തിരുവനന്തപുരം: മസാല ബോണ്ട് വിഷയത്തില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡി (കിഫ്ബി) നെതിരായ എന്‍ഫോഴ്സ്മെന്റ് അന്വേഷണം സംശയാസ്പദമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2019ല്‍ നല്കിയ പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇപ്പോള്‍ കേസ് എടുത്തത് നല്ല ഉദ്ദേശത്തോടെയല്ലെന്നും സിപിഎം-ബിജെപി കൂട്ടുകെട്ടിന്റെ ഭാഗമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.
വികസനത്തെ അട്ടിമറിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ശ്രമിക്കുന്നുവെന്ന് പറയാന്‍ ഇടതുമുന്നണിക്ക് അവസരം കൊടുക്കുന്ന നീക്കമാണിത്. 2019ല്‍ കൊടുത്ത പരാതിയിലാണ് ഇപ്പോഴത്തെ കേസ്. ബിജെപിയും സിപിഎമ്മും തമ്മില്‍ പരസ്പര ധാരണയുണ്ടെന്നും തോമസ് ഐസക്കിന്റേത് സുരക്ഷിതമായിരുന്നുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു.
ശ്രീ എമ്മിന് നാലേക്കര്‍ കൊടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിഗൂഢത നിറഞ്ഞതാണ്. ശ്രീ എമ്മുമായി എന്ത് ബന്ധമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യ ബന്ധത്തിന് പാരിതോഷികമായാണ് ശ്രീ എമ്മിന് ഭൂമി ലഭിച്ചത്. ഇത് അപകടകരമായ ബന്ധമാണ്. ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും ചെന്നിത്തല പറഞ്ഞു.