ന്യൂഡല്‍ഹി: അത്യന്തം നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യല്‍ തുടരുന്നു. ഇ.ഡി അഡീഷണല്‍ ഡയറക്ടര്‍ കപില്‍ രാജാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം ഇന്ന് തന്നെ കെജ്രിവാളിനെ വിചാരണക്കോടതിയില്‍ ഹാജരാക്കും. ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ദ് സോറനെ അറസ്റ്റ് ചെയ്തതും കപില്‍ രാജാണ്. ബി.ആര്.എസ് നേതാവ് കെ. കവിതയ്ക്കൊപ്പവും കെജ്രിവാളിനെ ചോദ്യം ചെയ്യും. അതിനിടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഓഫീസിലേക്ക് എ.എ.പി മന്ത്രിമാരുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. മന്ത്രിമാരായ അതിഷിയുടെയും സൗരഭ് ഭരദ്വാജിന്റെയും നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. അതിഷി അടക്കമുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രി മോദിക്കും കേന്ദ്രസര്‍ക്കാറിനുമെതിരെ മുദ്രാവാക്യമുയര്‍ത്തിയായിരുന്നു മാര്‍ച്ച്. പ്രവര്‍ത്തകരെ പൊലീസ് നേരിട്ട രീതി സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. പ്രവര്‍ത്തകരെ വലിച്ചിഴച്ചാണ് പൊലീസ് വാഹനങ്ങളില്‍ കയറ്റിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഗതാഗത തടസം നേരിട്ടു. ഇന്നലെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇ.ഡി കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാത്രി 7.05ന് ഇ.ഡി സംഘമെത്തി രാത്രി 9.11ന് അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു. രാത്രി 11.10നാണ് ഇ.ഡിയുടെ ഓഫീസിലേക്ക് കൊണ്ടുപോയത്. അതേസമയം, കെജ്രിവാളിന് പിന്തുണയുമായി പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കെജ്രിവാളിന്റെ കുടുംബവുമായി ഫോണില്‍ സംസാരിച്ചു. ജനരോഷം നേരിടാന്‍ ബി.ജെ.പി ഒരുങ്ങിക്കൊള്ളൂ എന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പ്രതികരിച്ചു. അതേസമയം, കെജ്രിവാളിന്റെ രാജി ആവശ്യപ്പെടുന്നതു സംബന്ധിച്ച് ലെഫ്. ഗവര്‍ണര്‍ നിയമോപദേശം തേടിയിട്ടുണ്ട്. കെജ്രിവാളിന്റെ കുടുംബം വീട്ടു തടങ്കലിലെന്ന് മന്ത്രി ഗോപാല്‍ റായ് ആരോപിച്ചു. മാതാപിതാക്കള്‍ക്ക് വൈദ്യസഹായം എത്തിക്കാന്‍ സമ്മതിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.