്നിവരുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. നികുതിവെട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് നടപടി. ഇരുവരുടെയും വീടുകള്‍ കൂടാതെ താമസ സ്ഥലങ്ങളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി. മുംബൈയിലും പൂനെയിലുമുള്ള 20 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ഇക്കൂട്ടത്തില്‍ ഒരു ടാലന്റ് ഏജന്‍സി, അനുരാഗ് കാശ്യപിന്റെ ഉടമസ്ഥതയിലുള്ള ഫാന്റം ഫിലിംസ്, നിര്‍മ്മാതാവ് മധു മണ്ടേനയുടെ ഓഫീസ് എന്നിവയും ഉള്‍പ്പെടും.
കേന്ദ്രസര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനമുന്നയിക്കുന്നവരാണ് അനുരാഗ് കശ്യപും തപ്സി പന്നുവും. ഇതിനെതിരെയുള്ള പ്രതികാര നടപടിയാണോ ഈ റെയ്ഡെന്ന് ചോദ്യമുയര്‍ന്നിട്ടുണ്ട്. പ്രധാമന്ത്രി നരേന്ദ്ര മോഡിയെയും കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായെയും പേരെടുത്ത് പലതവണ വിമര്‍ശിക്കുകയും അനുരാഗ് കശ്യപ് പൗരത്വ നിയമഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ ശക്തമായി പ്രതികരിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞയാഴ്ചകളില്‍ കര്‍ഷക സമരത്തെ അനുകൂലിച്ച് തപ്സി പന്നുവും രംഗത്തെത്തിയിരുന്നു. ‘ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തിന് പരിഭ്രമം ഉണ്ടാക്കിയെങ്കില്‍, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ അലോസരപ്പെടുത്തിയെങ്കില്‍, ഒരു ഷോ നിങ്ങളുടെ മതവിശ്വാസത്തെ അലട്ടിയെങ്കില്‍, നിങ്ങളുടെ മൂല്യവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കേണ്ടത് നിങ്ങളാണ്, അല്ലാതെ മറ്റുള്ളവര്‍ എന്ത് പറയണമെന്ന് പഠിപ്പിക്കുന്ന പ്രൊപ്പഗണ്ട അധ്യാപകര്‍ ആവുകയല്ല വേണ്ടത്’, തപ്സി ട്വീറ്റ് ചെയ്തിരുന്നു. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ വെള്ളപൂശി ട്വീറ്റ് ചെയ്ത സച്ചിന് ടെന്‍ഡുല്‍ക്കറടക്കമുള്ള സെലിബ്രിറ്റികള്‍ക്കെതിരെയും തപ്സി പ്രതികരിച്ചിരുന്നു.