തിരുവനന്തപുരം: മുദ്രാവാക്യങ്ങളുമായി മുന്നണികള്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ അംഗത്തിനൊരുങ്ങിക്കഴിഞ്ഞു. ഭരണം തിരിച്ചുപിടിക്കാമെന്ന ലക്ഷ്യത്തോടെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണ മുദ്രാവാക്യം ബുധനാഴ്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു. നാട് നന്നാകാന്‍ യുഡിഎഫ് എന്നതാണ് ഐക്യജനാധിപത്യമുന്നണിയുടെ മുദ്രാവാക്യം. എന്നാല്‍ ഇടതുപക്ഷം ഒരു മുഴം മുമ്പെ മുദ്രാവാക്യവുമായി പൊതുയിടങ്ങള്‍ കയ്യടക്കിക്കഴിഞ്ഞു. ഉറപ്പാണ് എല്‍ഡിഎഫ് എന്നതാണ് ഇത്തവണ ഇടതുപക്ഷത്തിന്റെ മുദ്രാവാക്യം.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്കൊപ്പം വാക്കുനല്‍കുന്നു യുഡിഎഫ് എന്നും പരസ്യത്തിലുണ്ട്. ഐശ്വര്യ കേരളത്തിനായി വോട്ട് ചെയ്യാമെന്നതാണ് അഭ്യര്‍ത്ഥനയെന്നും ഐശ്വര്യകേരളം ലോകോത്തര കേരളം എന്ന തലക്കെട്ടില്‍ പ്രകടന പത്രിക പുറത്തിറക്കുമെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് പറഞ്ഞു. സര്‍ക്കാരിന്റെ അഴിമതികള്‍ ഉള്‍പ്പടെ യുഡിഎഫ് പ്രചരണ വിഷയമാക്കും. പിആര്‍ഡി പരസ്യത്തിലെ പൊള്ളത്തരം പുറത്ത് കൊണ്ട് വരും. പ്രകടനപത്രിക തയ്യാറാക്കി വരികയാണെന്നും ചെന്നിത്തല വ്യക്തമാക്കി.
‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്നതിനൊപ്പം ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം എന്നിങ്ങനെയാണ് ഇടതുപക്ഷത്തിന്റെ ഉപതലക്കെട്ടുകള്‍. മുഖ്യമന്ത്രിയുടെ ചിത്രത്തോടെയാണ് പരസ്യ ബോര്‍ഡുകള്‍ തയാറാക്കിയിരിക്കുന്നത്. വളരെ ലളിതമായ മുദ്രാവാക്യം പലരുടെയും മനസില്‍ പതിഞ്ഞുകഴിഞ്ഞു. എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന കഴിഞ്ഞ തവണത്തെ ഇടതുമുന്നണി മുദ്രാവാക്യവും 2016ലെ തെരഞ്ഞെടുപ്പില്‍ ഏറെ ഓളം സൃഷ്ടിച്ചിരുന്നു. ഇന്നും പലരുടെയും മനസില്‍ മായാതെ കിടക്കുകയാണ് ആ വരികള്‍. വളരണം ഈ നാട്.. തുടരണം ഈ ഭരണം എന്നതായിരുന്നു അന്ന് യുഡിഎഫിന്റെ പ്രചരണമുദ്രാവാക്യം. എന്നാല്‍ ഭരണം തുടരാന്‍ ജനങ്ങള്‍ അനുവദിച്ചില്ല. എല്ലാം ശരിയാകുമെന്ന ഇടതുപക്ഷത്തിന്റെ വാക്കില്‍ അവര്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ വോട്ടര്‍മാര്‍ ഇടതുപക്ഷത്തിന്റെ ഉറപ്പില്‍ വിശ്വാസമര്‍പ്പിക്കുമോ അതോ നാട് നന്നാക്കാന്‍ യുഡിഎഫിനെ ഏല്‍പ്പിക്കുമോ എന്നത് കണ്ടറിയണം.